ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങൾക്കിടയിലും രാജസ്ഥാനെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് തങ്ങളുടെ സൂപ്പർ ഓപ്പണർ ജയസ്വാളിന്റെ മോശം ബാറ്റിംഗ് പ്രകടനങ്ങളാണ്.
നിരന്തരമായി ഇടംകയ്യൻ പേസ് ബോളർമാർക്ക് മുന്നിൽ ജയസ്വാൾ പരാജയപ്പെടുന്നതാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കണ്ടിട്ടുള്ളത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 184 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ രാജസ്ഥാനായി റൺസ് നേടാൻ ജയസ്വാളിന് സാധിച്ചില്ല. ടോപ്ലേയുടെ പന്തിൽ ജയസ്വാൾ പുറത്താവുകയായിരുന്നു. ഇതിന് ശേഷം ജയസ്വാളിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര സംസാരിച്ചത്. “മത്സരത്തിൽ ജയസ്വാൾ ഔട്ടായി. അത് എനിക്ക് ചെറിയ രീതിയിൽ ആശങ്കകൾ നൽകുന്നുണ്ട്. ഇതുവരെ ഐപിഎല്ലിൽ കളിച്ച 4 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ജയസ്വാൾ പുറത്തായത് ഇടംകയ്യൻ പേസർമാർക്കെതിരെയാണ്. എന്താണ് ജയസ്വാൾ ഈ ചെയ്യുന്നത്? ദയവുചെയ്ത് നന്നായി ബാറ്റ് ചെയ്യാൻ ശ്രമിക്കൂ. റൺസ് കണ്ടെത്തു. നല്ലൊരു താരം തന്നെയാണ് ജയസ്വാൾ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ജയസ്വാൾ പുറത്തായെങ്കിലും മത്സരത്തിൽ ബട്ലർ മികവ് പുലർത്തി.”- ആകാശ് ചോപ്ര പറയുന്നു.
“തന്റെ നൂറാമത്തെ മത്സരത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായാണ് ഇപ്പോൾ ബട്ലർ മാറിയിരിക്കുന്നത്. മുമ്പ് കെഎൽ രാഹുൽ മാത്രമാണ് ഇത്തരത്തിൽ നൂറാം മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടുള്ളത്. മത്സരത്തിന്റെ അവസാന പന്തിലായിരുന്നു ബട്ലർ സെഞ്ചുറി സ്വന്തമാക്കിയത്. ജയിക്കാൻ ഒരു റൺ ആവശ്യമുള്ള സമയത്ത് ബട്ലർ ഒരു തകർപ്പൻ സിക്സർ നേടുകയായിരുന്നു. 172 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കാൻ ബട്ലർക്ക് സാധിച്ചു. മാത്രമല്ല അവസാന നിമിഷം വരെ അവൻ ക്രീസിൽ നിൽക്കുകയും ചെയ്തു.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
“ബട്ലർക്കൊപ്പം സഞ്ജു സാംസനും തന്റെ ജോലി ഭംഗിയായി തന്നെ നിർവഹിക്കുകയുണ്ടായി. ഇത്തരത്തിൽ മുൻ നിരയിൽ രണ്ടുപേരെങ്കിലും കളിച്ചാൽ മാത്രമേ മത്സരത്തിൽ വിജയം നേടാൻ സാധിക്കൂ. ആ കർത്തവ്യം മത്സരത്തിൽ സഞ്ജു സാംസനും ബട്ലറും നന്നായി തന്നെ നിർവഹിച്ചു. അതിഗംഭീരമായ പ്രകടനമാണ് സഞ്ജു സാംസൺ മത്സരത്തിൽ കാഴ്ചവച്ചത്. ബട്ലർ ഇന്നിങ്സിന്റെ തുടക്കത്തിൽ പതിയെ ആയിരുന്നു ആരംഭിച്ചത്. മത്സരത്തിന്റെ ആറാം ഓവറിന് ശേഷമാണ് ബട്ലർ തന്റെ ഇന്നിംഗ്സിന്റെ വേഗത വർധിപ്പിച്ചത്.”- ആകാശ് ചോപ്ര പറഞ്ഞു വെക്കുന്നു.