ജയസ്വാൾ അല്ല, ഇന്ത്യയ്ക്കായി അത്ഭുതങ്ങൾ കാട്ടാൻ പോവുന്നത് അവനാണ്. ധവാൻ പറയുന്നു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിനായി വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് ജയസ്വാൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു ഈ താരം കാഴ്ചവെച്ചത്. കേവലം 9 ഇന്നിങ്‌സുകളിൽ നിന്ന് 712 റൺസ് പരമ്പരയിൽ സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു.

അതിനാൽ തന്നെ ജയസ്വാൾ ഇന്ത്യയുടെ ഭാവിതാരമാണ് എന്ന രീതിയിൽ ചർച്ചകളും പുരോഗമിക്കുകയാണ്. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്ത്യയ്ക്കായി അത്ഭുതങ്ങൾ കാട്ടാൻ സാധ്യതയുള്ള താരമായി മറ്റൊരു ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ താരം ശിഖർ ധവാൻ. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാതിരുന്ന ഋഷഭ് പന്തിനെ പറ്റിയാണ് ധവാൻ പറയുന്നത്.

കാർ അപകടത്തിൽ പരിക്കേറ്റ പന്തിന് ഒന്നര വർഷമായി ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ വളരെയേറെ കഠിനപ്രയത്നത്തിലൂടെ പന്ത് തിരികെ ടീമിലേക്ക് എത്തുകയാണ് ഉണ്ടായത്. പന്തിന്റെ മടങ്ങിവരവിനെ പ്രശംസിച്ചു കൊണ്ടാണ് ധവാൻ സംസാരിച്ചത്.

പെട്ടെന്ന് ഇങ്ങനെ ഒരു തിരികെ വരവിന് കാരണമായത് പന്തിന്റെ പോസിറ്റീവായ മനോഭാവമാണ് എന്ന് ധവാൻ വിവരിക്കുന്നു. അതിനാൽ തന്നെ ഇന്ത്യക്കായി ഭാവിയിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ പന്തിന് സാധിക്കുമെന്നാണ് ധവാൻ പറയുന്നത്.

“ഋഷഭ് പന്ത് ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരുന്നത് എനിക്ക് ഒരുപാട് ആവേശം നൽകുകയും സന്തോഷം നൽകുകയും ചെയ്യുന്നു. വലിയൊരു അപകടത്തിൽ നിന്നാണ് അവൻ തിരികെ വരുന്നത്. ദൈവത്തിന് വലിയ നന്ദി. കഴിഞ്ഞ ഒരു വർഷമായി ഒരുപാട് കഠിന പ്രയത്നങ്ങൾ അവൻ ചെയ്തിട്ടുണ്ട്. മാത്രമല്ല വളരെ പോസിറ്റീവായ മനോഭാവമാണ് അവനുള്ളത്. ഒരു സമയത്ത് അമിതമായ വേദന മൂലം അവന് ചലിക്കാൻ പോലും സാധിക്കുമായിരുന്നില്ല.”

“ആദ്യ കുറച്ച് മാസങ്ങളിൽ അവന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചിരുന്നില്ല. ശൗചാലയത്തിൽ പോകാൻ പോലും അവന് മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്ന് ഒരുപാട് ക്ഷമയും ധൈര്യവും പോസിറ്റീവ് ചിന്താഗതിയും ഉയർത്തി കാട്ടിയാണ് പന്ത് തിരികെ വന്നിരിക്കുന്നത്. അതൊരു വലിയ കാര്യമാണ്. ഇതവന് കൂടുതൽ ശക്തി നൽകും എന്നത് എനിക്ക് ഉറപ്പാണ്. മാത്രമല്ല നമ്മുടെ രാജ്യത്തിനായി ഇനിയും അത്ഭുതങ്ങൾ തീർക്കാൻ അവന് സാധിക്കുമെന്നതും ഞാൻ വിശ്വസിക്കുന്നു.”- ധവാൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പന്തിന് ബിസിസിഐയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അതിനാൽ തന്നെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കാൻ സാധിക്കും.

ടൂർണമെന്റിൽ മികവ് പുലർത്തിയാൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലും പന്ത് സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കുന്നത്. പന്ത് മികച്ച ഫോമിലേക്ക് തിരികെ വന്നാൽ ഇന്ത്യയെ സംബന്ധിച്ചും അത് ഒരുപാട് ഗുണം ചെയ്യും.

Previous articleമിന്നി തിളങ്ങി മിന്നു മണി. 2 വിക്കറ്റ് നേട്ടം. ഡല്‍ഹി ഫൈനലില്‍
Next article“നിങ്ങൾ പോയി വിരമിക്കൂ”- ഉടക്കാൻ വന്ന ആൻഡേഴ്സന് ഗിൽ കൊടുത്ത മറുപടി.