ചെപ്പോക്കില്‍ ചെന്നൈ തന്നെ രാജാക്കന്‍മാര്‍. ഗുജറാത്ത് ടൈറ്റന്‍സിനു വമ്പന്‍ തോല്‍വി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിൽ ഗുജറാത്തിനെ 63 റൺസിനാണ് പൂട്ടിക്കെട്ടിയത്. മത്സരത്തിൽ ചെന്നൈക്കായി മുൻനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ശിവം ദുബെ ചെന്നൈക്കായി അർദ്ധസെഞ്ച്വറി സ്വന്തമാക്കിയപ്പോൾ ഋതുരാജ്, രചിൻ രവീന്ദ്ര എന്നിവർ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഒപ്പം ബോളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ചെന്നൈ വിജയം നുണയുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈയ്ക്ക് ഓപ്പണർ രചിൻ രവീന്ദ്ര നൽകിയത്. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും ഗുജറാത്ത് ബോളർമാരെ പഞ്ഞിക്കിടാൻ രവീന്ദ്രയ്ക്ക് സാധിച്ചു. 20 പന്തുകൾ നേരിട്ട രവീന്ദ്ര 46 റൺസാണ് മത്സരത്തിൽ നേടിയത്.

6 ബൗണ്ടറികളും 3 സിക്സറുകളും രവീന്ദ്രയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. നായകൻ ഋതുരാജ് തന്റേതായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിച്ചത്. 36 പന്തുകൾ നേരിട്ട് ഋതുരാജ് 46 റൺസ് ആണ് നേടിയത്. ശേഷം മധ്യനിരയിൽ ചെന്നൈക്കായി വെടിക്കെട്ട് തീർത്തത് ശിവം ദുബെ ആയിരുന്നു.

മധ്യ ഓവറുകളിൽ പൂർണ്ണമായും ഗുജറാത്തിനെ അടിച്ചൊതുക്കാൻ ദുബെയ്ക്ക് സാധിച്ചു. 23 പന്തുകൾ നേരിട്ട ദുബെ 2 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 51 റൺസ് ആണ് സ്വന്തമാക്കിയത്. ഒപ്പം അവസാന ഓവറുകളിൽ യുവതാരം സമീർ റിസ്വി സിക്സറുകൾ സ്വന്തമാക്കിയതോടെ ചെന്നൈ നിശ്ചിത 20 ഓവറിൽ 206 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മത്സരത്തിൽ ഒരു സമയത്ത് പോലും ആധിപത്യം പുലർത്താൻ സാധിച്ചില്ല. പലപ്പോഴും സ്കോറിങ് റേറ്റ് ഉയർത്തുന്നതിനിടെ ഗുജറാത്തിന് വിക്കറ്റുകൾ നഷ്ടമായി. ചെന്നൈക്കായി ദീപക് ചാഹർ അടക്കമുള്ള ബോളർമാർ മികവു പുലർത്തി.

ഗുജറാത്ത് നിരയിൽ 31 പന്തുകളിൽ 37 നേടിയ സായി സുദർശനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റു ബാറ്റർമാർക്ക് ചെന്നൈ ബോളിംഗിന് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഇതോടെ ഗുജറാത്ത് ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കേവലം 143 റൺസിന് ഗുജറാത്തിനെ പിടിച്ചു കെട്ടാൻ ചെന്നൈക്ക് സാധിച്ചു. മത്സരത്തിൽ 63 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയുടെ 2024 ഐപിഎല്ലിലെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്.

Previous articleപ്രായമൊക്കെ വെറും നമ്പറല്ലേ. പറവയായി മഹേന്ദ്ര സിങ്ങ് ധോണി. തകര്‍പ്പന്‍ ക്യാച്ച്.
Next articleശിവം ഡൂബൈക്ക് ധോണി വക സ്പെഷ്യല്‍ ക്ലാസ്. വെളിപ്പെടുത്തി റുതുരാജ് ഗെയ്ക്വാദ്