ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനു 28 റണ്‍സിന്‍റെ പരാജയം. എറിഞ്ഞിട്ട് മായങ്ക്.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ മൂന്നാം പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ലക്നൗവിനെതിരായ ആവേശകരമായ മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ലക്നൗവിനായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഡികോക്ക് ആയിരുന്നു.

ഡികോക്കിന്റെ അർത്ഥസെഞ്ച്വറിയുടെ ബലത്തിലാണ് ലക്നൗ വമ്പൻ സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിനെ 3 വിക്കറ്റുകൾ സ്വന്തമാക്കിയ യുവതാരം മായങ്ക് യാദവാണ് എറിഞ്ഞിട്ടത്. എന്തായാലും ലക്നൗ ടീമിനെ സംബന്ധിച്ച് വലിയൊരു വിജയം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ലക്നൗ മുൻപിലേക്ക് വച്ചത്. ഓപ്പണർ ഡികോക്കാണ് ലക്നൗവിനായി ആദ്യ സമയങ്ങളിൽ മികവ് പുലർത്തിയത്. ഇന്നിംഗ്സിലൂടനീളം ബാംഗ്ലൂർ ബോളർമാരെ അടിച്ചു തൂക്കാൻ ഡികൊക്കിന് സാധിച്ചു.

മത്സരത്തിൽ 56 പന്തുകൾ നേരിട്ട് ഡികോക്ക് 81 റൺസാണ് സ്വന്തമാക്കിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും ഡികൊക്കിന്റെ ഈ കിടിലൻ ഇന്നിങ്സിൽ ഉൾപ്പെട്ടു. മറ്റു ബാറ്റർമാർ ഡികോക്കിനൊപ്പം ചെറിയ സംഭാവനകൾ നൽകിയതോടെ ലക്നൗവിന്റെ സ്കോർ കുതിക്കുകയായിരുന്നു.

ഒപ്പം അവസാന ഓവറുകളിൽ മധ്യനിരയിൽ നിക്കോളാസ് പൂറൻ അടിച്ചുതകർത്തതോടെ ലക്നൗ വളരെ നല്ല നിലയിൽ എത്തി. 21 പന്തുകൾ നേരിട്ട പൂറൻ 40 റൺസാണ് മത്സരത്തിൽ നേടിയത്. ഒരു ബൗണ്ടറിയും 5 സിക്സറുകളും പൂറന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ലക്നൗ നിശ്ചിത 20 ഓവറുകളിൽ 181 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനായി മികച്ച തുടക്കം തന്നെ കോഹ്ലി നൽകി.

എന്നാൽ നിർണായക സമയത്ത് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായതോടെ ബാംഗ്ലൂർ പതറി. പിന്നീട് തുടർച്ചയായി ബാംഗ്ലൂരിന് വിക്കറ്റുകൾ നഷ്ടമാവുകയും ടീം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. മുൻനിരയിൽ ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് പട്ടിദാരാണ്. 21 പന്തുകൾ നേരിട്ട പട്ടിദാർ 29 റൺസ് ആണ് സ്വന്തമാക്കിയത്.

ശേഷം നിരന്തരം വിക്കറ്റുകൾ നഷ്ടമായത് ബാംഗ്ലൂരിനെ മത്സരത്തിൽ ബാധിക്കുകയായിരുന്നുm എന്നാൽ ഇതിനിടെ മധ്യനിരയിൽ മഹിപാൽ ലോംറോർ ബാംഗ്ലൂരിനായി പൊരുതി. മറ്റു ബാറ്റർമാർ കളിമറന്നപ്പോൾ ലോംറോർ എങ്ങനെയും ടീമിനെ വിജയത്തിൽ എത്തിക്കാനുള്ള പരിശ്രമമാണ് നടത്തിയത്.

മത്സരത്തിൽ 13 പന്തുകൾ നേരിട്ട് ലോംറോർ മൂന്ന് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം 33 റൺസ് ആണ് സ്വന്തമാക്കിയത്. എന്നാൽ ലോംറോറിന്റ വിക്കറ്റ് നഷ്ടമായതോടെ ബാംഗ്ലൂർ പൂർണമായി പരാജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്.