“മുംബൈ ആരാധകർ ഒന്നോർക്കണം.. ഹാർദിക് പാണ്ഡ്യയും ഒരു മനുഷ്യനാണ്.”- വിമർശനവുമായി രവി ശാസ്ത്രി..

hardik pandya ipl 2024

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ആരാധകർക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ ആരാധകരിൽ നിന്ന് ഹർദിക് പാണ്ഡ്യയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് രവി ശാസ്ത്രി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹർദിക് പാണ്ഡ്യ മുംബൈ ആരാധകരിൽ നിന്ന് കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ട് എന്ന് രവി ശാസ്ത്രി പറഞ്ഞു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ ആദ്യ 3 മത്സരങ്ങളിലും ടീം പരാജയം അറിഞ്ഞിരുന്നു. എന്നാൽ പുതിയ ക്യാപ്റ്റന് ഈ വെല്ലുവിളികളെ നേരിട്ട് മികച്ച ഫലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ സമയം കൊടുക്കേണ്ടതുണ്ട് എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.

മുംബൈയുടെ രാജസ്ഥാനെതിരായ മത്സരം വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു നടന്നത്. മത്സരത്തിൽ പല സമയത്തും ഹർദിക് പാണ്ഡ്യക്കെതിരെ, ഗാലറിയിൽ ഉണ്ടായിരുന്ന മുംബൈ ആരാധകർ കൂകി വിളിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ആരാധകർക്ക് മറുപടിയുമായി രവി ശാസ്ത്രീ രംഗത്ത് എത്തിയത്.

“കഴിഞ്ഞ വർഷങ്ങളിലൊക്കെയും നിങ്ങൾ ആ ടീമിന് ആവശ്യമായ പിന്തുണ നൽകിയതാണ്. കേവലം 2-3 മത്സരങ്ങൾ പരാജയപ്പെട്ടതോടെ ഒരിക്കലും ആ ടീം മോശമാവില്ല. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കിയ ടീമാണ് അവർ. ഇപ്പോൾ അവർക്കുള്ളത് പുതിയൊരു ക്യാപ്റ്റനാണ്. അതുകൊണ്ടുതന്നെ നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ട്. കാരണം അയാളും നമ്മളെപ്പോലെ തന്നെ ഒരു മനുഷ്യനാണ്. മത്സര ദിവസത്തിന് ശേഷം അയാൾക്ക് നമ്മളെ പോലെ തന്നെ കിടന്നുറങ്ങേണ്ടതുണ്ട്. അതിനാൽ തന്നെ മുംബൈ ആരാധകർ കുറച്ചൂകൂടെ ശാന്തത പുലർത്തുക.”- രവി ശാസ്ത്രി പറയുന്നു.

See also  മര്യാദക്ക് പെരുമാറൂ. ആരാധകരോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം.

“എനിക്ക് ഹർദിക് പാണ്ഡ്യയോട് ഒരു ചെറിയ കാര്യം മാത്രമാണ് പറയാനുള്ളത്. ശാന്തത പുലർത്തുക, ക്ഷമ കാണിക്കുക, ചുറ്റുമുള്ള കാര്യങ്ങളെ അവഗണിച്ചുകൊണ്ട് മത്സരത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കുറച്ചു നല്ല പ്രകടനങ്ങൾ വരും മത്സരങ്ങളിൽ ടീമിൽ നിന്നുണ്ടാകും. അതോടുകൂടി നിങ്ങൾ മികച്ച ഒരു ടീമായി മാറും. വരാനിരിക്കുന്ന 3-4 മത്സരങ്ങളിൽ വിജയം സ്വന്തമാക്കാനായാൽ ഇത്തരത്തിലുള്ള മുഴുവൻ ബഹളങ്ങളും ഇല്ലാതാവും. കാര്യങ്ങളൊക്കെയും മാറിമറിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ശാസ്ത്രി കൂട്ടിച്ചേർത്തു.

മത്സരത്തിനിടെ ആരാധകർ രോഹിത്തിന്റെ പേര് പറഞ്ഞ് ആർപ്പു വിളിച്ചതിനെതിരെയും ശാസ്ത്രി സംസാരിച്ചിരുന്നു. “ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരമല്ല. ഇതൊരു ഫ്രാഞ്ചൈസി ക്രിക്കറ്റാണ്. അവർ ഒരുപാട് കാശു മുടക്കിയാണ് തങ്ങളുടെ ടീം കെട്ടിപ്പടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരാണ് ഈ മത്സരത്തിലെ യഥാർത്ഥ അവകാശികൾ. അതുകൊണ്ടുതന്നെ തങ്ങളുടെ ഫ്രാഞ്ചൈസികൾക്ക് ആരും ക്യാപ്റ്റനായി വരണമെന്ന് തീരുമാനിക്കാനുള്ള അവകാശവും ഈ അവകാശികൾക്കുണ്ട്.”- ശാസ്ത്രീ പറഞ്ഞു വയ്ക്കുന്നു.

Scroll to Top