ഹൈദരാബാദിനെതിരായ മത്സരത്തിൽ 51 പന്തുകളിലാണ് സൂര്യകുമാർ യാദവ് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. സൂര്യയുടെ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു മുംബൈ 7 വിക്കറ്റുകൾക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. സൂര്യകുമാറിന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്.
ഇതോടെ ഒരു റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി 2 സെഞ്ചുറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് സൂര്യകുമാർ തന്റെ പേരിൽ ചേർത്തത്. മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയും ടീമിനായി 2 സെഞ്ച്വറികൾ ഐപിഎല്ലിൽ നേടിയിട്ടുള്ള താരമാണ്.
രോഹിതിന് ശേഷമാണ് സൂര്യകുമാർ ഈ വമ്പൻ നേട്ടം കയ്യടക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഒരു മുംബൈ താരത്തിന്റെ എട്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. സൂര്യകുമാറിനും രോഹിത് ശർമയ്ക്കും പുറമേ സനത് ജയസൂര്യ, സച്ചിൻ ടെണ്ടുൽക്കർ. സിമൺസ്, ക്യാമറോൺ ഗ്രീൻ എന്നിവരും മുംബൈ ഇന്ത്യൻസിനായി സെഞ്ചുറി സ്വന്തമാക്കിയവരാണ്.
ജയസൂര്യ 2008ൽ ചെന്നൈക്കെതിരെ ആയിരുന്നു 114 റൺസ് സ്വന്തമാക്കിയത്. സച്ചിൻ 2018ൽ കൊച്ചി ടസ്കേഴ്സിനെതിരെ തന്റെ സെഞ്ച്വറി നേടുകയുണ്ടായി. സിമൺസ് പഞ്ചാബ് കിംഗ്സിനെതിരെ 2014 സീസണിലാണ് സെഞ്ച്വറി നേടിയത്. 2023ൽ ഹൈദരാബാദിനെതിരെ കാമറോൺ ഗ്രീനും സെഞ്ച്വറി നേടിയിരുന്നു.
മത്സരത്തിൽ 174 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി. ഇഷാൻ കിഷൻ, രോഹിത് ശർമ, നമൻ ദിർ എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ മുംബൈയ്ക്ക് നഷ്ടമായത്.
ശേഷമാണ് സൂര്യകുമാർ യാദവും തിലക് വർമയും ക്രീസിലുറച്ച് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. കേവലം 13.1 ഓവറുകളിലാണ് ഇരുവരും ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ആദ്യ 3 ഓവറുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ മുംബൈയ്ക്ക് വലിയ ഉണർവാണ് സൂര്യയും തിലകും ചേർന്ന് നൽകിയത്.
30 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ മത്സരത്തിലെ തന്നെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്. ഇതിന് ശേഷം പതിനെട്ടാം ഓവറിൽ നടരാജനെതിരെ സിക്സർ നേടി സൂര്യയ്ക്ക് തന്റെ രണ്ടാം സെഞ്ച്വറി കുറിയ്ക്കാനും സാധിച്ചു. ഇതിനിടെ സൂര്യകുമാർ തന്റെ ഫിറ്റ്നസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു.
ഇന്നിംഗ്സിന്റെ പല സമയത്തും റൺസ് ഓടിയെടുക്കാനും സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. 51 പന്തുകളിൽ 12 ബൗണ്ടറികളും 6 സിക്സറുകളും അടക്കമാണ് സൂര്യകുമാർ 104 റൺസ് നേടിയത്. മത്സരത്തിലെ ഈ വിജയം മുംബൈയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു എന്നിരുന്നാലും ഇനിയും വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്താൽ മുംബൈയ്ക്ക് പ്ലേയോഫ് പ്രതീക്ഷകൾ ഉള്ളൂ.