ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കിടിലൻ സെഞ്ച്വറി തന്നെയാണ് ഇന്ത്യയുടെ മുൻനിര ബാറ്റർ ശുഭ്മാൻ ഗിൽ നേടിയത്. ഇന്നിംഗ്സിൽ 150 പന്തുകൾ നേരിട്ട ഗിൽ 110 റൺസ് നേടുകയുണ്ടായി.
12 ബൗണ്ടറികളും 5 സിക്സറുകളുമാണ് ഗില്ലിന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടത്. ഇത് ഇന്ത്യയെ ശക്തമായ ഒരു നിലയിലെത്തിക്കാനും സഹായകരമായി. എന്നാൽ ഗില്ലിന് മൂന്നാം നമ്പറിനേക്കാൾ യോജിക്കുന്നത് ഓപ്പണർ സ്ഥാനമാണ് എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗില്ലിന്റെ പിതാവ് ലക്വീന്ദർ. എല്ലായിപ്പോഴും ഓപ്പണിങ് ഇറങ്ങിയാണ് ഗിൽ മികവ് പുലർത്തിയിട്ടുള്ളത് എന്ന് ലക്വീന്ദർ പറയുകയുണ്ടായി.
“ഗില്‍ ഓപ്പണിങ് ബാറ്ററായി തന്നെ തുടരേണ്ടതുണ്ട്. എനിക്ക് തോന്നുന്നത് ഇത്തരത്തിൽ മൂന്നാം നമ്പറിൽ കളിക്കുന്നത് അത്ര നല്ല തീരുമാനമല്ല എന്നാണ്. ഡ്രസിങ് റൂമിൽ കൂടുതൽ സമയം ഇരിക്കുമ്പോൾ ഗില്ലിന്റെ സമ്മർദ്ദം കൂടുകയാണ് ചെയ്യുന്നത്. മൂന്നാം നമ്പർ എന്നത് ഓപ്പണിങ്ങോ മധ്യനിര സ്പോട്ടോ അല്ല.
മാത്രമല്ല അവന്റെ മത്സര രീതി ഇത്തരത്തിൽ മൂന്നാം നമ്പറിന് യോജിച്ചതാണെന്ന് എനിക്ക് തോന്നുന്നില്ല. ചേതെശ്വർ പൂജാരയെ പോലെ പ്രതിരോധത്മകമായ രീതിയിൽ കളിക്കുന്ന താരങ്ങൾക്കാണ് അത് കൂടുതൽ യോജിക്കുന്നത്. മാത്രമല്ല പുതിയ പന്തിൽ ഒരുപാട് ലൂസ് ബോളുകൾക്ക് ലഭിക്കും. ഒരു ബാറ്റർ 5-7 ഓവറുകൾ കഴിഞ്ഞ് ക്രീസിൽ എത്തുമ്പോൾ ബോളർ തന്റെ ലെങ്ത്തിൽ സെറ്റിൽ ആയിട്ടുണ്ടാവും.”- ലക്വീന്ദർ പറയുന്നു.
എന്നിരുന്നാലും ഗില്ലിന്റെ കാര്യത്തിൽ താൻ ഇടപെടില്ല എന്ന് പിതാവ് പറയുകയുണ്ടായി. “അവന്റെ തീരുമാനങ്ങളിൽ ഞാൻ ഒരിക്കലും ഇടപെടാറില്ല. ഞാൻ അവനോടൊപ്പം മുൻപ് പരിശീലനം ചെയ്തിരുന്നു. നിലവിൽ തന്റേതായ തീരുമാനങ്ങൾ എടുക്കാൻ അവൻ വളർന്നു കഴിഞ്ഞു.”
“അവന് പക്വത എത്തുന്നതിന് മുൻപു മാത്രമാണ് അവന്റെ കാര്യങ്ങളിൽ ഞാൻ ഇടപെടുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നത്. ലക്വീന്ദർ കൂട്ടിച്ചേർക്കുന്നു. ഇതിനൊപ്പം ഇന്ത്യൻ താരങ്ങൾ കർശനമായി രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ബിസിസിഐയുടെ തീരുമാനത്തെ ലക്വീന്ദർ പ്രശംസിക്കുകയും ചെയ്തു.
“ഈ വർഷത്തെ ഇന്ത്യയുടെ ഷെഡ്യൂളും വളരെ തിരക്കേറിയതാണ്. മാത്രമല്ല അധികം ടെസ്റ്റ് മത്സരങ്ങൾ ഇത്തവണയും അവശേഷിക്കുന്നില്ല. കൂടുതലായും വെള്ള ബോൾ ക്രിക്കറ്റിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ പല ബാറ്റർമാർക്കും സാധിക്കാതെ വരുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നടപടി മുൻപിലേക്ക് വെച്ച് ബിസിസിഐക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു.”- ഗില്ലിന്റെ പിതാവ് പറഞ്ഞു വെക്കുന്നു.