ഗംഭീർ ഹെഡ് കോച്ചായാൽ, സഹീറോ ആശിഷ് നെഹ്റയോ ബോളിംഗ് കോച്ചാവണം. മുൻ പാക് താരം പറയുന്നു.

20240619 124530

ഇന്ത്യൻ ടീമിന്റെ അടുത്ത പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യയുടെ അടുത്ത പരിശീലകനായി മാറുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2024 ട്വന്റി20 ലോകകപ്പോട് കൂടി നിലവിലെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടി ഇന്ത്യ പുറപ്പെട്ടത്. എന്നാൽ ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തിയാൽ ഇന്ത്യയുടെ ടീമിലും സപ്പോർട്ടിംഗ് സ്റ്റാഫ് വിഭാഗത്തിലും വരുത്തേണ്ട ചില മാറ്റങ്ങളെ പറ്റി മുൻ പാക് താരം കമ്രാൻ അക്മൽ സംസാരിക്കുകയുണ്ടായി. ഗംഭീർ ഹെഡ് കോച്ചായി എത്തിയാൽ ഇന്ത്യ ബോളിങ് കോച്ചായി സഹീർ ഖാനെയോ ആശിഷ് നെഹ്റയെയോ സമീപിക്കണം എന്നാണ് അക്‌മൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ സമയങ്ങളിൽ താൻ പ്രതിനിധീകരിച്ച ടീമുകളിൽ വമ്പൻ വിജയം ഉണ്ടാക്കാൻ ഗംഭീറിന് സാധിച്ചു എന്ന് അക്മൽ സമ്മതിക്കുന്നു. “മുൻപ് ഗംഫീർ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനൊപ്പം ഉണ്ടായിരുന്നു. ഗംഭീറിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചിരുന്നു. ശേഷം കൊൽക്കത്തയുടെ മെന്ററായി ഗംഭീർ എത്തി. അവർ ഈ സീസണിൽ ചാമ്പ്യന്മാരായി മാറുകയും ചെയ്തു. നല്ല രീതിയിൽ തന്ത്രങ്ങൾ മെനയുകയും അവിശ്വസനീയമായ രീതിയിൽ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് ഗൗതം ഗംഭീർ.”

“ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഒരുപാട് നാൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. മൈതാനത്ത് മാത്രമല്ല ആഹാരം കഴിക്കാനും സംസാരിക്കാനുമൊക്കെ ഞങ്ങൾ പുറത്തു പോയിട്ടുണ്ട്. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. ഗംഭീർ ഇന്ത്യയുടെ കോച്ച് ആവുകയാണെങ്കിൽ ഇന്ത്യ ആശിഷ് നെഹ്‌റ, സഹീർഖാൻ എന്നിവരിൽ ഒരാളെ ബോളിങ് കോച്ചായി തിരഞ്ഞെടുക്കുന്നതാവും ഉത്തമം.”- അക്മൽ പറയുന്നു.

Read Also -  രോഹിതും റൂട്ടുമല്ല, ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്.

“ഇതുവരെ കൈവച്ച മേഖലകളിലൊക്കെയും വളരെ മികച്ച സംഭാവന നൽകാൻ സാധിച്ച താരമാണ് ഗൗതം ഗംഭീർ. അവൻ ഏത് ടീമിനൊപ്പം ചേർന്നാലും ആ ടീം വലിയ വിജയം കൈവരിക്കുന്നതാണ് സമീപകാലത്ത് കണ്ടിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ടീമിന് വിദേശ പരിശീലങ്ങളുടെ ആവശ്യമേ വരുന്നില്ല. കാരണം ഇന്ത്യക്കുള്ളിൽ തന്നെ ഒരുപാട് കഴിവുകൾ തെളിയിച്ച താരങ്ങളുണ്ട്. ദ്രാവിഡിന് ശേഷം ഗൗതം ഗംഭീറിനേക്കാൾ മികച്ച ഒരു ഓപ്ഷൻ ഇന്ത്യയ്ക്ക് മുൻപിലില്ല. കാരണം അവൻ അത്ര വലിയ താരമാണ്. ഒരു നല്ല കോച്ചാകാൻ ഗംഭീറിന് സാധിക്കും.”- അക്മൽ കൂട്ടിച്ചേർത്തു.

പല സമയത്തും വിവാദ സംഭവങ്ങളിൽ അംഗമാകാറുണ്ടെങ്കിലും ഗംഭീറിന്റെ മൈതാനത്തെ മികവിനെ സംബന്ധിച്ച് ആർക്കും തന്നെ യാതൊരു സംശയവുമില്ല. മുൻപ് ലക്നൗ ടീമിന്റെ പരിശീലകനായി ഗംഭീർ പ്രവർത്തിച്ചിരുന്നു. 2022ലും 2023ലും ടീമിനെ പ്ലെയോഫിൽ എത്തിക്കാനും ഗംഭീറിന് സാധിച്ചു. ശേഷം 2024ൽ കൊൽക്കത്തയെ കിരീടം ചൂടിച്ചതിൽ ഗംഭീറിന് വലിയ പങ്കുണ്ട്. ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുന്നതോടെ ടീമിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ. ഒപ്പം യുവതാരങ്ങൾക്ക് ഗംഭീർ മൂലം അവസരം ലഭിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

Scroll to Top