ഗംഭീർ കോച്ചാവണ്ട, കർക്കശസ്വഭാവം ഇന്ത്യയുടെ സീനിയർ താരങ്ങൾ അംഗീകരിക്കില്ല. തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര.

2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായ രാഹുൽ ദ്രാവിഡ് തന്റെ സ്ഥാനം ഒഴിയുകയാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായി മറ്റൊരു പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ. റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിങ് തുടങ്ങി പല ക്രിക്കറ്റർമാരെയും തങ്ങളുടെ പരിശീലകരാക്കി മാറ്റാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

ഇതിനിടെ ഏറ്റവുമധികം ഉയർന്നു കേട്ട പേരാണ് ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെത്. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഗൗതം ഗംഭീറിനെ ഇന്ത്യ പരിശീലകനാക്കി മാറ്റിയാൽ അത് ടീമിന് വലിയ ഗുണം ചെയ്യുമെന്നാണ് ചോപ്ര കരുതുന്നത്. പക്ഷേ ഗംഭീറിന്റെ കർക്കശക്കാരനായ അച്ഛനെപ്പോലെയുള്ള പെരുമാറ്റം സീനിയർ താരങ്ങൾക്ക് യോജിക്കാൻ സാധിക്കാത്തതാണ് എന്നും ചോപ്ര പറഞ്ഞു.

ഇന്ത്യൻ കോച്ചാകാൻ ഗൗതം ഗംഭീർ യോഗ്യനാണ് എന്ന് ചോപ്ര പറയുന്നു. ഇതിന് പ്രധാന കാരണമായി ചോപ്ര ചൂണ്ടിക്കാട്ടുന്നത് ഗൗതം ഗംഭീറിന്റെ സ്വഭാവം തന്നെയാണ്. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന താരമാണ് ഗംഭീർ എന്ന് ചോപ്ര അംഗീകരിക്കുന്നു. അതിനാൽ തന്നെ മികച്ച രീതിയിൽ ടീമിനെ കെട്ടിപ്പടുക്കാൻ താരത്തിന് സാധിക്കുമെന്നാണ് ചോപ്രയുടെ കണക്കുകൂട്ടൽ.

ടീമിൽ ഒരു വല്യേട്ടനെ പോലെ തുടരാനും ഗംഭീറിന് സാധിക്കുമെന്ന് ചോപ്ര കരുതുന്നു. പക്ഷേ നിരവധി സീനിയർ താരങ്ങൾ ടീമിലുള്ളതിനാൽ തന്നെ, ആരിലും ഒന്നും അടിച്ചേൽപ്പിക്കാൻ ഗംഭീർ ശ്രമിക്കരുത് എന്നും ചോപ്ര പറയുന്നു. താനൊരു കാര്യം നിർദ്ദേശിച്ച് അത് അനുസരിച്ചില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുന്ന തരത്തിലുള്ള സ്വഭാവമാണ് ഗംഭീറിന്റേത് എന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

“ഇന്ത്യയുടെ കോച്ച് ആവാൻ ഗൗതം ഗംഭീർ വളരെ യോഗ്യനാണ്. കാരണം ഒരു തുറന്ന പ്രകൃതക്കാരനാണ് ഗംഭീർ. എങ്ങനെ ഒരു ടീമിനെ കെട്ടിപ്പടുക്കണമെന്നും എങ്ങനെ നന്നായി കൊണ്ടുപോകണമെന്നും ഗംഭീറിന് വളരെ വ്യക്തമായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ കോച്ച് ആകാൻ യോജിച്ച വ്യക്തിയാണ് എന്ന് ഞാൻ പറയുന്നത്. താരങ്ങളുടെ തോളിൽ കയ്യിട്ട് ഒരു വല്യേട്ടനെ പോലെ കാര്യങ്ങൾ നടപ്പാക്കാനുള്ള ശേഷി ഗൗതം ഗംഭീറിനുണ്ട്.”

“പക്ഷേ ഇന്ത്യൻ ടീമിൽ ഒരുപാട് സീനിയർ താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒന്നുംതന്നെ അവരിൽ അടിച്ചേൽപ്പിക്കാൻ ഗംഭീർ ശ്രമിക്കാൻ പാടില്ല. ഗംഭീർ കോച്ചായാൽ അത് സംഭവിക്കും എന്നത് ഉറപ്പാണ്. താൻ പറയുന്നത് കേൾക്കാത്തവർ പെരുവഴിയിലേക്ക് ഇറങ്ങുക എന്ന രീതിയാണ് ഗംഭീറിനുള്ളത്. സീനിയർ താരങ്ങളുള്ള ടീമിൽ ഈ രീതി ഒരിക്കലും യോജിക്കില്ല.”- ചോപ്ര പറയുന്നു.

മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ ടീമിന്റെ മെന്ററായിരുന്നു ഗൗതം ഗംഭീർ. ഈ സീസണിൽ കൊൽക്കത്തയുടെ ഉപദേഷ്ടാവായി ഗംഭീർ പ്രവർത്തിക്കുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത ഫിനിഷ് ചെയ്തത്. ഇതിൽ ഗംഭീറിന് വലിയ രീതിയിലുള്ള പ്രാധാന്യവുമുണ്ട്. പക്ഷേ ഇന്ത്യയുടെ കോച്ച് ആവുന്നതിനെ പറ്റി ഗംഭീർ ഇതുവരെ തന്റെ അഭിപ്രായം അറിയിച്ചിട്ടില്ല. ഈ മാസം 27 വരെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

Previous articleഅഭിഷേക് ശർമ ലാറയെയും യുവരാജിനെയും ഓർമിപ്പിക്കുന്നു. ഇന്ത്യ ടീമിൽ അവസരം നൽകണം – മൈക്കിൾ വോൺ.
Next articleഎലിമിനേറ്ററിൽ മഴ പെയ്താൽ രാജസ്ഥാൻ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുമോ? ഐപിഎൽ നിയമം ഇങ്ങനെ.