ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.

ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ഒരു വമ്പൻ സെഞ്ച്വറിയാണ് ചെന്നൈ നായകൻ ഋതുരാജ് സ്വന്തമാക്കിയത്. മത്സരത്തിൽ 56 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഋതുരാജിന്റെ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മാത്രമല്ല ചെന്നൈ സൂപ്പർ കിങ്സിനായി സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ നായകൻ എന്ന റെക്കോർഡും ഇതോടെ ഋതുരാജ് സ്വന്തമാക്കുകയുണ്ടായി.

ചെപ്പോക്കിൽ നടന്ന മത്സരത്തിൽ പൂർണമായും ലക്നൗ ടീമിനെ അടിച്ചൊതുക്കിയായിരുന്നു ഋതുരാജ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ ചെന്നൈയുടെ മുൻനിര ബാറ്റർമാർ പതറിയപ്പോൾ ഋതുരാജ് നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്.

ടോസ് നേടിയ ലക്നൗ മത്സരത്തിൽ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ഓപ്പണറായാണ് നായകൻ ഋതുരാജ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും തന്നെ ഋതുവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ വളരെ പതിയെയാണ് ഋതു ആരംഭിച്ചത്. നേരിട്ട ആദ്യ പന്തുകളിൽ തന്നെ ഋതുരാജ് ക്രീസിലുറയ്ക്കാൻ ശ്രമിച്ചു.

പിന്നീട് കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറി നേടുക എന്നതായിരുന്നു ഋതുരാജിന്റെ ലക്ഷ്യം. തന്റേതായ ശൈലിയിൽ ക്ലാസ് ഷോട്ടുകളുമായാണ് ഋതുരാജ് മത്സരത്തിൽ കളം നിറഞ്ഞത്. പവർപ്ലേ ഓവറുകളിൽ തന്നെ ചെന്നൈയെ മുൻപിലെത്തിക്കാൻ നായകന് സാധിച്ചു.

മത്സരത്തിൽ കേവലം 28 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനിടെ ചെന്നൈയുടെ മുൻനിര ബാറ്റർമാരായ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ എന്നിവർ കൂടാരം കയറുകയും ചെയ്തു. എന്നാൽ ഇതൊന്നും തന്നെ ഋതുരാജിനെ ബാധിച്ചില്ല.

തനിക്ക് ലഭിച്ച അവസരങ്ങളിൽ അങ്ങേയറ്റം പക്വതയോടെ ബാറ്റ് വീശാൻ താരത്തിന് സാധിച്ചു. മത്സരത്തിൽ 56 പന്തുകളിൽ നിന്നായിരുന്നു ഋതുരാജ് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. ഋതുവിന്റെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. മുൻപ് രാജസ്ഥാൻ റോയൽസിനെതിരെ ഋതുരാജ് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ ചെന്നൈയ്ക്ക് മികച്ച ഒരു സ്കോർ നൽകാനും ഋതുരാജിന് സാധിച്ചിട്ടുണ്ട്. അവസാന ഓവറുകളിൽ ശിവം ദുബെയെ(66) കൂട്ടുപിടിച്ച് ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് നായകൻ ചെന്നൈക്കായി കാഴ്ചവച്ചത്. മത്സരത്തിൽ 60 പന്തുകൾ നേരിട്ട ഋതുരാജ് 108 റൺസ് ആണ് നേടിയത്. 12 ബൗണ്ടറികളും 3 സിക്സറുകളും ഋതുരാജിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഋതുരാജിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 210 റൺസാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഋതുരാജ് ഫോമിലേക്ക് തിരികെയെത്തിയത് ചെന്നൈയ്ക്ക് വലിയ ആശ്വാസം തന്നെ നൽകുന്നുണ്ട്.

Previous article“രോഹിതിനെ നായകനായി തന്നെ മുംബൈ നിലനിർത്തണമായിരുന്നു.”- പിന്തുണ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന..
Next articleചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.