ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചപ്പോൾ മുതൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത് മുംബൈ ഇന്ത്യൻസ് തന്നെയാണ്. കഴിഞ്ഞ സീസണുകളിൽ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്ത നായകൻ രോഹിത് ശർമയെ മുംബൈ നായക സ്ഥാനത്ത് നിന്നും മാറ്റുകയുണ്ടായി.
ശേഷം പുതുതായി ടീമിലേക്കെത്തിയ ഹർദിക് പാണ്ഡ്യയ്ക്കാണ് മുംബൈ നായകസ്ഥാനം നൽകിയത്. എന്തുകൊണ്ടാണ് മുംബൈ ഇത്തരം ഒരു കാര്യത്തിന് മുതിർന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തത ഇനിയും പുറത്തുവന്നിട്ടില്ല. പക്ഷേ ഇതിനുള്ള വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
കഴിഞ്ഞ 3 സീസണുകളിൽ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ശർമയിൽ നിന്നുണ്ടായ മോശം പ്രകടനങ്ങളാണ് മുംബൈ ഇന്ത്യൻസിനെ ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചത് എന്ന് റോബിൻ ഉത്തപ്പ പ്രതികരിച്ചു. കഴിഞ്ഞ 3 സീസണുകളിൽ മുംബൈയെ കിരീടം ചൂടിക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ലയെന്നും ഉത്തപ്പ പറയുന്നു.
മാത്രമല്ല കഴിഞ്ഞ സീസണുകളിൽ മുംബൈയ്ക്കായി 400 റൺസ് പോലും സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചില്ല എന്നും ഉത്തപ്പ കൂട്ടിച്ചേർത്തു. എല്ലാ സാഹചര്യത്തിലും ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന മുംബൈ പോലെയൊരു ഫ്രാഞ്ചൈസി ഹാർദ്ദിക്കിനെ നായകനാക്കിയതിലും അത്ഭുതമില്ല എന്നാണ് ഉത്തപ്പ പറഞ്ഞു വയ്ക്കുന്നത്.
“ഒരു ബാറ്റർ എന്ന നിലയിൽ രോഹിത്തിന്റെ കഴിവുകളെ കുറച്ചു പറയുന്നതായി ഒരിക്കലും തോന്നരുത്. ഐപിഎല്ലിലെ കഴിഞ്ഞ 3 സീസണുകളിൽ കിരീടം സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ സീസണുകളിലൊക്കെയും രോഹിത്തിന്റെ ബാറ്റിംഗും അത്ര മികച്ചതായിരുന്നില്ല.”
“400 റൺസിന് മുകളിൽ സീസണുകളിൽ സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ 3 സീസണുകൾ അവസാനിച്ചിട്ടും മികവു കാട്ടാത്ത ഒരു താരത്തെ മാറ്റുക എന്നത് ഏത് ടീമും എടുക്കുന്ന ഒരു തീരുമാനം തന്നെയാണ്.”- ഉത്തപ്പ പറയുന്നു.
“ഹർദിക് പാണ്ഡ്യയെ കണ്ടെത്തിയത് മുംബൈ ഇന്ത്യൻസാണ്. മുൻപ് ഒരു സീസണിന്റെ മധ്യഭാഗത്ത് വച്ച് റിക്കി പോണ്ടിങ്ങിനെ മാറ്റി രോഹിത് ശർമയെ നായകനായി നിയമിച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. ആ ഫ്രാഞ്ചൈസി തന്നെയാണ് ഇപ്പോൾ ഈ തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്. അന്ന് രോഹിത് നായകനായ ടീമിലുണ്ടായിരുന്ന സീനിയർ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, ഹർഭജൻ സിംഗ് എന്നിവരെല്ലാം രോഹിത്തിനെ നന്നായി സ്വീകരിച്ചിരുന്നു.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിനാലാണ് രോഹിത് ശർമയ്ക്ക് വേണ്ടി ഇത്രയുമധികം ആരാധകർ രംഗത്ത് വരുന്നതെന്നും ഉത്തപ്പ വ്യക്തമാക്കുകയുണ്ടായി.