ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ദയനീയമായ ഒരു പരാജയമാണ് രാജസ്ഥാൻ റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 173 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.
ജയസ്വാളിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് രാജസ്ഥാൻ 173 എന്ന സ്കോറിൽ എത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിനായി ഓപ്പണർ ഫിൽ സോൾട്ട് അടിച്ചു തകർത്തതോടെ രാജസ്ഥാൻ പതറുയായിരുന്നു. 33 പന്തുകളിൽ 65 റൺസ് നേടിയ സോൾട്ടും 45 പന്തുകളിൽ 62 റൺസ് നേടിയ കോഹ്ലിയും ചേർന്ന് 9 വിക്കറ്റുകളുടെ വിജയത്തിൽ ബാംഗ്ലൂരിനെ എത്തിച്ചു. മത്സരത്തിലെ പരാജയത്തെപ്പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ ക്യാച്ചുകൾ കൈവിട്ടത് നിർണായകമായി മാറിയെന്നാണ് സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞത്. “170 റൺസ് എന്നത് നല്ലൊരു സ്കോർ ആയിരുന്നോ എന്ന് ചോദിച്ചാൽ, ആയിരുന്നു എന്ന് തന്നെ പറയേണ്ടി വരും. ടോസ് നഷ്ടപ്പെട്ട ശേഷം ഇതുപോലെ ഒരു സ്ലോ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടാനുണ്ട്. സൂര്യപ്രകാശത്തിന് താഴെ, ആദ്യ 10 ഓവറുകൾ ഇത്തരം മത്സരങ്ങളിൽ വളരെ പ്രയാസകരമാണ്. മാത്രമല്ല ബാംഗ്ലൂർ ടീം അവരുടെ സകല ശക്തിയുമെടുത്ത് ഞങ്ങൾക്കെതിരെ വരുമെന്ന് അറിയാമായിരുന്നു. പവർപ്ലേ ഓവറുകളിൽ അവർ മത്സരം വിജയിച്ചതായാണ് എനിക്ക് തോന്നുന്നത്.”- സഞ്ജു പറഞ്ഞു.
“മത്സരങ്ങൾ വിജയിപ്പിക്കുന്നത് ക്യാച്ചുകളാണ്. അവർ ഞങ്ങളുടെ കുറച്ചു ക്യാച്ചുകൾ നഷ്ടപ്പെടുത്തിയിരുന്നു. ഞങ്ങളും അതേപോലെതന്നെ ഒരുപാട് ക്യാച്ച്കൾ നഷ്ടപ്പെടുത്തി. ആ മേഖലയിൽ ഞങ്ങൾ ഇനിയും പുരോഗതികൾ ആവശ്യമുണ്ട്. മത്സരത്തിലെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് ബാംഗ്ലൂർ ടീമിൽ തന്നെയാണ് നൽകുന്നത്.
എന്തായാലും മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ബോൾ അല്പം മികച്ച രീതിയിൽ തന്നെ പെരുമാറി. ബാംഗ്ലൂരും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇതിനോടകം തന്നെ മത്സരത്തിലെ പരാജയത്തെ പറ്റി ഞങ്ങൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. മത്സരത്തിലെ പരാജയത്തെ പറ്റിയുള്ള ചിന്തകൾ ഉപേക്ഷിച്ച് പോസിറ്റീവായി തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- സഞ്ജു കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബോളർമാർ കൃത്യമായി തങ്ങളുടെ തന്ത്രങ്ങൾ പ്രാവർത്തികമാക്കിയതാണ് വിജയിക്കാൻ കാരണമായി മാറിയത് എന്നാണ് ബാംഗ്ലൂർ നായകൻ രജത് പട്ടിദാർ പറഞ്ഞത്. പവർപ്ലേ ഓവറുകളിൽ നന്നായി പന്തറിയാൻ തങ്ങളുടെ ബോളർമാർക്ക് സാധിച്ചു എന്ന് ക്യാപ്റ്റൻ പറയുകയുണ്ടായി. രാജസ്ഥാൻ ടീമിനെ 150-170 സ്കോറിൽ നിർത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും അതിൽ വിജയം കണ്ടുവെന്നും പട്ടിദാർ പറയുന്നു. മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ബോളർമാർക്ക് പൂർണമായും നൽകിയാണ് താരം സംസാരിച്ചത്.