കോഹ്ലി വിരമിച്ചത് ഗംഭീർ കോച്ചായി വന്നതുകൊണ്ട്. ആരോപണവുമായി ഷാഹിദ് അഫ്രീദി.

virat kohli fight with gautam gambhir

2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് ശേഷം ഒരുപാട് മാറ്റങ്ങളാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ഇന്ത്യ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിരാട് കോഹ്ലിയുടെ ട്വന്റി20യിൽ നിന്നുള്ള വിരമിക്കലിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കോഹ്ലി ട്വന്റി20 നിന്ന് വിരമിക്കാൻ കാരണം ഗൗതം ഗംഭീറിന്റെ കടന്നുവരമാണ് എന്ന് പരോക്ഷമായി അഫ്രീദി പറയുന്നു.

നിലവിൽ ട്വന്റി20 റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ഒരു തകർപ്പൻ അർദ്ധ സെഞ്ചുറി നേടി ഇന്ത്യയുടെ വിജയശിൽപിയായി മാറാനും കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ഇത്തവണത്തെ ഇന്ത്യയിൽ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായും കോഹ്ലി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്.

പക്ഷേ ഇത്ര മികച്ച ഫോമിൽ നിൽക്കുമ്പോൾ കോഹ്ലി എന്തിനാണ് വിരമിച്ചത് എന്ന് അഫ്രീദി ചോദിക്കുന്നു. ഗംഭീറും കോഹ്ലിയും തമ്മിൽ മുൻപ് ഐപിഎല്ലിനിടെ പലതവണ ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ നല്ല ബന്ധത്തിലല്ല. അതിനാൽ തന്നെ കോഹ്ലി ട്വന്റി20 യിൽ നിന്ന് വിരമിക്കാൻ കാരണം ഗംഭീറാണോ എന്ന സംശയവും അഫ്രീദി പ്രകടിപ്പിക്കുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“കോഹ്ലി ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് വിരമിക്കേണ്ട സമയം എത്തിയിട്ടുണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് ആവശ്യം യുവതാരങ്ങളും സീനിയർ താരങ്ങളും ചേർന്ന ഒരു നിരയാണ്. യുവതാരങ്ങൾക്ക് കോഹ്ലിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇപ്പോഴും ഇന്ത്യൻ ടീമിൽ ക്ലാസ് പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരമാണ് കോഹ്ലി എന്നത് ഓർക്കണം. മികച്ച രീതിയിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാനും കോഹ്ലിക്ക് സാധിക്കുന്നുണ്ട്. പുതിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തുമ്പോൾ കോഹ്ലിയെ പോലെ ഒരു താരത്തിന്റെ ആവശ്യമുണ്ട്.”- അഫ്രീദി പറഞ്ഞു.

സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും അടങ്ങുന്ന ഒരു ട്വന്റി20 ടീമിനെയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്ന് അഫ്രീദി പറയുന്നു. ഒരുപക്ഷേ ഗംഭീറിന്റെ വരവ് കൊണ്ടാവാം കോഹ്ലി പെട്ടെന്ന് വിരമിക്കാൻ തീരുമാനിച്ചത് എന്നാണ് അഫ്രിദിയുടെ വാദം. മുൻപ് അഫ്രീദിയും ഗംഭീറുമായി വാക്പോരിൽ ഏർപ്പെട്ടിട്ടുള്ള താരമാണ്. ഇന്ത്യ -പാകിസ്ഥാൻ മത്സരത്തിനിടയാണ് അഫ്രിദിയും ഗംഭീറും തമ്മിൽ ഏറ്റുമുട്ടിയത്. മാത്രമല്ല ഗംഭീർ ഇന്ത്യയുടെ പരിശീലകനായപ്പോൾ വിമർശിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അഫ്രീദി. ഗംഭീറിന്റെ മാനസികനില ശരിയല്ല എന്നത് അടക്കമുള്ള ആരോപണങ്ങൾ അഫ്രീദി ഉന്നയിക്കുകയുണ്ടായി.

Scroll to Top