“കോഹ്ലി അവന്റെ ഹൃദയവും ആത്മാവും ബാംഗ്ലൂരിനായി മൈതാനത്ത് നൽകിയിരുന്നു. പക്ഷേ”- മാത്യു ഹെയ്ഡന്റെ വാക്കുകൾ..

രാജസ്ഥാനെതിരായ എലിമിനേറ്റർ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും വളരെ മികച്ച പ്രകടനമായിരുന്നു ബാംഗ്ലൂർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. ബാറ്റിംഗിൽ മാത്രമല്ല ഫീൽഡിലും മികവ് പുലർത്തി തന്റെ ടീമിനെ രണ്ടാം ക്വാളിഫയറിലേക്ക് എത്തിക്കാൻ പരമാവധി കോഹ്ലി ശ്രമിച്ചിട്ടുണ്ട്.

ഈ സീസണിലുടനീളം ബാംഗ്ലൂരിനായി ബാറ്റിംഗിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് കോഹ്ലി കാഴ്ചവച്ചിട്ടുള്ളത്. 2024 ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് 741 റൺസാണ് ഇന്ത്യയുടെ സൂപ്പർ താരം നേടിയിട്ടുള്ളത്. മത്സരത്തിലെ ബാംഗ്ലൂരിന്റെ പരാജയത്തിൽ ഒരു കാരണവശാലും വിരാട് കോഹ്ലിയെ കുറ്റം പറയാൻ സാധിക്കില്ല എന്നാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്‌ഡൻ പറഞ്ഞിരിക്കുന്നത്.

എലിമിനേറ്റർ മത്സരത്തിലെ കോഹ്ലിയുടെ മൈതാനത്തെ പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് ഹെയ്‌ഡൻ സംസാരിച്ചത്. മത്സരത്തിൽ 33 റൺസായിരുന്നു കോഹ്ലിയ്ക്ക് നേടാൻ സാധിച്ചിരുന്നത്. പക്ഷേ ഫീൽഡിങ്ങിൽ കോഹ്ലിയുടെ പ്രകടനം ഉണ്ടായി. ധ്രുവ് ജൂറലിന്റെ റൺഔട്ട് അടക്കം പല അവിശ്വസനീയ പ്രകടനങ്ങളും കോഹ്ലി ഫീൽഡിൽ കാഴ്ചവച്ചു. മത്സരത്തിൽ കോഹ്ലി തന്റെ ഹൃദയവും ആത്മാവും ബാംഗ്ലൂരിനായി നൽകിയിരുന്നു എന്നാണ് ഹെയ്‌ഡൻ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 8000 റൺസിലധികം സ്വന്തമാക്കുന്ന താരമായി മത്സരത്തിനിടെ കോഹ്ലി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും കോഹ്ലിയെ പ്രശംസിച്ചു കൊണ്ടാണ് ഹെയ്‌ഡൻ സംസാരിച്ചത്.

“ഈ പരാജയത്തിൽ യാതൊരു കാരണവശാലും കോഹ്ലിയെ നമുക്ക് ഉൾപ്പെടുത്താൻ പോലും സാധിക്കില്ല. കാരണം അവന്റെ ഹൃദയവും ആത്മാവും അവൻ മത്സരത്തിൽ തന്റെ ടീമിനായി നൽകി കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലെ കോഹ്ലിയുടെ ഫീൽഡിങ് മികവുകൾ ഒന്ന് ചിന്തിച്ചു നോക്കൂ. ധ്രുവ് ജൂറലിനെ പുറത്താക്കിയത് ഒരു അവിശ്വസനീയ റണ്ണൗട്ടിലൂടെ ആയിരുന്നു. എന്നെ സംബന്ധിച്ച് അവന്റെ റെക്കോർഡുകൾ അവിശ്വസനീയം തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 8000 റൺസ് അവൻ സ്വന്തമാക്കി കഴിഞ്ഞു. ട്വന്റി20 ക്രിക്കറ്റിൽ അതൊരു വലിയ നേട്ടം തന്നെയാണ്.”- ഹെയ്‌ഡൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

മത്സരങ്ങളിൽ കോഹ്ലി കാഴ്ചവയ്ക്കുന്ന സ്പിരിറ്റിനെ പറ്റിയും ഹെയ്‌ഡൻ സംസാരിക്കുകയുണ്ടായി. എല്ലാ ടീമുകളും ആഗ്രഹിക്കുന്ന ഒരു താരമായി കോഹ്ലി ഇതിനോടകം മാറിയിട്ടുണ്ട് എന്ന് ഹെയ്‌ഡൻ കരുതുന്നു. “കോഹ്ലിയുടെ മത്സരബുദ്ധിയും സ്പിരിറ്റുമാണ് ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന മറ്റൊരു കാര്യം. പലപ്പോഴും മൈതാനത്ത് അവിശ്വസനീയമായ പ്രകടനം കോഹ്ലി കാഴ്ചവയ്ക്കുന്നു. നമുക്ക് നമ്മുടെ ഫ്രാഞ്ചൈസിയിലേക്ക് കൃത്യമായ ഒരു ലീഡറെയാണ് ആവശ്യമെങ്കിൽ, 100%വും ഉൾപ്പെടുത്താൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്ന് ഞാൻ കരുതുന്നു. അവൻ അവന്റേതായ രീതിയിൽ ഒരുപാട് റൺസ് കണ്ടെത്തുന്നു. ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ട പ്രകടനങ്ങളാണ് കോഹ്ലി കാഴ്ചവെച്ചിട്ടുള്ളത്.”- ഹെയ്‌ഡൻ കൂട്ടിച്ചേർക്കുന്നു.

Previous articleഓപ്പണിങ് തകർക്കാൻ ബോൾട്ട്, കോഹ്ലിയെ പൂട്ടാൻ ചാഹൽ. വിജയിച്ചത് സഞ്ജുവിന്റെ അപാര തന്ത്രങ്ങൾ.
Next articleഷെയ്ൻ വോണിന്റെ റെക്കോർഡിന് ഒപ്പമെത്തി സഞ്ജു സാംസൺ. രാജസ്ഥാനായി വമ്പൻ നേട്ടം.