ഓപ്പണിങ് തകർക്കാൻ ബോൾട്ട്, കോഹ്ലിയെ പൂട്ടാൻ ചാഹൽ. വിജയിച്ചത് സഞ്ജുവിന്റെ അപാര തന്ത്രങ്ങൾ.

f0cbcb26 579e 42eb 9bd4 789b35dabdcb 1

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്തെറിഞ്ഞ് രണ്ടാം ക്വാളിഫറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

പ്രധാനമായും ജയസ്വാൾ, ഹെറ്റ്മെയർ, റിയാൻ പരഗ്, പവൽ എന്നിവരുടെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. മാത്രമല്ല സഞ്ജു സാംസണിന്റെ അതിവിദഗ്ധമായ നായകത്വ മികവും മത്സരത്തിൽ കാണാൻ സാധിച്ചു. രാജസ്ഥാന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചതും സഞ്ജുവിന്റെ ചില ബുദ്ധിപരമായ നീക്കങ്ങൾ തന്നെയായിരുന്നു.

ബാംഗ്ലൂർ ബാറ്റർമാരുടെ ഏറ്റവും വലിയ ദൗർബല്യങ്ങൾ കണ്ടെത്തി അതു മുതലാക്കാൻ സാധിക്കുന്ന തരത്തിൽ ബോളിംഗ് ക്രമീകരിച്ചാണ് സഞ്ജു മികവു പുലർത്തിയത്. ബാംഗ്ലൂരിനെ സംബന്ധിച്ച് അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയായിരുന്നു ഏറ്റവും വലിയ ശക്തി. അതിനാൽ തന്നെ ആ കൂട്ടുകെട്ട് തകർക്കാൻ സഞ്ജു സാംസൺ ട്രെൻഡ് ബോൾട്ടിനെ ഏൽപ്പിക്കുകയായിരുന്നു. പവർപ്ലെയിൽ തന്നെ സഞ്ജു മൂന്ന് ഓവറുകൾ ബോൾട്ടിന് നൽകി.

ഇത് മത്സരത്തിൽ ഫലം കണ്ടു. തന്റെ മൂന്നാം ഓവറിൽ ഡുപ്ലെസിസിനെ പുറത്താക്കി ബോൾട്ട് സഞ്ജുവിന്റെ വിശ്വസ്തത കാത്തു. ഈ വിക്കറ്റാണ് ബാംഗ്ലൂർ ബാറ്റിംഗിന്റെ താളം നഷ്ടപ്പെടുത്തിയത്. ശേഷം രാജസ്ഥാന് മുൻപിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ഭീഷണി കോഹ്ലിയായിരുന്നു.

കോഹ്ലിയെ പൂട്ടാൻ സഞ്ജു നിയോഗിച്ചത് ചാഹലിനെയും. മുൻപ് ബാംഗ്ലൂർ ടീമിൽ കളിച്ചിരുന്ന താരമാണ് ചാഹൽ. അതിനാൽ തന്നെ കോഹ്ലിയുടെ ദൗർബല്യത്തെ പറ്റി കൃത്യമായി ചാഹലിന് ബോധ്യമുണ്ട്. പവർപ്ലേ ഓവറുകളിൽ ചഹലിനെ ഉപയോഗിക്കാതിരുന്ന സഞ്ജു, പിന്നീട് അതേ ചഹലിനെ ഉപയോഗിച്ച് കോഹ്ലിയെ പൂട്ടുന്നതാണ് കണ്ടത്. അതോടൊപ്പം മത്സരത്തിൽ അശ്വിനെ നന്നായി ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചു.

Read Also -  "അതിഗംഭീര ക്യാപ്റ്റൻസി", പാകിസ്ഥാനെ പൂട്ടിയത് രോഹിതിന്റെ നായകമികവ് എന്ന് ഉത്തപ്പ.

മുൻപും വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അശ്വിൻ. അശ്വിന്റെ അനുഭവസമ്പത്ത് വളരെ നന്നായി സഞ്ജു ഉപയോഗിച്ചു. മധ്യ ഓവറുകളിൽ പിച്ചിൽ നിന്ന് ടേൺ ലഭിക്കാത്ത സമയത്താണ് അശ്വിന് സഞ്ജു ബോൾ നൽകിയത്. പന്തിന്റെ വേഗതയിൽ കൃത്യമായി നിയന്ത്രണമുള്ള അശ്വിൻ തന്റെ വേരിയേഷനുകൾ കൊണ്ട് ബാംഗ്ലൂരിനെ ഞെട്ടിച്ചു.

27 റൺസ് നേടിയ ക്യാമറോൺ ഗ്രീനിനെ അശ്വിൻ തന്റെ ക്യാരം ബോളിൽ കുടുക്കുകയായിരുന്നു. അടുത്ത പന്തിൽ മാക്സ്വെല്ലിനെ പുറത്താക്കാനും അശ്വിന് സാധിച്ചു. ഇങ്ങനെ മധ്യ ഓവറുകളിൽ തന്റെ ബോളർമാരെ ഉപയോഗിച്ച് കൃത്യമായി മത്സരം നിയന്ത്രിക്കാൻ സഞ്ജുവിന് സാധിച്ചു. ഇത് മത്സരത്തിലൂടനീളം രാജസ്ഥാന് ഗുണം ചെയ്തു. വലിയ സ്കോറിലേക്ക് പോയ ബാംഗ്ലൂരിനെ 172 റൺസിൽ ഒതുക്കിയത് സഞ്ജുവിന്റെ ഈ തന്ത്രങ്ങളാണ്. മറുവശത്ത് ബാറ്റിംഗിലും അനാവശ്യ പരീക്ഷണങ്ങൾക്ക് സഞ്ജു സാംസൺ മുതിർന്നില്ല. അശ്വിനെ മുൻനിരയിൽ ഇറക്കുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും, അത്തരമൊരു റിസ്ക് എടുക്കാതെ വളരെ പക്വതയോടെ സഞ്ജു കാര്യങ്ങൾ കൈകാര്യം ചെയ്തു.

Scroll to Top