വളരെ വ്യത്യസ്തമായ പ്ലെയിങ് ഇലവനാണ് ഇന്ത്യ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അണിനിരത്തിയത്. ജയസ്വാളിനെ മാറ്റിനിർത്തി രോഹിത് ശർമയും വിരാട് കോഹ്ലിയും ആയിരുന്നു ഇന്ത്യയ്ക്കായി മത്സരത്തിൽ ഓപ്പണിങ് ഇറങ്ങിയത്. എന്നാൽ കോഹ്ലിയ്ക്ക് മത്സരത്തിൽ 5 പന്തുകളിൽ ഒരു റൺ മാത്രമാണ് നേടാൻ സാധിച്ചത്.
മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് ജോഡിയെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ. ഇന്ത്യ കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് വലിയ അബദ്ധമാണ് എന്ന് അക്‌മൽ ചൂണ്ടിക്കാട്ടുന്നു.
“ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ അത്ര കൃത്യമാണ് എന്ന് ഞാൻ കരുതുന്നില്ല. കോഹ്ലി മൂന്നാം നമ്പരിൽ സമ്മർദ്ദം ഏറ്റെടുത്ത് മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ പ്രാപ്തിയുള്ള താരമാണ്. ഇന്ത്യയെ സംബന്ധിച്ച് കോഹ്ലി ഒരു നിർണായക താരവുമാണ്. അങ്ങനെ വരുമ്പോൾ ജയസ്വാളിനെ ഇന്ത്യ ഓപ്പണിങ് ബാറ്ററായി ഇറക്കേണ്ടതുണ്ട്. ശേഷം കോഹ്ലി മൂന്നാം നമ്പറിൽ തന്നെ കളിക്കണം.”
“ഇന്ത്യ ഇപ്പോൾ പിന്തുടരുന്ന ബാറ്റിംഗ് ഓർഡറിൽ ഇനിയും മുന്നോട്ടു പോവുകയാണെങ്കിൽ, ഏതെങ്കിലും ഒരു സമയത്ത് തിരിച്ചടി നേരിട്ടേക്കാം. മത്സരം തന്നെ തോളിലേറ്റി ഫിനിഷ് ചെയ്യാൻ കഴിയുന്ന താരമാണ് വിരാട് കോഹ്ലി എന്ന് ഓർക്കണം. കോഹ്ലിയെ ഓപ്പണറാക്കുന്നത് ഇന്ത്യ കാട്ടുന്ന വലിയ അബദ്ധമായാണ് എനിക്ക് തോന്നുന്നത്.”- അക്മൽ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ ബാംഗ്ലൂർ ടീമിന്റെ ഓപ്പണറായാണ് കോഹ്ലി കളിച്ചിരുന്നത്. ലീഗിന്റെ പതിനേഴാം എഡിഷനിൽ വളരെ മികച്ച പ്രകടനം കോഹ്ലി കാഴ്ച വയ്ക്കുകയുണ്ടായി. സീസണിൽ 741 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. തന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കോഹ്ലി കാഴ്ചവെച്ചത്. ശേഷമാണ് ഇന്ത്യ കോഹ്ലിയെ വീണ്ടും ഓപ്പണർ സ്ഥാനത്തേക്ക് എത്തിച്ചത്.
ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും കോഹ്ലി ഇനിയും ഓപ്പണറായി തന്നെ മത്സരത്തിൽ കളിക്കാനാണ് സാധ്യത. കോഹ്ലിയെ ഓപ്പണറായി ഇറക്കി പന്തിനെ മൂന്നാം നമ്പരിൽ കളിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ സൂചന നൽകിയിരുന്നു.
പാകിസ്താനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യയുടെ ആത്മവിശ്വാസത്തെ പറ്റിയും അക്മൽ സംസാരിച്ചു. “ഇന്ത്യ വളരെ ആത്മവിശ്വാസത്തിലാണ്. വളരെ നന്നായി തന്നെ പന്തെറിയാൻ ബുമ്രയ്ക്ക് സാധിച്ചു. സിറാജും നന്നായി പന്ത് എറിഞ്ഞു. ഹർദിക് പാണ്ട്യയ്ക്കും വിക്കറ്റുകൾ ലഭിക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് 3 മത്സരങ്ങളും ഇതേ സ്ഥലത്ത് തന്നെയാണ് നടക്കുന്നത്. അത് ഒരു മുൻതൂക്കമാണ്. എന്നിരുന്നാലും ഇത്തരം വലിയ മത്സരങ്ങൾക്ക് ഐസിസി കൂടുതൽ മികച്ച പിച്ചുകൾ ഉണ്ടാക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം ആളുകൾ ലോകകപ്പിൽ നിന്ന് മാറി പോകും.”- അക്മൽ കൂട്ടിച്ചേർക്കുന്നു.