കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് നായകൻ ശുഭ്മാൻ ഗില്ലായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 197 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഗുജറാത്തിന് ഒരു വെടിക്കെട്ട് തുടക്കമാണ് ഗിൽ നൽകിയത്.

തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് പക്വതയോടെ ബാറ്റ് വീശി, അവസാന സമയങ്ങളിൽ വമ്പനടികളുമായി ഗിൽ കളം നിറയുകയായിരുന്നു. മത്സരത്തിൽ 44 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസാണ് ഗിൽ നേടിയത്. ഈ മികച്ച ഇന്നിംഗ്സോടെ ഗില്ലിന് ഒരുപാട് റെക്കോർഡുകൾ മറികടക്കാനും സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 3000 റൺസ് പൂർത്തീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡാണ് ഗിൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

24 വർഷവും 215 ദിവസവും പ്രായമുള്ള ഗിൽ, വിരാട് കോഹ്ലിയെ മറികടന്നാണ് 3000 റൺസ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുന്നത്. ഐപിഎല്ലിൽ കേവലം 94 ഇന്നിങ്സുകളിൽ നിന്നാണ് ഗിൽ തന്റെ 3000 റൺസ് പൂർത്തീകരിച്ചത്.

ഏറ്റവും വേഗതയിൽ 3000 റൺസ് ഐപിഎല്ലിൽ നേടുന്ന ഇന്ത്യൻ ബാറ്റർമാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്താനും ഗില്ലിന് ഇതോടെ സാധിച്ചിട്ടുണ്ട്. മുൻപ് 3000 റൺസ് പൂർത്തീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. 26 വർഷവും 186 ദിവസവും പ്രായമുള്ളപ്പോഴാണ് കോഹ്ലി ഐപിഎല്ലിൽ 3000 റൺസ് പിന്നിട്ടത്. ഈ റെക്കോർഡാണ് ഗിൽ ഇപ്പോൾ മറികടന്നത്.

ഐപിഎല്ലിൽ 3000 റൺസ് പിന്നിട്ട ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസനാണ്. 26 വർഷവും 320 ദിവസവും പ്രായമുള്ളപ്പോഴാണ് സഞ്ജു സാംസൺ തന്റെ ഐപിഎല്ലിലെ 3000 റൺസ് പൂർത്തീകരിച്ചത്. 27 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ ഐപിഎല്ലിൽ 3000 റൺസ് പൂർത്തീകരിച്ച സുരേഷ് റെയ്നയാണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്.

നിലവിലെ ഇന്ത്യൻ നായകനായ രോഹിത് ശർമ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. 27 വർഷവും 343 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശർമ ഐപിഎല്ലിലെ തന്റെ 3000 റൺസ് പൂർത്തീകരിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 3000 റൺസ് പൂർത്തീകരിച്ചിട്ടുള്ള ഇന്ത്യൻ താരം കെഎൽ രാഹുലാണ്. കേവലം 80 ഇന്നിംഗ്സുകളിൽ നിന്നാണ് രാഹുൽ 3000 റൺസ് പൂർത്തീകരിച്ചത്. ഐപിഎല്ലിൽ 3000 റൺസ് പൂർത്തീകരിച്ച താരങ്ങളുടെ പൂർണമായ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ഗിൽ നിൽക്കുന്നത്.

75 മത്സരങ്ങളിൽ നിന്ന് ഐപിഎല്ലിൽ 3000 റൺസ് പൂർത്തീകരിച്ച ഗെയിലാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഗില്ലിനൊപ്പം ഫാഫ് ഡുപ്ലസിസ്, ജോസ് ബട്ലർ എന്നിവരും 94 ഇന്നിംഗ്സുകളിൽ നിന്നാണ് ഐപിഎല്ലിലെ തങ്ങളുടെ 3000 റൺസ് പൂർത്തീകരിച്ചത്.

Previous articleപരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Next articleഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.