കോഹ്ലിയും രോഹിതുമല്ല, സ്പിന്നിനെതിരെ ആ ഇന്ത്യൻ ബാറ്ററാണ് ബെസ്റ്റ്. മുൻ താരങ്ങൾ പറയുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഒരു മാച്ച് വിന്നിങ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ സൂപ്പർതാരമായ വിരാട് കോഹ്ലി കാഴ്ചവെച്ചത്. പാക്കിസ്ഥാനെതിരെയും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ കോഹ്ലിയുടെ പ്രകടനത്തിന്റെ ഒരു ഭാഗം ക്രെഡിറ്റ് ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യരും അർഹിക്കുന്നുണ്ട്.

ക്രീസിലെത്തിയ ഉടനെ തന്നെ ഓസ്ട്രേലിയൻ ബോളർമാർക്കെതിരെ റിസ്കെടുക്കാൻ അയ്യർ തയ്യാറായി. ഇതോടെ കോഹ്ലിയ്ക്ക് തന്റേതായ രീതിയിൽ ഇന്നിങ്സ് മുമ്പോട്ട് കൊണ്ടുപോകാൻ സാധിച്ചു. ശേഷം ശ്രേയസ് അയ്യരെ അങ്ങേയറ്റം പുകഴ്ത്തിയാണ് ഇപ്പോൾ ഇന്ത്യൻ താരങ്ങൾ സംസാരിച്ചിരിക്കുന്നത്.

മത്സരത്തിൽ ആദ്യ പവർപ്ലെയിൽ തന്നെ ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടമായിരുന്നു. ശേഷമാണ് കോഹ്ലിയും അയ്യരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് 91 റൺസാണ് കൂട്ടിച്ചേർത്തത്. 65 പന്തുകളിൽ 42 റൺസായിരുന്നു ശ്രേയസ് അയ്യരുടെ സംഭാവന. ഇതിന് ശേഷമാണ് അയ്യർക്ക് പ്രശംസകളുമായി ആകാശ് ചോപ്രയും നവജ്യോത് സിംഗ് സിദ്ധുവും രംഗത്ത് വന്നത്. നിലവിൽ ഇന്ത്യൻ ബാറ്റർമാരിൽ സ്പിൻ ബോളിങ്ങിനെ ഏറ്റവും മികച്ച രീതിയിൽ നേരിടുന്ന താരം അയ്യരാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി.

“നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ സ്പിന്നർമാരെ ഏറ്റവും നന്നായി നേരിടുന്ന ഇന്ത്യയുടെ ബാറ്റർ ശ്രേയസ് അയ്യരാണ് എന്ന് നിസംശയം പറയാൻ സാധിക്കും. കഴിഞ്ഞ കുറച്ചു നാളുകളായിർ മികച്ച ഫോമിലാണ് ടീമിൽ കളിക്കുന്നത്. അവൻ ഇത്തരത്തിൽ ആക്രമണ ശൈലിയിൽ കളിക്കുന്നത് മറ്റു ബാറ്റർമാർക്ക് ഒരുപാട് സഹായമാകുന്നുണ്ട്. കാരണം യാതൊരു സമ്മർദ്ദവുമില്ലാതെ ബാറ്റ് ചെയ്യാൻ അവർക്ക് അവസരം ലഭിക്കുന്നു.”- ആകാശ് ചോപ്ര പറഞ്ഞു.

നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റർ എന്നാണ് സിദ്ധു അയ്യരെ വിശേഷിപ്പിച്ചത്. “ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്ററാണ് അയ്യർ. തന്റെ ദൗർബല്യങ്ങളെ ശക്തികളാക്കി മാറ്റാൻ ഇതിനോടകം അവന് സാധിച്ചിട്ടുണ്ട്. വലിയ പുരോഗതിയാണ് ബാറ്റിംഗിൽ അയ്യർ ഉണ്ടാക്കിയിട്ടുള്ളത്. ബ്രിജേഷ് പട്ടേലിനെ പോലെയുള്ള ബാറ്റർമാരെയാണ് അയ്യർ ഓർമ്മിപ്പിക്കുന്നത്. കാരണം സ്പിന്നർമാർക്കെതിരെ അത്ര മികച്ച പ്രകടനമാണ് അയ്യർ കാഴ്ചവെച്ചിട്ടുള്ളത്. സ്ലോ ബൗളർമാർക്കെതിരെ പിച്ചിന് പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചുവിടാൻ അവന് സാധിക്കുന്നു.”- സിദ്ധു പറയുകയുണ്ടായി.

Previous article“നിങ്ങൾ റെക്കോർഡുകൾ നോക്കുന്നു, ഞാൻ അവനുണ്ടാക്കുന്ന ഇമ്പാക്ട് നോക്കുന്നു”- രോഹിതിന്റെ ഭാവിയെ കുറിച്ച് ഗംഭീറിന്റെ മറുപടി.