2024 ട്വന്റി20 ലോകകപ്പ് നാളെ ആരംഭിക്കുകയാണ്. ലോകകപ്പിന് തൊട്ടുമുൻപായി ടൂർണമെന്റിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരത്തെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ജൂൺ 1 മുതൽ 29 വരെയാണ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ടൂർണമെന്റിൽ വിരാട് കോഹ്ലി, ജോസ് ബട്ലർ, ഡേവിഡ് വാർണർ, ബാബർ ആസാം, മുഹമ്മദ് റിസ്‌വാൻ എന്നിങ്ങനെ വമ്പൻ താരങ്ങൾ അണിനിരക്കുന്നുണ്ട്.
എന്നിരുന്നാലും ഇവർ ആരും തന്നെ ടൂർണമെന്റിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറില്ല എന്നാണ് റിക്കി പോണ്ടിംഗ് കരുതുന്നത്. പകരം ഓസ്ട്രേലിയയുടെ സൂപ്പർ ഓപ്പണർ ട്രാവിസ് ഹെഡ് ഈ ലോകകപ്പിലെ റൺവേട്ടക്കാരനായി മാറും എന്ന് പോണ്ടിംഗ് കരുതുന്നു.
30കാരനായ ഹെഡിന്റെ ഐപിഎല്ലിലെ അടക്കം മികച്ച ഫോമിന്റെ പശ്ചാത്തലത്തിലാണ് പോണ്ടിംഗ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. “ട്രാവിസ് ഹെഡ് ഈ ലോകകപ്പിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി മാറും എന്നാണ് ഞാൻ പ്രവചിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലായാലും നിശ്ചിതഓവർ ക്രിക്കറ്റിലായാലും കഴിഞ്ഞ 2 വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ച താരമാണ് ഹെഡ്. മികച്ച നിലവാരത്തിൽ കളിക്കാനും അവന് സാധിക്കുന്നുണ്ട്. യാതൊരു ഭയപ്പാടും ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ ഹെഡ് കളിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.”- പോണ്ടിംഗ് പറയുന്നു.
“ഇത്തവണത്തെ അവന്റെ ഐപിഎല്ലിലെ പ്രകടനത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷേ മികവ് പുലർത്തിയപ്പോഴൊക്കെയും വളരെ മികച്ച പ്രകടനം അവന് കാഴ്ചവയ്ക്കാൻ സാധിച്ചു. തന്റെ ടീമിനായി ഒരുപാട് മത്സരങ്ങൾ വിജയിപ്പിക്കാനും അവന് സാധിച്ചിരുന്നു. ഓസ്ട്രേലിയയുടെ കാര്യത്തിലും ഇങ്ങനെ തന്നെ സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.”
”അതുകൊണ്ടുതന്നെ ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനങ്ങൾ അവൻ കാഴ്ചവയ്ക്കുമോ എന്ന് പറയാൻ സാധിക്കില്ല. പക്ഷേ റൺവേട്ടക്കാരിൽ അവൻ മുകളിൽ ഉണ്ടാവും. ഞാൻ പറഞ്ഞതുപോലെ, അവൻ ഓസ്ട്രേലിക്കായി ക്രീസിൽ സമയം ചെലവഴിക്കുകയാണെങ്കിൽ, മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാനും സാധിക്കും.”- പോണ്ടിംഗ് കൂട്ടിചേർത്തു.
2023 ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വളരെ മികച്ച പ്രകടനങ്ങളായിരുന്നു ഹെഡ് കാഴ്ചവച്ചത്. രണ്ട് ടൂർണമെന്റ്കളുടെയും ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ച്വറികൾ സ്വന്തമാക്കാൻ ഹെഡിന് സാധിച്ചിരുന്നു. 2024 ഐപിഎല്ലിൽ 15 ഇന്നിങ്സുകൾ കളിച്ച ഹെഡ് 567 റൺസാണ് ഹൈദരാബാദിനായി സ്വന്തമാക്കിയത്. 191.5 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ഹെഡിന്റെ ഈ നേട്ടം. 40.5 എന്ന ശരാശരിയും ഹെഡിനുണ്ട്. ട്വന്റി20 ലോകകപ്പിലും ഹെഡ് വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.