2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ട്വന്റി20 ലോകകപ്പിന് തൊട്ട് മുൻപായി നടക്കുന്ന ടൂർണമെന്റ് എന്ന നിലയ്ക്കും ഇത്തവണത്തെ ഐപിഎൽ വളരെ ശ്രദ്ധയാകർഷിക്കുന്നു. 2024 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് വിജയിയെ പ്രവചിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ.
പല മുൻനിര താരങ്ങളെയും പിന്തള്ളിയാണ് ചഹൽ തന്റെ ഓറഞ്ച് ക്യാപ്പ് വിജയിയെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ ഐപിഎല്ലിൽ മികവാർന്ന പ്രകടനം പുറത്തെടുത്ത ശുഭമാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരെയൊക്കെയും ചഹൽ തള്ളിക്കളയുകയുണ്ടായി.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ജോസ് ബട്ട്ലറോ ജയസ്വാളോ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കും എന്നാണ് ചഹൽ പറയുന്നത്. ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരങ്ങൾക്കുള്ള ബഹുമതിയാണ് ഓറഞ്ച് ക്യാപ്പ്. മുൻപ് 2022 ഐപിഎൽ സീസണിലും ജോസ് ബട്ലർ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു.
ആ വർഷം 17 മത്സരങ്ങളിൽ നിന്ന് 863 റൺസാണ് ബട്ലർ നേടിയത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ അംഗമാണ് ജോസ് ബട്ലർ. ഇതേ പോലെ തന്നെ കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മറ്റൊരു യുവതാരമാണ് ജയസ്വാളും.
2023 ഐപിഎല്ലിൽ തീപാറുന്ന പ്രകടനങ്ങളാണ് ജയസ്വാൾ കാഴ്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്ന് 624 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ നേടിയിട്ടുള്ളത്. ഒരു അൺക്യാപ്ഡ് കളിക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടയാണ് ജയസ്വാൾ സീസണിൽ നടത്തിയത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് ജയസ്വാൾ കളിക്കുന്നത്.
അതിനാൽ തന്നെ ഈ സീസണിലെ റൺവേട്ടക്കാരനായി മാറാൻ ജയസ്വാളിന് വലിയ സാധ്യതയുണ്ട്. ഇതോടൊപ്പം 2024 ഐപിഎല്ലിലെ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരത്തെയും ചഹൽ തിരഞ്ഞെടുക്കുകയുണ്ടായി.
ചോദ്യത്തിന് ആദ്യ ഉത്തരമായി ചാഹൽ നൽകിയത് തന്റെ സ്വന്തം പേരാണ്. ഇതുവരെ 145 മത്സരങ്ങൾ ഐപിഎല്ലിൽ കളിച്ച ചാഹൽ 187 വിക്കറ്റുകൾ നേടിയിട്ടുണ്ട്. തന്റെ ഒപ്പം റാഷിദ് ഖാന്റെ പേരും ചാഹൽ പറയുകയുണ്ടായി. 2024 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാണ് റാഷിദ്.
2023 സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 27 വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ ടൂർണ്ണമെന്റ് ആരംഭിക്കുക. ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്.