2024ൽ ലോകക്രിക്കറ്റ് ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ടൂർണമെന്റ്ണ് ട്വന്റി20 ലോകകപ്പ്. ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങൾ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് ഉറപ്പാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ലോകകപ്പിലെ വിരാട് കോഹ്ലിയുടെ സാന്നിധ്യം സംബന്ധിച്ചുള്ള ഒരുപാട് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വിരാട് കോഹ്ലിയെ ഇനിയും ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സെലക്ടർമാർ ചിന്തയിലാണ് എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിനാൽ തന്നെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ കോഹ്ലി ഉണ്ടാവാൻ സാധ്യത കുറവാണ് എന്ന റിപ്പോർട്ടുകളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ഇർഫാനും ഇംഗ്ലണ്ടിന്റെ മുൻ പേസർ സ്റ്റുവർട്ട് ബ്രോഡും.
ഇത്തരത്തിൽ ഒരു കാരണവശാലും ഇന്ത്യയ്ക്ക് വിരാട് കോഹ്ലിയെ ട്വന്റി20 ലോകകപ്പിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കില്ല എന്നാണ് ഇരുവരും പറയുന്നത്. ഇക്കാര്യത്തിൽ തനിക്ക് രണ്ടാമത് ഒരു ചിന്തയില്ല എന്ന് ഇർഫാൻ തുറന്നു പറഞ്ഞു. “എനിക്ക് ഇക്കാര്യത്തിൽ മറ്റൊരു ചിന്തയില്ല. വിരാട് കോഹ്ലിയില്ലാതെ ഇന്ത്യയ്ക്ക് ഒരു ടീം അണിയിച്ചൊരുക്കാൻ സാധിക്കില്ല. കാരണം അവൻ ഒരു വളരെ വലിയ ബാറ്ററാണ്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ എത്ര മികച്ച രീതിയിലാണ് അവൻ കളിച്ചത് എന്ന് നമ്മൾ കണ്ടു. ആ ലോകകപ്പിൽ വിരാട് സ്വയമേ 3-4 മത്സരങ്ങൾ ഇന്ത്യക്കായി വിജയിക്കുകയുണ്ടായി.”- ഇർഫാൻ പറയുന്നു.
“ലോകകപ്പിൽ കോഹ്ലി പല മത്സരങ്ങളിലും സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് 3-4 മത്സരങ്ങൾ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ നഷ്ടമായേനെ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും ന്യൂസിലാൻഡിനെതിരായ മത്സരത്തിലും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിട്ടും ഇന്ത്യ വിജയിക്കാൻ കാരണം വിരാട് കോഹ്ലിയുടെ മികവ് തന്നെയായിരുന്നു.”
“തന്റേതായ രീതിയിൽ തന്നെ ആ മത്സരങ്ങളിലൊക്കെയും വിജയം സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. സമീപകാലത്ത് ഒരുപാട് മത്സരങ്ങൾ അവൻ തന്റെ ടീമിനായി വിജയിച്ചു കഴിഞ്ഞു. തന്റെ ടീമിലെ അവന്റെ സ്ഥാനത്തെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് നീതികരമല്ല.”- മുഹമ്മദ് ഇർഫാൻ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ട് പേസർ ബ്രോഡും ഇതേ സംബന്ധിച്ചുള്ള തന്റെ അഭിപ്രായം ട്വിറ്ററിൽ കുറിക്കുകയുണ്ടായി. “ഒരു കാരണവശാലും ഇത്തരമൊരു റിപ്പോർട്ട് ശരിയാവില്ല. ആരാധകരുടെ ഭാഗത്തുനിന്ന് മത്സരത്തിന് വലിയ വളർച്ചയുണ്ടാക്കാനാണ് ഐസിസി ഇത്തരം മത്സരങ്ങൾ അമേരിക്കയിൽ കൊണ്ടുവയ്ക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ന്യൂയോർക്കിലാണ് പോരാടാൻ പോകുന്നത്. അവിടെ ഏറ്റവുമധികം ചർച്ചയാവുന്നത് ഏറ്റവും വലിയ താരമായ വിരാട് കോഹ്ലി തന്നെയാവും. ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ടീമിൽ കോഹ്ലിയെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- ബ്രോഡ് പറഞ്ഞു.