2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ നടന്നിട്ടുള്ളത് ആവേശകരമായ പോരാട്ടങ്ങൾ തന്നെയാണ്. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ റണ്ണൊഴുക്ക് ഉണ്ടാവുകയുണ്ടായി. പല മത്സരങ്ങളിലും ബോളർമാർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യവും പിച്ചിലും മറ്റുമായി കാണാൻ സാധിക്കുമായിരുന്നു.
ഒരുപാട് മത്സരങ്ങളിൽ ടീമുകൾ 200 റൺസിന് മുകളിൽ സ്കോർ ചെയ്യുകയും എതിർ ടീം അതിനെതിരെ തിരിച്ചടിക്കുകയും ചെയ്യുകയുണ്ടായി. ഇതൊക്കെയും സൂചിപ്പിക്കുന്നത് ഐപിഎല്ലിൽ ബോളർമാർക്ക് വലിയ സഹായങ്ങൾ പന്തിൽ നിന്നും, പിച്ചിൽ നിന്നും ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ഇത്തരത്തിൽ ബാറ്റും ബോളും തമ്മിലുള്ള വ്യത്യാസം ലഘൂകരിക്കുന്നതിനായി പുതിയൊരു തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത് ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന ആവശ്യമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ കൂടിയായ ഗൗതം ഗംഭീർ ഉന്നയിച്ചിരിക്കുന്നത്. 50 ഓവർ പോലും എറിയാൻ സാധിക്കാത്ത പന്തുകൾ എന്ത് കാരണത്തിനാണ് നിർമ്മിക്കുന്നത് എന്ന് ഗംഭീർ ചോദിക്കുന്നു. ഇത്തരത്തിലുള്ള പന്തുകൾ മത്സരത്തെ ദോഷകരമായി ബാധിക്കും എന്നാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഐപിഎല്ലിൽ കുക്കാബുറ ബോളുകൾ തന്നെ ഉപയോഗിക്കണം എന്ന് ആർക്കാണ് നിർബന്ധം എന്ന് ഗംഭീർ ചോദിക്കുന്നുണ്ട്.
“ഇത്തരം വലിയ ടൂർണമെന്റുകളിൽ 50 ഓവറുകൾ ഉപയോഗിക്കാൻ പാകത്തിനുള്ള പന്തുകളാണ് നിർമിക്കേണ്ടത്. അത്രപോലും ഉപയോഗിക്കാൻ സാധിക്കാത്ത പന്തുകളാണ് നിർമ്മിക്കുന്നതെങ്കിൽ അങ്ങനെ ഒരു ബോൾ നിർമ്മാതാവിന്റെ ആവശ്യം എന്താണ്?”
“അത്തരത്തിലുള്ള നിർമ്മാതാക്കളെ പുറത്താക്കുന്നതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. മാത്രമല്ല കുക്കാബുറ പന്തുകൾ തന്നെ ഐപിഎല്ലിൽ ഉപയോഗിക്കണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം?”- ഗൗതം ഗംഭീർ ചോദിക്കുന്നു. ഇതിനുശേഷം കമന്റെറ്റർ ഹർഷാ ഭോഗ്ലെയും ഗംഭീറിനെ പിന്തുണച്ച് രംഗത്ത് വരികയുണ്ടായി.
ഇത്തരത്തിൽ ബാറ്റർമാർക്ക് അനുകൂലമായ പന്തുകൾ നിർമ്മിക്കുന്നതിൽ വലിയ രീതിയിലുള്ള യുക്തി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിച്ചാണ് ഹർഷയും സംസാരിച്ചത്. “മത്സരങ്ങളിൽ ബാറ്റർമാർക്കും ബോളർമാർക്കും തുല്യമായ റോളുകൾ ഉണ്ടാവണം. ഇത്തവണത്തെ ഐപിഎല്ലിൽ പിച്ചുകളിൽ നിന്ന് ബോളർമാർക്ക് യാതൊരുതര സഹായവും ലഭിക്കുന്നില്ല.”
“എല്ലാ പന്തുകളും അന്തരീക്ഷത്തിലൂടെ പറക്കുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് ഐപിഎല്ലിൽ ഡ്യൂക്ക് ബോളുകൾ പരീക്ഷിക്കാത്തത്? ബാറ്ററും ബോളറും തമ്മിലുള്ള ബാലൻസ് ഡ്യുക്ക് ബോളുകൾ നിലനിർത്തും.”- ഹർഷ പറയുന്നു.