2024 ഇന്ത്യൻ പ്രീമിയർ ലീഗ് മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമാണ്. രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായ സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലെത്താൻ സാധിക്കൂ. പലപ്പോഴും ഐപിഎല്ലിൽ മികവ് പുലർത്തിയിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ സ്ഥിരത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു കാര്യം തന്നെയാണ്.
ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ പ്രവേശനത്തിനും വിലങ്ങു തടിയായി നിന്നിട്ടുള്ളത് സ്ഥിരതയില്ലായ്മ തന്നെയാണ്. എന്നാൽ ഇത്തവണ ഇത് ഒഴിവാക്കി മികവ് പുലർത്താനാണ് സഞ്ജുവിന്റെ ശ്രമം. ഇന്ത്യ പോലൊരു വലിയ ക്രിക്കറ്റിങ് രാജ്യത്ത് ദേശീയ ടീമിലെത്താൻ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി.
കേരളം പോലൊരു സംസ്ഥാനത്ത് നിന്നുള്ള ഒരു താരത്തിന് ഇന്ത്യൻ ടീമിലെത്താൻ വളരെയേറെ പ്രത്യേകതയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ് സഞ്ജു സാംസൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞത്. “ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് രാജ്യങ്ങളിൽ ഒന്നിലാണ് നമ്മൾ കളിക്കുന്നത് എന്ന് ഓർക്കണം. ഇന്ത്യ അക്കാര്യത്തിൽ ഒന്നാം നമ്പർ രാജ്യമാണ്. ഇവിടെ ഒരുപാട് താരങ്ങളുണ്ട്. കഴിവുകളുള്ള ഒരുപാട് ആളുകൾ അണിനിരക്കുന്നുണ്ട്. ഒരുപാട് മത്സരങ്ങളുമുണ്ട്. കേരളത്തിൽ നിന്ന് ഒരു താരത്തിന് ഇന്ത്യൻ ദേശീയ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം ചെയ്യേണ്ടതുണ്ട്.”- സഞ്ജു പറഞ്ഞു.
“ഞാൻ എല്ലായിപ്പോഴും എന്റെ ബാറ്റിംഗിൽ വ്യത്യസ്തത പുലർത്താനാണ് ശ്രമിക്കുന്നത്. എന്റേതായ ഒരു സ്റ്റൈൽ ഉണ്ടാക്കിയെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. നേരിടുന്നത് ആദ്യ പന്താണോ രണ്ടാം പന്താണോ എന്ന് നോക്കിയല്ല ആക്രമണം അഴിച്ചുവിടുന്നത്. ആദ്യ പന്തിൽ തന്നെ ചില സമയങ്ങളിൽ സിക്സറുകൾ സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്.”
”അതൊക്കെയും നമ്മുടെ മാനസിക നിലവാരത്തിൽ വരുന്ന കുതിച്ചുചാട്ടമാണ് എന്ന് ഞാൻ കരുതുന്നു. എല്ലാവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. എന്തിനാണ് ഒരു സിക്സർ നേടാൻ നമ്മൾ 10 പന്തുകൾ കാത്തിരിക്കുന്നത്? എന്റെ പവർ ഹിറ്റിങ്ങിന്റെ പിന്നിലുള്ള പ്രചോദനം ഇത്തരം കാര്യങ്ങളാണ്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവെച്ചിട്ടുള്ളത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 362 റൺസ് സ്വന്തമാക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. 153.39 എന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു 2023ൽ റൺസ് കണ്ടെത്തിയത്.
2022 ഐപിഎല്ലിൽ 458 റൺസ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇത്തവണ ഇതിലും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ. അത് സഞ്ജുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയുമാണ്.