2025 രഞ്ജി ട്രോഫി ടൂർണ്ണമെന്റ് ഫൈനലിലേക്ക് രാജകീയമായ പ്രവേശനം തന്നെയാണ് കേരളം നടത്തിയത്. സെമിഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടീമിനെതിരെ ലീഡ് കണ്ടെത്തിയായിരുന്നു കേരളം ഫൈനലിലേക്ക് എത്തിയത്. ഇപ്പോൾ കേരളത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ. വളരെയധികം കാത്തിരിപ്പിന് ശേഷം ഫൈനലിലെത്തിയ കേരളത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് സുനിൽ ഗവാസ്കർ സംസാരിച്ചത്.
സുനിൽ ഗവാസ്കർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് കേരളത്തിന് ആശംസകൾ നേർന്നത്. “ആദ്യമായി രഞ്ജി ട്രോഫി ടൂർണമെന്റിന് ഫൈനലിലെത്തിയ കേരളത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച മത്സരമാണ് മൈതാനത്ത് കേരളം കാഴ്ചവെച്ചത്. മാത്രമല്ല ഫൈനൽ മത്സരത്തിൽ കേരളം മികവാർന്ന പ്രകടനം പുറത്തെടുക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.’- ഗവാസ്കർ പറയുകയുണ്ടായി. രഞ്ജി ട്രോഫി ചരിത്രത്തിൽ 74 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം ഫൈനലിൽ സ്ഥാനം കണ്ടെത്തിയത്. മലയാളി താരം സഞ്ജു സാംസനും കേരളത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
“ഇതൊരു അവിസ്മരണീയമായ നിമിഷം തന്നെയാണ്. ഇത്തരമൊരു കാഴ്ച കാണുമ്പോൾ വലിയ ആവേശം തന്നെയാണ് എനിക്കുള്ളത്. 10 വർഷങ്ങൾക്കു മുൻപ് നമ്മൾ ഒരുമിച്ചു കണ്ട ആ സ്വപ്നമാണ് ഇപ്പോൾ മുൻപിലുള്ളത്. അതിലേക്ക് നമുക്ക് ഒരു സ്റ്റെപ്പ് മാത്രമാണ് ബാക്കിയുള്ളത്. ഇത് നമ്മുടേതാണ്. നേടിയെടുക്കണം.”- സഞ്ജു സാംസൺ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയുണ്ടായി. സഞ്ജുവിനൊപ്പം മറ്റു പല താരങ്ങളും കേരളത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
മത്സരത്തിന്റെ അവസാന ദിവസം കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ കേവലം 29 റൺസ് മാത്രമായിരുന്നു ഗുജറാത്തിന് ആവശ്യമായിരുന്നത്. 3 വിക്കറ്റുകൾ ഗുജറാത്തിന് അവശേഷിച്ചിരുന്നു. എന്നാൽ കേരള സ്പിന്നർ ആദിത്യാ സർവതെ അവസാന ദിവസം ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ കേരളം ഗുജറാത്തിനെ ഒതുക്കുകയായിരുന്നു. അവശേഷിച്ച 3 വിക്കറ്റുകൾ നേടി സർവാതെ കേരളത്തിന്റെ ഹീറോയായി. ഇങ്ങനെ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 2 റൺസ് പിന്നിൽ ഗുജറാത്ത് വീഴുകയുണ്ടായി.