കേരളത്തിന്റെ ഐപിഎൽ വരുന്നു, ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു.

sanju ipl 2024

ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിൽ ടീമുകളെ സ്വന്തമാക്കാനായി രംഗത്തെത്തി വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ. മുത്തൂറ്റ് ഫിൻകോർപ്, വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ, ഇന്ത്യൻ താരം സഞ്ജു സാംസൺ ഉൾപ്പെടുന്ന ഗ്രൂപ്പ് തുടങ്ങി പന്ത്രണ്ടോളം കമ്പനികളാണ് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിൽ ഫ്രാഞ്ചൈസികളെ സ്വന്തമാക്കാനായി രംഗത്ത് എത്തിയിരിക്കുന്നത്. ലീഗിന്റെ പ്രാഥമിക സീസണിൽ 6 ഫ്രാഞ്ചൈസികൾ അണിനിരക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ താല്പര്യം അറിയിച്ച ടീമുകളുടെ സാമ്പത്തിക പിൻബലവും കെസിഎ പരിശോധിക്കുന്നതാണ്.

വളരെ പെട്ടെന്ന് തന്നെ ലീഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ. ഈ മാസം 18ന് തന്നെ ലീഗിനുള്ള ടീമുകളെ പ്രഖ്യാപിക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശേഷം താരലേലം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫ്രാഞ്ചൈസിയെ സ്വന്തമാക്കാൻ സഞ്ജു സാംസനും രംഗത്തെത്തിയിട്ടുണ്ട് എന്നതാണ്. സഞ്ജു സാംസൺ ഇത്തരത്തിൽ ആദ്യമായാണ് ബിസിനസ് രംഗത്തേക്ക് കാൽ വയ്ക്കുന്നത്. ലീഗിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള ടീമിനെ സ്വന്തമാക്കാനാണ് സഞ്ജു സാംസൺ രംഗത്ത് എത്തിയിരിക്കുന്നത്. സഞ്ജുവിനൊപ്പം വിദേശ മലയാളികളും പ്രമുഖ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

ഒരു ഉടമ എന്ന നിലയിൽ സഞ്ജു സാംസൺ ലീഗിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അത് ലീഗിന് കൂടുതൽ താരത്തിളക്കം സമ്മാനിക്കും എന്നാണ് വിദഗ്ധർ കരുതുന്നത്. മറ്റു ചില സെലിബ്രേറ്റിക്കളും ടൂർണമെന്റിൽ ടീമുകൾ സ്വന്തമാക്കാനുള്ള തങ്ങളുടെ താല്പര്യം അറിയിച്ച് രംഗത്തെത്തുകയുണ്ടായി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മാതൃകയിലാണ് കെസിഎ ഈ ലീഗ് കെട്ടിപ്പടുക്കുന്നത്. ഇതിനോടകം തന്നെ സിനിമാതാരം പൃഥ്വിരാജ് സുകുമാരൻ സൂപ്പർ ലീഗിൽ ഒരു ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചി ആസ്ഥാനമായ ടീമിന്റെ ഓഹരികളാണ് പൃഥ്വിരാജ് വാങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ സിനിമ നടന്മാരും ക്രിക്കറ്റ്‌ ലീഗ് രംഗത്ത് എത്തുന്നുണ്ട് എന്നാണ് സൂചനകൾ.

Read Also -  ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോർ. നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യ.

ലീഗിന്റെ ടിവി സംപ്രേഷണാവകാശം ഇതിനോടകം തന്നെ സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഫാൻകോഡ് ആണ്. ഇത്തരത്തിൽ ഐപിഎൽ മാതൃകയിൽ സംസ്ഥാനങ്ങളിൽ ക്രിക്കറ്റ് ലീഗുകൾക്ക് തുടക്കമിട്ടത് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ആയിരുന്നു. തമിഴ്നാട് പ്രീമിയർ ലീഗ് വലിയ ശ്രദ്ധ നേടിയതിന് ശേഷമാണ് മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തിൽ ലീഗുകൾ ആരംഭിച്ചത്. ഇന്ത്യാ സിമന്റ്സിന്റെ ഉടമയും മുൻ ബിസിസിഐ പ്രസിഡണ്ടുമായ എൻ ശ്രീനിവാസനായിരുന്നു തമിഴ്നാട് പ്രീമിയർ ലീഗിന് ആരംഭം കുറിച്ചത്. എന്തായാലും കേരളത്തെ സംബന്ധിച്ചും വലിയൊരു വിപ്ലവമാണ് ക്രിക്കറ്റ് ലീഗിലൂടെ വരാൻ പോകുന്നത്.

Scroll to Top