കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശ പോരാട്ടത്തിൽ 2 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കൊല്ലം സെയിലേഴ്സ്. അത്യന്തം ആവേശകരമായ മത്സരത്തിന്റെ അവസാന പന്തിലാണ് ആലപ്പി ടീമിനെ കൊല്ലം എറിഞ്ഞു വീഴ്ത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആലപ്പിയും ടീമായിരുന്നു മുൻപിൽ.

പക്ഷേ അവസാന ഓവറുകളിൽ കൊല്ലം ടീം തകർപ്പൻ ബോളിംഗ് പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. മത്സരത്തിൽ കൊല്ലത്തിനായി ബാറ്റിംഗിൽ തിളങ്ങിയത് അർധസെഞ്ച്വറി സ്വന്തമാക്കിയ സച്ചിൻ ബേബിയാണ്. ബോളിങ്ങിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബിജു നാരായണൻ മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഭിഷേക് നായരും(26) അരുൺ പൗലോസും(17) തരക്കേടില്ലാത്ത തുടക്കമാണ് കൊല്ലം ടീമിന് നൽകിയത്. ഇരുവർക്കും പവർപ്ലെ ഓവറുകളിൽ ക്രീസിലുറച്ച് മികച്ച പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ സാധിച്ചു. പിന്നാലെ നായകൻ സച്ചിൻ ബേബി കൊല്ലം ടീമിനായി അടിച്ചു തകർത്തു.

ഇതോടെ കൊല്ലം മത്സരത്തിലേക്ക് ശക്തമായി എത്തുകയായിരുന്നു. ഒരു വെടിക്കെട്ട് അർധസെഞ്ച്വറി ആണ് സച്ചിൻ ബേബി മത്സരത്തിൽ നേടിയത്. 33 പന്തുകളിൽ 56 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. 5 ബൗണ്ടറികളും 4 സിക്സറുകളും സച്ചിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഒപ്പം മറ്റൊരു മധ്യനിര ബാറ്ററായ രാഹുൽ ശർമയും അവസാന ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടു. 24 പന്തുകളിൽ 2 സിക്സറുകളും 3 ബൗണ്ടറികളുമടക്കം 40 റൺസ് ആയിരുന്നു രാഹുൽ ശർമ നേടിയത്. ഇതോടെ കൊല്ലം നിശ്ചിത 20 ഓവറുകളിൽ 163 റൺസ് എന്ന സ്കോറിൽ എത്തുകയുണ്ടായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആലപ്പിക്കായി നായകൻ അസറുദ്ദീനും കൃഷ്ണപ്രസാദും കരുതലോടെയാണ് ആരംഭിച്ചത്. 68 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. 28 റൺസ് നേടിയ കൃഷ്ണപ്രസാദ് പുറത്തായ ശേഷവും അസറുദ്ദീൻ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

മത്സരത്തിൽ 38 പന്തുകൾ നേരിട്ട അസറുദ്ദീൻ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 56 റൺസാണ് നേടിയത്. എന്നാൽ അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമായതോടെ ആലപ്പി ടീം ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. തുടർച്ചയായി 4 വിക്കറ്റുകൾ നഷ്ടമായത് ആലപ്പി ടീമിനെ പിന്നിലേക്ക് എത്തിച്ചു. ഈ സമയത്ത് ശക്തമായ തിരിച്ചുവരവാണ് കൊല്ലത്തിന്റെ ബോളർമാർ കാഴ്ചവച്ചത്. മത്സരത്തിന്റെ നിർണായകമായ പതിനെട്ടാം ഓവറിൽ ഷറഫുദ്ദീൻ തുടർച്ചയായ പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ ആലപ്പി പൂർണ്ണമായും തകർന്നു. അവസാന 2 ഓവറുകളിൽ 23 റൺസായിരുന്നു ആലപ്പിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

ബേസിൽ എറിഞ്ഞ 19ആം ഓവറിൽ 12 റൺസ് സ്വന്തമാക്കാൻ ആലപ്പി ടീമിന് സാധിച്ചു. ഓവറിലെ അവസാന പന്തിൽ ഫനൂസ് സിക്സർ നേടിയതാണ് വഴിത്തിരിവായി മാറിയത്. ഇതോടെ അവസാന ഓവറിലെ ആലപ്പിയുടെ വിജയലക്ഷ്യം 11 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്ത് ഒരു ഡോട്ട് ബോളാക്കി മാറ്റാൻ കെഎം ആസിഫിന് സാധിച്ചു.

തൊട്ടടുത്ത പന്തിൽ ഒരു സിംഗിൾ മാത്രമാണ് നീൽ സണ്ണിക്ക് നേടാൻ സാധിച്ചത്. ഇതോടെ ആലപ്പിയുടെ വിജയലക്ഷ്യം 4 പന്തുകളിൽ 10 റൺസായി മാറുകയായിരുന്നു. പക്ഷേ അടുത്ത പന്തിൽ ഒരു കിടിലൻ സിക്സർ നേടി ആലപ്പി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ശേഷം അടുത്ത 2 പന്തുകളിലും ആസിഫ് ആലപ്പി ടീമിനെ വിറപ്പിച്ചു. ഇതോടെ അവസാന പന്തിലെ ആലപ്പിയുടെ വിജയലക്ഷ്യം 3 റൺസായി. അവസാന പന്തിൽ ആസിഫ് നീലിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെ 2 റൺസിന്റെ വിജയം കൊല്ലം നേടിയെടുക്കുകയായിരുന്നു.

Previous articleഗില്ലും ഋതുരാജുമല്ല, എന്നെ ദുലീപ് ട്രോഫിയിൽ ഞെട്ടിച്ച ക്യാപ്റ്റൻസി അവന്റെയാണ്. മുൻ കോച്ച് പറയുന്നു.
Next articleഏത് പിച്ചിലും ബാറ്റർമാരെ കബളിപ്പിക്കാൻ അവന് സാധിക്കും. ഇന്ത്യയുടെ അത്ഭുത ബോളറെ പറ്റി ബാസിത് അലി.