മുംബൈ ഇന്ത്യൻസ് രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ നായകനാക്കി നിയമിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്. മത്സരങ്ങൾ എവിടെ നടന്നാലും അവിടെ ഹർദിക് പാണ്ഡ്യക്കെതിരെ കൂവുന്ന ഗ്യാലറിയാണ് നിലവിൽ കാണാൻ സാധിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള വലിയ അധിക്ഷേപങ്ങൾക്കിടയിലും നായകൻ ഹർദിക്കിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈയുടെ യുവതാരം ഇഷാൻ കിഷൻ. പാണ്ഡ്യ ഇത്തരത്തിൽ വലിയ വെല്ലുവിളികൾ നേരിടാൻ സാധിക്കുന്ന ഒരു താരമാണ് എന്ന് കിഷൻ പറയുന്നു. അതിനാൽ തന്നെ ഹർദിക് പാണ്ഡ്യ ഈ സാഹചര്യം തരണം ചെയ്യുമേന്നാണ് കിഷൻ പറയുന്നത്.
മുംബൈയുടെ ബാംഗ്ലൂരിനെതിരായ മത്സരത്തിനിടയും ആരാധകർ ഹർദിക്കിനെതിരെ കൂവി വിളിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ കൃത്യമായ സമയത്ത് വിരാട് കോഹ്ലി മുൻപിലേക്ക് വരികയും പാണ്ഡ്യയെ കൂവുന്നത് വിലക്കുകയും ചെയ്തു. ശേഷമാണ് ഇഷാൻ കിഷൻ ഇത്തരത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ആരാധകർ ഇത്തരത്തിൽ രോഷം പ്രകടിപ്പിക്കുന്നതിന് ഒരുതരത്തിലും പരാതിപ്പെടാൻ സാധിക്കില്ല എന്നാണ് കിഷൻ പറയുന്നത്. കാരണം ഓരോ ആരാധകർക്കും അവരുടേതായ പ്രതീക്ഷകളും അവരുടേതായ വീക്ഷണങ്ങളുമുണ്ട് എന്ന് കിഷൻ പറയുകയുണ്ടായി.
“ഹർദിക് പാണ്ഡ്യയെപ്പറ്റി പറയുകയാണെങ്കിൽ അവന് ഇത്തരം വെല്ലുവിളികൾ വലിയ ഇഷ്ടമാണ്. മുൻപും ഇത്തരം സാഹചര്യങ്ങളിൽ ഹർദിക് പാണ്ഡ്യ കളിച്ചിട്ടുണ്ട്. ഇപ്പോഴും അവന് മുൻപിലേക്ക് വലിയ വെല്ലുവിളികൾ തന്നെയാണ് വന്നിരിക്കുന്നത്.
ഇതെല്ലാം വലിയ കാര്യമായി എടുത്ത് അതിനെപ്പറ്റി സംസാരിക്കുകയോ മറ്റു കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്ന താരമല്ല ഹർദിക് പാണ്ഡ്യ. മൈതാനത്തിന് പുറത്തും ഒരുപാട് കഠിനപ്രയത്നത്തിൽ ഏർപ്പെടുന്ന താരമാണ് പാണ്ഡ്യ എന്ന് എനിക്കറിയാം. മൈതാനത്തിനകത്ത് അവൻ വേറെ ലെവൽ താരമാണ്.”- ഇഷാൻ കിഷൻ പറഞ്ഞു.
“ഒരുപക്ഷേ ഈ സാഹചര്യം ഹർദിക് പാണ്ഡ്യ ആസ്വദിക്കുന്നുണ്ടാവും. അവനൊപ്പം കുറച്ചധികം സമയങ്ങൾ ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അവൻ നന്നായി തന്നെ ഇത് ആസ്വദിക്കും. ഇത്തരം വെല്ലുവിളികൾക്ക് അവൻ തയ്യാറാണ്. കാരണം നമുക്ക് ഒരിക്കലും ആരാധകരോട് പരാതി പറയാൻ സാധിക്കില്ല. അവർ അവരുടെതായ പ്രതീക്ഷകളും വീക്ഷണങ്ങളും വച്ചാണ് രംഗത്ത് എത്തുന്നത്. അതേസമയത്ത് തന്നെ ഞാൻ അറിയുന്ന ഹർദിക് പാണ്ഡ്യ ഇത്തരം വെല്ലുവിളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ്.”
“ആളുകൾ ഇത്തരത്തിൽ ചെയ്യുന്നത് ഹർദിക്കിന് ഒരുപക്ഷേ ഇഷ്ടമായിരിക്കും. വരും മത്സരങ്ങളിൽ ബാറ്റ് കൊണ്ട് തന്നെ അവൻ അതിന് മറുപടി നൽകുകയും പിന്തുണ നേടിയെടുക്കുകയും ചെയ്യും. കാരണം നിങ്ങൾ നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ആളുകൾ നിങ്ങളുടെ കഠിനപ്രയത്നം അംഗീകരിക്കും. ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും.”- കിഷൻ കൂട്ടിച്ചേർത്തു.