കുൽദീപല്ല, ടെസ്റ്റിൽ അശ്വിന്റെ പകരക്കാരൻ അവനാണ്. ദിനേശ് കാർത്തിക് പറയുന്നു.

ashwin and rohit sharma

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. തന്റെ ടെസ്റ്റ് കരിയറിൽ ഇന്ത്യക്കായി വമ്പൻ നേട്ടങ്ങളാണ് ഈ സ്പിന്നർ നേടിയിട്ടുള്ളത്. ഈ വർഷം ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് പ്രധാനപ്പെട്ട 3 ടെസ്റ്റ് പരമ്പരകളാണ്. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഈ വർഷം ടെസ്റ്റ്‌ മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

ഈ പരമ്പരകളിലൊക്കെയും ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാൾ രവിചന്ദ്രൻ അശ്വിനാണ് എന്ന് നിസംശയം പറയാൻ സാധിക്കും. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അശ്വിൻ. എന്നാൽ വലിയ താമസമില്ലാതെ തന്നെ അശ്വിൻ തന്റെ വിരമിക്കൽ പ്രഖ്യാപിക്കും എന്നതും ഉറപ്പാണ്. ഈ സാഹചര്യത്തിൽ അശ്വിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ബാക്കപ്പ് ബോളറെ കണ്ടെത്തേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്.

അശ്വിന് പകരക്കാരനായി പലരും ഉയർത്തിക്കാട്ടുന്ന പേര് കുൽദീപ് യാദവിന്റേതാണ്. ഇന്ത്യയ്ക്കായി സമീപകാലത്ത് എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ചുരുക്കം ബോളർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. എന്നാൽ അശ്വിന് പകരക്കാരനായി ഇന്ത്യ ഉയർത്തിക്കൊണ്ടു വരേണ്ടത് കുൽദീപ് യാദവിനെ അല്ല എന്നാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്. അശ്വിന് പകരക്കാരനായി ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ വളർത്തിക്കൊണ്ട് വരണം എന്ന് കാർത്തിക് പറയുന്നു. പ്രധാനമായും ഇന്ത്യ അടുത്ത തലമുറയെയാണ് സൃഷ്ടിക്കേണ്ടത് എന്നാണ് കാർത്തിക്കിന്റെ കാഴ്ചപ്പാട്.

Read Also -  ഇതുപോലെ ചെയ്യൂ. ബാബറിനു ഉപദേശവുമായി വിരേന്ദര്‍ സേവാഗ്.

“അശ്വിന് പകരക്കാരനായി ഇന്ത്യ അടുത്ത തലമുറയിലെ ഓഫ് സ്പിന്നർമാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ലയൻസിന് എതിരായ പരമ്പരയിൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. 3 ഓഫ് സ്പിന്നർമാരാണ് 3 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി അണിനിരന്നത്. പുൽകിട്ട് നാരങ്‌, വാഷിംഗ്ടൺ സുന്ദർ, സാരംസ് ജെയ്ൻ എന്നിവർ പരമ്പരയിൽ അണിനിരന്നിരുന്നു.”- ദിനേശ് കാർത്തിക് പറയുന്നു. ഈ സ്പിന്നർമാരിൽ ഏറ്റവും അനുയോജ്യനായ താരം വാഷിംഗ്ടൺ സുന്ദറാണ് എന്നാണ് കാർത്തിക്കിന്റെ അഭിപ്രായം.

“അശ്വിന്റെ പകരക്കാരനായി വാഷിംഗ്ടൺ സുന്ദറിനെ ഉയർത്തിക്കൊണ്ടു വരാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. അത് അനുയോജ്യമായ ചോയ്സാണ്. കഴിഞ്ഞ സമയങ്ങളിൽ തനിക്ക് ലഭിച്ച ചുരുക്കം അവസരങ്ങൾ വളരെ നന്നായി ഉപയോഗിക്കാൻ വാഷിംഗ്ടൺ സുന്ദറിന് സാധിച്ചിട്ടുണ്ട്. തന്റേതായ ദിവസം എതിർ ടീമിലെ ബാറ്റർമാരെ കുഴപ്പിക്കാൻ സാധിക്കുന്ന താരമാണ് വാഷിംഗ്ടൺ സുന്ദർ.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർക്കുന്നു. എന്തായാലും ഗംഭീറിന്റെ നേതൃത്വത്തിൽ വലിയ മാറ്റത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. അതിനാൽ വാഷിംഗ്ടൺ സുന്ദറിന് വരും മത്സരങ്ങളിൽ അവസരം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top