കുടുംബഭാരത്താൽ ക്രിക്കറ്റ്‌ ഉപേക്ഷിച്ച ആകാശ് ദീപ്. പിതാവിന്റെ വിയോഗത്തിലും തളരാതെ മുൻപോട്ട്.

aakash deep

തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് യുവതാരം ആകാശ് ദീപ് പുറത്തെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ സെഷനിൽ തന്നെ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഈ താരത്തിന് സാധിച്ചു. ഒരുപാട് കഠിനപ്രയത്നത്തിലൂടെയാണ് ആകാശ് ദീപ് ഇന്ത്യൻ ടീമിലേക്ക് എത്തപ്പെട്ടത്.

ക്രിക്കറ്റ് എന്ന ആവേശം ഉള്ളിൽ നിറച്ച ആകാശ് ദീപിന് തന്റെ കുടുംബത്തിൽ നിന്നും മറ്റും ഒരുപാട് പ്രതിസന്ധികൾ ഉണ്ടായി. ഇതിനെയെല്ലാം തരണം ചെയ്താണ് ആകാശ് ഇന്ന് ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. ബീഹാറിലെ സസരാമിൽ ജനിച്ച ആകാശിന് ക്രിക്കറ്റ് എന്നത് ചെറുപ്പത്തിൽ തന്നെ വലിയ ആവേശമായിരുന്നു.

എന്നാൽ ആകാശിന്റെ പിതാവ് അവനെ ക്രിക്കറ്റ് എന്ന മോഹത്തിൽ നിന്ന് മാറ്റി ചിന്തിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു. ക്രിക്കറ്റിന്റെ ദൂഷ്യവശങ്ങൾ മകന് പറഞ്ഞു കൊടുത്ത് കുടുംബത്തെ സാമ്പത്തിക ഭദ്രമാക്കാനായി ചിന്തിപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ ലക്ഷ്യം. അതിനായി ജോലി അന്വേഷിച്ച് ദുർഗാപൂരിലേക്ക് ആകാശ് ദീപ് യാത്രയും തിരിച്ചു.

അവിടെ തന്റെ അങ്കിളിന്റെ പിന്തുണ ആകാശ് ദീപിന് ലഭിച്ചിരുന്നു. ദുർഗാപൂരിൽ ഒരു ലോക്കൽ അക്കാദമിയിൽ ആകാശ് ദീപ് തന്റെ പരിശീലനം ആരംഭിച്ചു. കൃത്യമായി പേസ് ബോളിങ്ങിൽ തന്നെയാണ് ആകാശ് ദീപ് അന്നു മുതൽ ശ്രദ്ധിക്കുന്നത്. പക്ഷേ വിധി മറ്റൊരു രൂപത്തിൽ ആകാശിനെതിരെ തിരിഞ്ഞു. കുറച്ചുനാളുകൾക്കകം തന്നെ ഹൃദയാഘാതം മൂലം ആകാശിന് തന്റെ പിതാവിനെ നഷ്ടമായി. ഇതിന് ശേഷം രണ്ടു മാസത്തിനുള്ളിൽ മൂത്ത സഹോദരനും ആകാശിനെ വിട്ടുപോയി.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

ഇതോടുകൂടി പൂർണമായും ആകാശിന് ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. 3 വർഷത്തോളം ക്രിക്കറ്റുമായി യാതൊരു ബന്ധവും പുലർത്താതെയാണ് ആകാശ് ജീവിതം മുമ്പിലേക്ക് കൊണ്ടുപോയത്. ഈ മൂന്ന് വർഷവും തന്റെയും തന്റെ കുടുംബത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങൾ പുനർ നിർമിക്കാനാണ് അവൻ ശ്രമിച്ചത്.

എന്നാൽ ക്രിക്കറ്റ് എന്നത് തന്റെ ഉള്ളിൽ വലിയ മോഹമായി അപ്പോഴും അവശേഷിക്കുന്നു എന്ന് ആകാശ് തിരിച്ചറിയുകയായിരുന്നു. ശേഷം ആകാശ് വീണ്ടും ദുർഗാപൂരിലേക്ക് തിരിച്ചു. പിന്നീട് കൊൽക്കത്തയിൽ എത്തുകയും ഒരു ചെറിയ വാടക മുറിയിൽ തന്റെ ബന്ധുവിനൊപ്പം താമസം തുടങ്ങുകയും ചെയ്തു.

ശേഷമാണ് ആകാശിന്റെ ക്രിക്കറ്റ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത്. ബംഗാളിനായി അണ്ടർ 23 ടീമിൽ കളിക്കാനുള്ള അവസരം ആകാശിനെ തേടിയെത്തി. പിന്നീട് രഞ്ജി ട്രോഫിയിൽ കളിക്കുകയും, ശേഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി ഐപിഎൽ കളിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് ഇന്ത്യ ആകാശ് ദീപിനെ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Scroll to Top