2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ക്യാമ്പയിൻ അയർലൻഡിനെതിരായ മത്സരത്തോടുകൂടി ആരംഭിക്കുകയാണ്. ന്യൂയോർക്കിൽ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്. ഇതിന് മുൻപായി, ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഏതുതരം മനോഭാവം പുലർത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
ഇന്ത്യ ഈ ലോകകപ്പിൽ പൂർണമായി ആക്രമണ മനോഭാവം പുറത്തുകാട്ടണം എന്നാണ് വസിം ജാഫർ ആവശ്യപ്പെടുന്നത്. ഭയപ്പാട് ഇല്ലാത്ത രീതിയിൽ പ്രതികരിച്ചാൽ മാത്രമേ ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കൂ എന്ന് വസീം ജാഫർ കരുതുന്നു. കഴിഞ്ഞ 2-3 ലോകകപ്പുകളിൽ ഇന്ത്യ ഇത്തരത്തിലല്ല മുന്നോട്ടുപോയതെന്നും വസീം ജാഫർ പറഞ്ഞു വയ്ക്കുകയുണ്ടായി.
അവസാന 2 ലോകകപ്പുകളിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പ്രതിരോധ മനോഭാവമായിരുന്നു പുറത്തെടുത്തിരുന്നത്. ഇത് ഇന്ത്യൻ ടീമിന്റെ പരാജയത്തിൽ വലിയ കാരണമായി മാറുകയും ചെയ്തു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ആ സമയത്ത് പൊട്ടിപ്പുറപ്പെട്ടിരുന്നു. ശേഷമാണ് വസീം ജാഫർ ഇന്ത്യയ്ക്ക് നിർദ്ദേശവുമായി രംഗത്ത് എത്തിയത്.
“കഴിഞ്ഞ 2-3 ലോകകപ്പുകളിൽ ഇന്ത്യ വളരെ ഭയത്തോട് കൂടിയാണ് കളിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ നിന്നും മാറി ഭയപ്പാടില്ലാത്ത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ ഈ ലോകകപ്പിൽ തയ്യാറാവണം. കുറച്ചുകൂടി ആക്രമണ മനോഭാവം പുലർത്തി മത്സരത്തെ നേരിടേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ റോൾ വളരെ നിർണായകമാണ്.”- വസീം ജാഫർ പറഞ്ഞു.
ഒപ്പം ലോകകപ്പിൽ വിരാട് കോഹ്ലിയുടെ പ്രാധാന്യത്തെ പറ്റിയും വസീം ജാഫർ പറയുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചതുപോലെ ആക്രമണ മനോഭാവത്തിൽ കോഹ്ലിയും ബാറ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് വസീം ജാഫറുടെ അഭിപ്രായം. “വിരാട് കോഹ്ലി ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമോ, മൂന്നാം നമ്പറിൽ കളിക്കുമോ എന്ന കാര്യമൊന്നും നമുക്ക് അറിയില്ല. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗൽ കളിച്ചത് പോലെ വളരെ ആക്രമണപരമായ ബ്രാൻഡ് ഓഫ് ക്രിക്കറ്റ് കളിക്കാൻ വിരാട് കോഹ്ലി തയ്യാറാവണം എന്നത് മാത്രമാണ് പറയാനുള്ളത്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇത്തരത്തിലാണ് കോഹ്ലി മുൻപോട്ട് പോയത്. ഇന്ത്യൻ ബാറ്റിംഗ് പൂർണമായും കോഹ്ലിയെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിട്ടുള്ളത്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
അയർലൻഡിനെതിരായ മത്സരത്തിന് ശേഷമാണ് ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം നടക്കുന്നത്. ജൂൺ 9ന് ന്യൂയോർക്കിലാണ് ഇന്ത്യ- പാകിസ്ഥാൻ ആവേശ പോരാട്ടം. ലോക ക്രിക്കറ്റ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇത്. അതിനാൽ തന്നെ ഇതിന് മുൻപ് അയർലൻഡിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ആത്മവിശ്വാസം തിരിച്ചുപിടിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ന്യൂയോർക്ക് പിച്ച് അമിതമായി ബോളിങ്ങിനെ പിന്തുണയ്ക്കുന്നതിനെതിരെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് മുൻപ് രംഗത്ത് വന്നിരുന്നു.