ഇന്ത്യയ്ക്കായി കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് വിരാട് കോഹ്ലി. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും 2024ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിൽ ഉൾപ്പെടെ കോഹ്ലിയുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ്കോച്ച് രവി ശാസ്ത്രി. മറ്റ് ക്രിക്കറ്റർമാരിൽ നിന്ന് വളരെ വ്യത്യസ്തനായ താരമാണ് വിരാട് കോഹ്ലി എന്ന് ശാസ്ത്രി പറയുകയുണ്ടായി. എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ സാധിക്കുന്നതാണ് കോഹ്ലിയുടെ പ്രത്യേകത എന്നും താരം പറയുന്നു.
ഒരു താരത്തെയും മറ്റൊരു തലമുറയിലെ താരവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് ശാസ്ത്രി പറയുകയുണ്ടായി. കഴിഞ്ഞ 10 വർഷങ്ങളിൽ കോഹ്ലി എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ സാധിച്ച താരമാണ് എന്നും ശാസ്ത്രി പറഞ്ഞു. പല താരങ്ങൾക്കും ഇത്തരത്തിൽ ദീർഘകാലം മികവ് പുലർത്താൻ സാധിച്ചിട്ടില്ല എന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
2019 നവംബറിലാണ് കോഹ്ലി തന്റെ ബാറ്റിംഗ് ഫോമിൽ അല്പം പിന്നിലേക്ക് പോയത്. അതുവരെ എല്ലാ ഫോർമാറ്റിലും ഏറ്റവും മികച്ച താരമായിരുന്നു വിരാട് കോഹ്ലി. ശേഷം തന്റെ ഫോം വീണ്ടെടുത്ത് മികവ് പുലർത്താനും താരത്തിന് സാധിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നിർണായക ഘടകം തന്നെയാണ് കോഹ്ലി.
“വ്യത്യസ്ത തലമുറയിലുള്ള താരങ്ങളെ നമുക്ക് ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഒരു ക്രിക്കറ്റർക്ക് ഒരുപാട് കാലം തന്റെ മത്സരത്തിൽ ഏറ്റവും ഉയർന്ന നിലയിൽ തുടരാൻ സാധിച്ചാൽ അതയാളുടെ മികവ് തന്നെയാണ് എടുത്തു കാട്ടുന്നത്. കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി അതിന് അനുസൃതമായി കളിക്കാനുള്ള കഴിവ് കോഹ്ലിയ്ക്കുണ്ട്. ഇതൊക്കെയും കോഹ്ലിയുടെ കഴിവുകൾ തന്നെയാണ് എടുത്തു കാട്ടുന്നത് ഒരുപാട് താരങ്ങൾക്ക് ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കാറില്ല അതുകൊണ്ടു തന്നെയാണ് അവൻ വ്യത്യസ്തമായ ഒരു താരമാണ് എന്ന് എല്ലാവരും പറയുന്നത്.”- ശാസ്ത്രി പറഞ്ഞു.
“എന്നെ സംബന്ധിച്ച് കോഹ്ലി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. എല്ലാ ഫോർമാറ്റുകളിലും തന്റെ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷങ്ങളിൽ എല്ലാ ഫോർമാറ്റിലും ഇത്തരത്തിൽ ആധിപത്യം സ്ഥാപിച്ച് കൃത്യമായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരേയൊരു ക്രിക്കറ്റർ കോഹ്ലി മാത്രമായിരിക്കും. ജോ റൂട്ട് ഒരു ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സ്റ്റീവൻ സ്മിത്തും ഒരു ഫോർമാറ്റിൽ മികവ് പുലർത്തിയിട്ടുണ്ട്. രോഹിത് ശർമയും ഒരു ഫോർമാറ്റിൽ മികവ് പുലർത്തിയ താരമാണ്. എന്നാൽ എല്ലാ ഫോർമാറ്റിലും മികവു പുലർത്തിയ താരങ്ങൾ കുറവാണ്.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു