“അവനില്ലാത്ത ഇന്ത്യൻ ബോളിംഗ് നിര വട്ടപ്പൂജ്യം”, വിമർശനവുമായി പാകിസ്ഥാൻ മുൻ താരം

385610

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ പാക്കിസ്ഥാൻ പേസർ ജുനൈദ് ഖാൻ. ബൂമ്ര ഇല്ലാത്ത ഇന്ത്യൻ ടീം വെറും പൂജ്യമാണ് എന്ന് ജുനൈദ് ഖാൻ തുറന്നു പറഞ്ഞിരിക്കുന്നു. വളരെ ദയനീയമായ പരാജയമായിരുന്നു ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ നേരിട്ടത്.

3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 1997ന് ശേഷം ഇത് ആദ്യമായാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പരയിൽ പരാജയം നേരിടുന്നത്. ഇരു ടീമുകളുടെയും സ്പിന്നർമാരാണ് പരമ്പരയിൽ ആധിപത്യം സ്ഥാപിച്ചത്. എന്നാൽ ശ്രീലങ്കൻ ബോളർമാർ കൂടുതൽ മികവ് പുലർത്തി ഇന്ത്യയെ എറിഞ്ഞിടുന്നതാണ് പരമ്പരയിൽ ഉടനീളം കണ്ടത്.

മറുവശത്ത് ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീഴുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജുനൈദ് ഖാന്റെ വിമർശനം. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ജുനൈദ് ഖാൻ ഇത്തരത്തിലുള്ള പ്രതികരണം അറിയിച്ചത്. “ബൂമ്രയില്ലാത്ത ഇന്ത്യയുടെ ബോളിംഗ് നിര വെറും പൂജ്യം മാത്രമാണ്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?”. ഇങ്ങനെയാണ് ജുനൈദ് ഖാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്. ജുനൈദിന്റെ ഈ ട്വീറ്റിന് പിന്നാലെ ഒരുപാട് കമന്റുകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പലരും പാക്കിസ്ഥാൻ ടീമിനെ ട്രോളിക്കൊണ്ടാണ് രംഗത്തെത്തിയത്.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങളായിരുന്നു ബൂമ്ര കാഴ്ചവെച്ചത്. അതിനുശേഷം ഇന്ത്യ ബുമ്രയ്ക്ക് പരമ്പരകളിൽ നിന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ താരമായി മാറാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. 15 വിക്കറ്റുകളാണ് ലോകകപ്പിൽ ബൂമ്ര സ്വന്തമാക്കിയത്.

8.26 എന്ന ശരാശരിയിൽ ആയിരുന്നു ബുമ്രയുടെ ഈ അത്യുഗ്രൻ നേട്ടം. ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെയും അർഷദീപ് സിംഗിനെയുമാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പേസർമാരായി തിരഞ്ഞെടുത്തത്. എന്നാൽ ഇരുവരും ഇമ്പാക്ട് ഉണ്ടാക്കാതെ മടങ്ങുകയാണ് ഉണ്ടായത്.

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് ശ്രീലങ്കക്കെതിരായ പരമ്പരയിലൂടെ നേരിട്ടിരിക്കുന്നത്. ഇന്ത്യ തന്നെയായിരുന്നു പരമ്പരയിലെ ഫേവറേറ്റുകൾ. അതിനാൽ തന്നെ ഇന്ത്യ പരമ്പര അനായാസം സ്വന്തമാക്കുമെന്ന് എല്ലാവരും കരുതി.

പക്ഷേ അവിശ്വസനീയ പ്രകടനമായിരുന്നു ശ്രീലങ്കൻ താരങ്ങൾ പരമ്പരയിൽ കാഴ്ചവച്ചത്. പുതിയ പരിശീലകനായ സനത് ജയസൂര്യയുടെ നേതൃത്വത്തിൽ വളരെ ആക്ടീവായ പ്രകടനം തന്നെയാണ് ശ്രീലങ്ക കാഴ്ചവച്ചത്. നിർഭാഗ്യവശാൽ ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഏകദിന പരമ്പരയിൽ വമ്പൻ കുതിച്ചുചാട്ടമാണ് ശ്രീലങ്ക ഉണ്ടാക്കിയിരിക്കുന്നത്

Scroll to Top