ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 20 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറുകളിൽ 229 റൺസായിരുന്നു നേടിയത്. ഓപ്പണർമാരായ ഫ്രേസർ മക്ഗർക്കിന്റെയും അഭിഷേക് പോറലിന്റെയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറികളാണ് മത്സരത്തിൽ ഡൽഹിയെ ഇത്ര മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിൽ മലയാളി താരം സഞ്ജു സാംസൺ മികവ് പുലർത്തി. 46 പന്തുകളിൽ 86 റൺസാണ് സഞ്ജു നേടിയത്. പക്ഷേ വിജയത്തിന് തൊട്ടരികെ സഞ്ജുവിന് കീഴടങ്ങേണ്ടി വന്നു. മത്സരത്തിലെ പരാജയത്തെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
മത്സരം തങ്ങളുടെ കയ്യിൽ നിന്ന് പെട്ടെന്നുതന്നെ വിട്ടു പോവുകയായിരുന്നു എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. “എനിക്ക് തോന്നുന്നത് മത്സരം ഞങ്ങളുടെ കയ്യിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നാണ്. ഒരു സമയത്ത് ഞങ്ങൾക്ക് വിജയിക്കാൻ 11-12 റൺസ് മാത്രമാണ് ഒരു ഓവറിൽ വേണ്ടിയിരുന്നത്.
അത് ഞങ്ങൾക്ക് നേടാൻ സാധിക്കുന്ന റൺസ് തന്നെയായിരുന്നു. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. ബാറ്റിങ്ങിലും ബോളിങ്ങിനും സ്ഥിരത കാണിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്താണോ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത് അതനുസരിച്ച് നിൽക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ 10 റൺസ് അധികമായി നേടാൻ ഡൽഹിക്ക് സാധിച്ചു.”- സഞ്ജു പറഞ്ഞു.
“ഡൽഹി ഓപ്പണർമാർ ആദ്യം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിട്ടും ഞങ്ങൾ അതിവിദഗ്ധമായി മത്സരത്തിലേക്ക് തിരികെ വന്നു. ഈ ഐപിഎല്ലിലെ ഞങ്ങളുടെ മൂന്നാം പരാജയമാണിത്. പരാജയപ്പെട്ട മത്സരങ്ങളിലൊക്കെയും വലിയ പോരാട്ടവീര്യം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു.
ഞങ്ങൾ അവിശ്വസനീയമായി കളിച്ചുവെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം മൊമന്റം മുമ്പിലേക്ക് കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. മത്സരത്തിലെ വിജയത്തിന്റെ നല്ലൊരു ശതമാനം ക്രെഡിറ്റ് നൽകുന്നത് സ്റ്റബ്സിനാണ്. അവസാന ഓവറുകളിൽ സന്ദീപ് ശർമയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.”- സഞ്ജു കൂട്ടിച്ചേർത്തു.
“സന്ദീപ് ശർമയ്ക്കും യുസ്സ്വേന്ദ്ര ചാഹലിനുമെതിരെ 2-3 സിക്സറുകൾ അധികമായി നേടാൻ സ്റ്റബ്സിന് സാധിച്ചിരുന്നു. മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. എന്നിരുന്നാലും എവിടെയാണ് ഞങ്ങളെ പരാജയം ബാധിച്ചത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അത് കണ്ടെത്തി കൃത്യമായി മുൻപിലേക്ക് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- സഞ്ജു പറഞ്ഞു വയ്ക്കുന്നു. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് നിരാശാജനകമായ പരാജയം തന്നെയാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. വിജയത്തിന് അടുത്തു നിന്നാണ് രാജസ്ഥാൻ ഇത്തരത്തിൽ ഒരു പരാജയത്തിലേക്ക് എത്തിയത്.