ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി സഞ്ജു സാംസനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത്. തന്റെ സ്വന്തം നായകനായ പാറ്റ് കമ്മിൻസിനെ ഒഴിവാക്കിയാണ് സഞ്ജു സാംസനെ ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായി സ്മിത്ത് തെരഞ്ഞെടുത്തത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകനെ തിരഞ്ഞെടുക്കാനുള്ള അവകാശമായിരുന്നു സ്റ്റീവ് സ്മിത്തിന് അഭിമുഖത്തിൽ നൽകിയിരുന്നത്. ഇവിടെയാണ് സ്മിത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി സഞ്ജുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിലെ ആദ്യ 4 മത്സരങ്ങളിലും തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.
നിലവിൽ വളരെ മികച്ച രീതിയിൽ ടീമിനെ നയിക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. തന്റെ ബുദ്ധിപരമായ ബോളിംഗ് മാറ്റങ്ങൾ കൊണ്ട് ആരാധകരെ അടക്കം അമ്പരപ്പിക്കുന്ന താരമാണ് സഞ്ജു. തന്റെ ടീമിനുള്ളിൽ തന്നെ മികച്ച സന്തുലിതാവസ്ഥ കൊണ്ടുവരാനും സഞ്ജുവിന് കഴിഞ്ഞു.
അതിനാൽ തന്നെ രാജസ്ഥാൻ നിലവിൽ മികച്ച ഫോമിലാണ് ഈ ഐപിഎല്ലിൽ കളിക്കുന്നത്. റിയാൻ പരാഗിന്റെ അടക്കമുള്ള മികച്ച പ്രകടനങ്ങളാണ് രാജസ്ഥാന് വലിയ രക്ഷയായുള്ളത്. ടീമിനെ പൂർണ്ണമായും നയിക്കാനും മുൻപോട്ടു കൊണ്ടുപോകാനും സഞ്ജു സാംസണിന് സാധിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്മിത്ത് സഞ്ജുവിനെ തിരഞ്ഞെടുത്തത്.
Steve Smith picks between IPL 2024 captains 👇
— ESPNcricinfo (@ESPNcricinfo) April 6, 2024
(Sanju Samson fans unite, he's got you 🤜🤛) pic.twitter.com/PKgNbLzGDL
സ്മിത്തിനോട് ആദ്യം ആവശ്യപ്പെട്ടത് റിഷഭ് പന്ത്, ഫാഫ് ഡുപ്ലസിസ് എന്നിവരിൽ ഒരു നായകനെ തിരഞ്ഞെടുക്കാൻ ആയിരുന്നു. ഒരുപാട് ചിന്തകൾക്ക് മുതിരാതെ സ്മിത്ത് പന്തിനെ തിരഞ്ഞെടുത്തു. ശേഷം പന്തിനെയും ഋതുരാജിനെയും താരതമ്യം ചെയ്താണ് സ്മിത്ത് അടുത്ത താരത്തെ തിരഞ്ഞെടുത്തത്.
ഋതുരാജിനെക്കാൾ മികച്ച നായകൻ പന്താണ് എന്ന് സ്മിത്ത് ചൂണ്ടിക്കാട്ടുകയുണ്ടായി. നായകൻ എന്ന നിലയിൽ ഋതുരാജിന്റെ ആദ്യ സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. ശേഷം പഞ്ചാബ് നായകനായ ശിഖർ ധവാനുമായി പന്തിനെ താരതമ്യം ചെയ്തപ്പോഴും പന്താണ് മികച്ച നായകൻ എന്ന് സ്മിത്ത് പറഞ്ഞു. ശേഷം തന്റെ സ്വന്തം നായകൻ പാറ്റ് കമ്മിൻസിനെയും പന്തിനെയുമായി താരതമ്യം ചെയ്തപ്പോൾ കമ്മിൻസാണ് മികച്ച നായകൻ എന്നും സ്മിത്തും ചൂണ്ടിക്കാട്ടി.
പിന്നീട് മുംബൈ നായകൻ ഹർദിക് പാണ്ട്യയെ കമ്മിൻസുമായി താരതമ്യം ചെയ്തപ്പോഴും കമ്മിൻസിന്റെ പേരാണ് സ്മിത്ത് പറഞ്ഞത്. ശേഷം ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നീ നായകന്മാരുമായി കമ്മിൻസിനെ താരതമ്യം ചെയ്യുകയും, കമ്മിൻസാണ് മികച്ച നായകൻ എന്ന് സ്മിത്ത് തിരഞ്ഞെടുക്കുകയും ചെയ്തു.
ശേഷമാണ് സഞ്ജുവും കമ്മിൻസും തമ്മിൽ താരതമ്യം ചെയ്യാൻ ആങ്കർ തയ്യാറായത്. ഈ സാഹചര്യത്തിൽ കമ്മിൻസിനേക്കാൾ മികച്ച ഐപിഎൽ നായകൻ സഞ്ജുവാണ് എന്ന് സ്മിത്ത് ഉറച്ചുനിന്നു. ശേഷം കെഎൽ രാഹുലുമായി സഞ്ജുവിനെ താരതമ്യം ചെയ്തെങ്കിലും സഞ്ജു സാംസനാണ് മികച്ചത് എന്ന് സ്മിത്ത് തീരുമാനിക്കുകയായിരുന്നു.