ഔദാര്യമല്ല, സഞ്ജു പൊരുതി നേടിയതാണ് ലോകകപ്പിലെ സ്ഥാനം. രക്ഷയായത് ഐപിഎല്ലിലെ മിന്നുന്ന ഫോം.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ടീമിന്റെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ സ്ക്വാഡിൽ ഇടംപിടിച്ചത്.

ഇതുവരെയുള്ള ഈ ഐപിഎല്ലിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ മറ്റു വിക്കറ്റ് കീപ്പർമാരായ രാഹുലിനെയും ജിതേഷ് ശർമയേയും പിന്നിലാക്കി സെലക്ടർമാരുടെ പ്രശംസ പിടിച്ചുപറ്റാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

സഞ്ജുവിനെ സംബന്ധിച്ച് ലോകകപ്പിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് ഐപിഎല്ലിലെ വമ്പൻ സേവനങ്ങൾക്കുള്ള ഒരു ഉപഹാരം തന്നെയാണ്. ഇതുവരെ രാജസ്ഥാൻ റോയൽസ് ടീമിനെ 9 മത്സരങ്ങളിൽ 8 എണ്ണത്തിലും വിജയത്തിൽ എത്തിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ രാഹുൽ, ദിനേശ് കാർത്തിക്, ജിതേഷ് ശർമ എന്നിവരുമായിയായിരുന്നു സഞ്ജുവിന് ഐപിഎല്ലിൽ മത്സരം ഉണ്ടായിരുന്നത്.

സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഈ വിക്കറ്റ് കീപ്പർമാരെ പിന്നിലെത്തി മുൻപിൽ എത്താൻ സഞ്ജുവിന് സാധിച്ചു. മാത്രമല്ല ഈ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് റേസിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ സഞ്ജു സാംസൺ നിൽക്കുന്നത്.

ഇതുവരെ 2024 ഐപിഎല്ലിൽ 9 മത്സരങ്ങളിൽ നിന്നും 385 റൺസാണ് ഈ കേരള സ്വന്തമാക്കിയിട്ടുള്ളത്. 161 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഈ വെടിക്കെട്ട് പ്രകടനം. 77 റൺസ് ശരാശരിയിലാണ് സഞ്ജു തന്റെ ഇന്നിംഗ്സുകൾ കെട്ടിപ്പടുത്തത്.

സഞ്ജുവിന്റെ ഈ പ്രകടനങ്ങൾക്ക് ശേഷം പല മുൻ താരങ്ങളും പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടെ സമ്മർദ്ദത്തിലാവണം ബിസിസിഐ സഞ്ജുവിനെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. മുൻപ് സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് രംഗത്ത് എത്തിയിരുന്നു.

“ഇപ്പോൾ സഞ്ജു സാംസൺ വളരെ പക്വതയാർന്ന ഇന്നിങ്സുകളാണ് പുറത്തെടുക്കുന്നത്. രാജസ്ഥാൻ ടീമിന് സഞ്ജുവിൽ നിന്ന് ആവശ്യം ഇത്തരം ഇന്നിംഗ്സുകൾ തന്നെയാണ്. ഈ സമയത്ത് എല്ലാ ബാറ്റർമാരും ട്വന്റി20 മത്സരങ്ങളിൽ ഈഗോയെ പറ്റി ചിന്തിക്കുന്നവരാണ്. പക്ഷേ സഞ്ജു സാംസൺ അങ്ങനെയല്ല. തന്റെ ടീമിന് എന്താണോ ആവശ്യം അതാണ് സഞ്ജു സാംസൺ നൽകാൻ ശ്രമിക്കുന്നത്.”

“ഈഗോ എന്നത് സഞ്ജുവിനെ ഒരു മത്സരത്തിലും ബാധിച്ചിട്ടില്ല. തന്റെ ടീമിനെ അവിശ്വസനീയമായ രീതിയിൽ നയിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് സമ്മർദ്ദത്തിൽ ആയിരിക്കുന്ന സമയത്തും സഞ്ജു മൈതാനത്ത് ശാന്തനായി തന്നെ തുടരുന്നു. രാജസ്ഥാന്റെ വിജയത്തിൽ വലിയൊരു ശതമാനം ക്രെഡിറ്റും സഞ്ജു സാംസൺ അർഹിക്കുന്നതാണ്.”- ഫിഞ്ച് പറഞ്ഞു.

Previous articleസഞ്ചുവും റിഷഭ് പന്തും സ്ക്വാഡില്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു.
Next articleമോശം ഫോമിലും പാണ്ഡ്യ തന്നെ ഉപനായകൻ. ഇന്ത്യൻ ടീമിന് നാണമില്ലേ എന്ന് ആരാധകർ.