2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റുകളുടെ പരാജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 172 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ രാജസ്ഥാന് വേണ്ടി ജയസ്വാളും ഹെറ്റ്മയറും റിയാൻ പരഗും അടക്കമുള്ള ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തു.
ഒപ്പം അവസാന ഓവറുകളിൽ പവലിന്റെ കിടിലൻ ഫിനിഷിംഗ് കൂടിയായപ്പോൾ രാജസ്ഥാൻ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാൻ രാജസ്ഥാന് സാധിച്ചു. തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കി പ്ലേയോഫിലെത്തിയ ബാംഗ്ലൂരിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. മത്സരത്തിലെ പരാജയത്തെ പറ്റി ബാംഗ്ലൂർ നായകൻ ഡുപ്ലസിസ് സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും, ഒരു 20 റൺസ് കൂടി സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ മത്സരത്തിൽ വിജയം സ്വന്തമാക്കാമായിരുന്നു എന്നുമാണ് ബാംഗ്ലൂർ നായകൻ പറഞ്ഞത്. “മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ ബാറ്റിംഗിൽ വേണ്ട രീതിയിൽ റൺസ് ഞങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”
“ഒരുപക്ഷേ 20 റൺസ് കൂടി സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അത് ഇവിടെ മികച്ച ഒരു സ്കോറായി മാറിയേനെ. എന്നിരുന്നാലും മികച്ച പ്രകടനത്തിന്റെ പൂർണ്ണമായ ക്രെഡിറ്റ് ഞാൻ എന്റെ സഹതാരങ്ങൾക്ക് നൽകുകയാണ്. എല്ലാവരും വളരെ നല്ല രീതിയിൽ തന്നെ പോരാട്ടം നയിച്ചു. അതുമാത്രമാണ് നമുക്ക് പറയാൻ സാധിക്കുന്നത്.”- ഡുപ്ലസിസ് പറഞ്ഞു.
“സാധാരണ രീതിയിൽ നമ്മൾ പിച്ചിനെ നിരീക്ഷിക്കുകയാണെങ്കിൽ, ഇതൊരു 180 റൺസ് പിറക്കുന്ന പിച്ചാണ് എന്ന് പറയാൻ സാധിക്കും. കാരണം ആദ്യ ഓവറുകളിൽ ബോളിന് സ്വിങ് ലഭിച്ചിരുന്നു. മാത്രമല്ല പിച്ച് കുറച്ച് സ്ലോ കൂടിയായിരുന്നു. പക്ഷേ ഈ സീസണിൽ നമുക്ക് കാണാൻ സാധിച്ച ഒരു കാര്യമുണ്ട്. ഇമ്പാക്ട് പ്ലെയർ നിയമമുള്ളതിനാൽ തന്നെ പല മത്സരങ്ങളിലും അധികമായി റൺസ് ആവശ്യമായി വരുന്നു. മാത്രമല്ല മത്സരത്തിൽ മഞ്ഞുതുള്ളികളുടെ വലിയ സാന്നിധ്യവും ഉണ്ടായിരുന്നു. പക്ഷേ ടീം ഇതുവരെ പുറത്തെടുത്ത പ്രകടനത്തിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നുണ്ട്.”- ഡുപ്ലസിസ് കൂട്ടിച്ചേർത്തു.
“കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിജയം സ്വന്തമാക്കിയാണ് ഞങ്ങൾ കടന്നുവന്നത്. ഇതിനിടെ ഒന്നാം നമ്പറിൽ നിന്ന് പല ടീമുകളും താഴേക്ക് പോവുകയുണ്ടായി. ഇത്തരത്തിൽ കഴിഞ്ഞ 6 മത്സരങ്ങളിലും തുടർച്ചയായി വിജയം നേടി ഞങ്ങളെ മുൻപോട്ടു നയിച്ചത് ഞങ്ങളുടെ സഹതാരങ്ങളുടെ കൃത്യമായ പ്രകടനങ്ങളും ആത്മാർത്ഥതയും തന്നെയാണ്. ഇന്നത്തെ ദിവസത്തിൽ അധികമായി 20 റൺസ് ബാറ്റിംഗിൽ ഞങ്ങൾക്ക് നേടാൻ സാധിച്ചില്ല. അതിനാലാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.”- ഡുപ്ലസിസ് പറഞ്ഞുവെക്കുന്നു.