“ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.

ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ വിവാദ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം മുസ്തഫിസൂർ റഹ്മാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിശകലനത്തിലാണ് യൂനിസ് ഐപിഎല്ലിനെ താറടിച്ചു കാണിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിലൂടെ മുസ്തഫിസൂർ റഹ്മാന് ഒന്നും തന്നെ പഠിക്കാൻ സാധിക്കില്ല എന്നാണ് യൂനിസ് പറഞ്ഞത്. മാത്രമല്ല ഐപിഎല്ലിൽ കൂടുതലായി കളിക്കുന്നതിലൂടെ മുസ്തഫിസുറിന്റെ ഫിറ്റ്നസും ഇല്ലാതാവുന്നു എന്ന് യൂനിസ് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ബംഗ്ലാദേശിന്റെ ട്വന്റി20 പരമ്പരയിലേക്ക് മുസ്തഫിസൂറിനെ തിരികെ വിളിച്ചതെന്നും ഇതോടുകൂടി വ്യക്തമായിരിക്കുന്നു.

മുൻപ് സിംബാബ്വെക്കെതിരായ പരമ്പരയ്ക്കായി മുസ്തഫിസൂറിനെ ബംഗ്ലാദേശ് തിരികെ വിളിച്ചിരുന്നു. ശേഷം ചെന്നൈ സൂപ്പർ കിംഗ്സ്, മുസ്തഫിസൂറിന് ഒരു ദിവസം കൂടി ഐപിഎൽ കളിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം മെയ് ഒന്നിന് പഞ്ചാബ് കിങ്സിനെതിരെ നടക്കുന്ന ചെന്നൈയുടെ മത്സരത്തിൽ കൂടി കളിക്കാനുള്ള അനുവാദം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുസ്തഫിസൂറിന് നൽകുകയുണ്ടായി. പിന്നാലെയാണ് യൂനുസിന്റെ ഈ പരാമർശം.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കളിക്കുന്നതിലൂടെ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ മുസ്തഫിസൂറിന് സാധിക്കും എന്ന രീതിയിൽ വലിയ ചർച്ചകൾ വന്നിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ശരിയല്ല എന്നാണ് യൂനിസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

“മെയ് 1 വരെ ഐപിഎല്ലിൽ കളിക്കാനുള്ള അനുവാദം നമ്മൾ മുസ്തഫിസൂറിന് നൽകി കഴിഞ്ഞു. മെയ്‌ 2ന് അവൻ തിരികെ ടീമിനൊപ്പം ചേരും. ശേഷം അവൻ ബംഗ്ലാദേശിനായി കളിക്കുകയും ചെയ്യും. ഐപിഎല്ലിൽ നിന്ന് ഒന്നുംതന്നെ മുസ്തഫിസുറിന് പഠിക്കാനില്ല. മുസ്തഫിസുറിന്റെ പഠനമൊക്കെയും അവസാനിച്ചതാണ്. ഒരുപക്ഷേ ഐപിഎല്ലിൽ കളിക്കുന്ന ഒരുപാട് താരങ്ങൾക്ക് മുസ്തഫിസൂറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാവും. അതുകൊണ്ട് ബംഗ്ലാദേശിന് യാതൊരു ഗുണവും ലഭിക്കുകയുമില്ല.”- ജലാൽ യൂനുസ് പറഞ്ഞു.

“ഞങ്ങളുടെ വലിയ ആശങ്ക മുസ്തഫിസൂറിന്റെ ഫിറ്റ്നസ് തന്നെയാണ്. ഐപിഎല്ലിൽ അവന്റെ 100% എങ്ങനെയെങ്കിലും നേടിയെടുക്കുക എന്നതാണ് ടീമുകളുടെ ശ്രമം. അവന്റെ ഫിറ്റ്നസ് ആലോചിച്ച് അവർക്ക് യാതൊരുതര തലവേദനയുമില്ല. പക്ഷേ ഞങ്ങൾക്കുണ്ട്. ഇപ്പോൾ മുസ്തഫിസൂറിനെ ഞങ്ങൾ തിരികെ വിളിക്കുന്നത് സിംബാബ്വെയ്ക്കെതിരായ പരമ്പര ഉള്ളതുകൊണ്ട് മാത്രമല്ല. അവന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി അതിനൊപ്പമുണ്ട്. അവൻ ഐപിഎല്ലിൽ ഇനിയും കളിക്കുകയാണെങ്കിൽ അത്തരം പ്ലാനുകൾ യാതൊരു തരത്തിലും പ്രാവർത്തികമാവില്ല.”- ജലാൽ യുനിസ് കൂട്ടിച്ചേർത്തു.

Previous article“സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ “- ഹർഭജൻ പറയുന്നു..
Next articleവേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.