ഏകദിന ലോകകപ്പിൽ രോഹിത് കളിച്ച റോൾ, ട്വന്റി20 ലോകകപ്പിൽ അവൻ കളിക്കും. ഇന്ത്യൻ യുവതാരത്തെ പറ്റി മുൻ താരങ്ങൾ.

ഇന്ത്യയുടെ ട്വന്റി20 ഓപ്പണർ യശസ്വി ജയസ്വാളിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സുനിൽ ഗവാസ്കറും. വരും വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു റോൾ തന്നെ കളിക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് ജയസ്വാൾ എന്ന് ഇരുവരും പറയുകയുണ്ടായി. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഈ സമയത്ത് നടന്ന അഭിമുഖത്തിലാണ് മഞ്ജരേക്കറും ഗവാസ്കറും ജയസ്വാളിനെപ്പറ്റി സംസാരിച്ചത്. ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും വളരെക്കാലത്തേക്ക് മികവ് പുലർത്താൻ സാധിക്കുന്ന ഒരു താരമാണ് ജെയസ്വാൾ എന്ന് ഗവാസ്കർ പറയുകയുണ്ടായി. മാത്രമല്ല മികച്ച തുടക്കമാണ് ജയസ്വാളിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത് എന്നും ഗവാസ്കർ പറഞ്ഞു.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ ജോഫ്ര ആർച്ചറിനെതിരെ വളരെ മികച്ച തുടക്കം തന്നെയാണ് ജയസ്വാളിന് ലഭിച്ചത്. ഒരുപാട് കഴിവുകളുള്ള ഒരു താരമാണ് ജയസ്വാൾ. മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് മുൻനിരയിൽ ഒരു ഇടംകൈ സാന്നിധ്യവും ജയസ്വാൾ നൽകുന്നുണ്ട്. വളരെ ആക്ടീവായ കളിക്കാരൻ തന്നെയാണ് അവൻ. എല്ലാ മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അയാൾ ബോൾ കാണുകയും അടിച്ചകറ്റുകയുമാണ് ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് എല്ലാ ഫോർമാറ്റിലും ഉപയോഗിക്കാവുന്ന ഒരു താരമാണ് ഈ ഇടംകയ്യൻ.”- ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ നിലവിലെ സാഹചര്യങ്ങളെപ്പറ്റി സഞ്ജയ് മഞ്ജരേക്കർ സംസാരിച്ചു. “ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി20 ടീമിനെ കൂടി മൈതാനത്തിറക്കാൻ സാധിക്കും. മറ്റൊരു അന്താരാഷ്ട്ര ടീമിനെതിരെ കളിക്കാൻ പാകത്തിനുള്ള ഒരു ടീം കൂടി നിർമ്മിക്കാനും സാധിക്കും. അതാണ് ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവന. നിലവിൽ ഇന്ത്യയ്ക്ക് തങ്ങളുടെ വെടിക്കെട്ട് സമീപനം പുനർ നിർമ്മിക്കണമെങ്കിൽ ജയസ്വാളിനെ പോലെ ഒരു താരത്തെയാണ് ആവശ്യമായുള്ളത്. എന്താണോ രോഹിത് ശർമ 2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി പുറത്തെടുത്തത്, അത് ട്വന്റി20 ലോകകപ്പിൽ ജയസ്വാളിനും നൽകാൻ സാധിക്കും.”- മഞ്ജരേക്കർ പറഞ്ഞു.

നിലവിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിന് മുൻപായി ഇന്ത്യയ്ക്ക് കേവലം കുറച്ചു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്ക എതിരായ മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് ശേഷം അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്നത്. ശേഷം ഐപിഎൽ നടക്കുകയും, പിന്നീട് ട്വന്റി20 ലോകകപ്പ് എത്തുകയും ചെയ്യും. അതിനാൽ തന്നെ ഇപ്പോൾ സന്തുലിതമായ ഒരു ട്വന്റി20 ടീം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതിനായി യുവ താരങ്ങളെ അണിയിച്ചൊരുക്കാനും ഇന്ത്യ തയ്യാറാവുന്നുണ്ട്.

Previous articleലേലത്തിനു മലയാളി താരങ്ങളും. ടീമുകള്‍ക്കാവശ്യം ഇവരെ.
Next article“കോഹ്ലി കനിഞ്ഞാലേ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിക്കൂ” മുൻ ഇതിഹാസത്തിന്റെ വിലയിരുത്തൽ ഇങ്ങനെ.