ഏകദിന ക്രിക്കറ്റിൽ വലിയ മാറ്റം നിർദേശിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. നിലവിലുള്ള ഏകദിന ഫോർമാറ്റ് വളരെ പതിയെയാണ് സഞ്ചരിക്കുന്നതന്നും ഒരുപാട് ആളുകളെ അത് പിടിച്ചിരുത്തുന്നില്ല എന്നുമാണ് ആരോൺ ഫിഞ്ച് പറഞ്ഞത്.
അതിനാൽ തന്നെ 50 ഓവർ മത്സരങ്ങൾ 40 ഓവർ മത്സരങ്ങളായി ചുരുക്കേണ്ടതുണ്ട് എന്നും ഫിഞ്ച് പറയുന്നു. ഓസ്ട്രേലിയയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് ശേഷമാണ് തന്റെ അഭിപ്രായവുമായി ഫിഞ്ച് രംഗത്ത് എത്തിയത്. ഇതേ സംബന്ധിച്ച് വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ ഉണ്ടാകും എന്ന് താൻ വിശ്വസിക്കുന്നതായി ഫിഞ്ച് പറയുകയുണ്ടായി.
“എന്റെ അഭിപ്രായത്തിൽ ഏകദിന മത്സരങ്ങൾ 40 ഓവറകളായി ചുരുക്കണം. അത്തരം മത്സരങ്ങൾ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിൽ അവർ പ്രൊ40 എന്ന പേരിൽ വലിയൊരു ടൂർണമെന്റ് തന്നെ നടത്തുന്നുണ്ട്. നിലവിലെ ഏകദിന മത്സരങ്ങൾ ഒരുപാട് ദൈർഘ്യമേറിയതായി എനിക്ക് തോന്നുന്നു.
മാത്രമല്ല 50 ഓവറുകൾ ടീമുകൾ പന്തറിയുന്ന വേഗതയും വളരെ കുറവാണ്. മണിക്കൂറിൽ 11ഓ 12ഓ ഓവറുകൾ മാത്രമാണ് ഒരു ടീമിന് ബോൾ ചെയ്യാൻ സാധിക്കുന്നത്. അത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരുപക്ഷേ ഇത് ട്വന്റി20 ക്രിക്കറ്റിന് അനുകൂലമായ രീതിയിലുള്ള പ്രസ്താവനയായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം ആരാധകരെ ആശ്രയിച്ചിരിക്കുന്നതാണ്.”- ഫിഞ്ച് പറയുന്നു.
ഇതേ സംബന്ധിച്ച് മുൻ ഓസ്ട്രേലിയൻ താരം ഫെർഗ്യുസനും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. “എല്ലാ പരമ്പരയും ഇത്തരത്തിൽ 40 ഓവറുകളാക്കി ചുരുക്കണമെന്ന അഭിപ്രായം എനിക്കില്ല. വലിയ ടീമുകൾ പരസ്പരം മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ 50 ഓവർ മത്സരം നൽകുന്ന ഊർജ്ജവും ആവേശവും വളരെ മനോഹരം തന്നെയാണ്. എന്നാൽ ഒരു വമ്പൻ ടീം ഒരു ചെറിയ ടീമുമായി പോരാടുമ്പോൾ ഇത്തരം മാറ്റങ്ങൾ ആവശ്യമാണ്.”
“വെസ്റ്റിൻഡീസ് പോലെയുള്ള ടീമുകൾ ഓസ്ട്രേലിയക്കെതിരെ പോരാടുമ്പോഴും സാഹചര്യം വ്യത്യസ്തമാണ്. വെസ്റ്റിൻഡീസ് അടുത്ത ലോകകപ്പിൽ ഇടം പിടിക്കാനായി ഒരു പോരാട്ടത്തിനാണ് ഇറങ്ങുന്നത്. സാധാരണയിൽ നിന്ന് വിപരീതമായി അവർ ഇപ്പോൾ അത്ര ട്രാക്കിലല്ല. അതിനാൽ തന്നെ ഇത്തരത്തിലുള്ള പരമ്പരകൾ 40 ഓവറുകളാക്കി ചുരുക്കുന്നതാവും ഉത്തമം. അത് ഒരുപാട് മികച്ച മത്സരങ്ങൾ ഉണ്ടാവാൻ കാരണമാവും.”- ഫെർഗ്യുസൻ പറഞ്ഞു.
മുൻപ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയും ഇത്തരത്തിൽ ഏകദിന മത്സരങ്ങൾ 40 ഓവറുകളാക്കി ചുരുക്കണമെന്ന നിർദ്ദേശം രംഗത്ത് കൊണ്ടുവന്നിരുന്നു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ 60 ഓവറുകളായിരുന്നു മത്സരമെന്നും, പിന്നീട് അത് 50 ഓവറുകളായി മാറിയതാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
അതിനാൽ തന്നെ ഇപ്പോൾ മത്സരങ്ങൾ 40 ഓവറുകളാക്കണം എന്നാണ് ശാസ്ത്രീയയുടെ വാദം. കാര്യങ്ങൾ ആരാധകരുടെ ദൃഷ്ടിയിൽ കാണാൻ ഐസിസി ശ്രമിക്കണം എന്നാണ് ശാസ്ത്രീ പറഞ്ഞത്.