എല്ലാ സഹതാരങ്ങൾക്കും തുല്യപ്രാധാന്യം, റോൾ വ്യക്തത. നായകനായുള്ള വിജയത്തെപ്പറ്റി രോഹിത് ശർമ.

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ശക്തമായ ഒരു സ്ക്വാഡിനെ തന്നെയാണ് ഇന്ത്യ ഇത്തവണത്തെയും ട്വന്റി20 ലോകകപ്പിനായി നിശ്ചയിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.

ഇതിന് മുൻപായി ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ സന്നാഹ മത്സരവും കളിക്കും. ഈ ലോകകപ്പിലും വളരെ മികച്ച രീതിയിൽ മുന്നേറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി. വ്യത്യസ്തതരം കളിക്കാരെ ഒരുമിച്ച് ഒരു കുടക്കീഴിൽ മുൻപോട്ടു കൊണ്ടുപോവുക എന്ന വെല്ലുവിളിയാണ് താൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് എന്നും രോഹിത് പറയുന്നു.

“ഏതൊരു ക്യാപ്റ്റനെ എടുത്ത് പരിശോധിച്ചാലും നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. വ്യത്യസ്തതരം കളിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുപോവുക എന്നതാണ് ഒരു നായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എല്ലാ വ്യക്തിഗത കളിക്കാർക്കും വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തമായ ആവശ്യങ്ങളുമാണുള്ളത്.”

“ഒരു ക്യാപ്റ്റൻ ചെയ്യേണ്ടത് ഇതൊക്കെയും കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുക എന്നതാണ്. ഒരു നായകനായതിന് ശേഷം ഞാൻ പഠിച്ച വലിയ കാര്യം എല്ലാ താരങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകണം എന്നതാണ്. അങ്ങനെ സംഭവിച്ചാൽ എല്ലാ താരങ്ങൾക്കും തങ്ങൾ ടീമിന്റെ വലിയൊരു ഭാഗമാണെന്നും പ്രാധാന്യമുള്ള കളിക്കാരനാണെന്നും മനസ്സിലാവും.”- രോഹിത് പറയുന്നു.

“ടീമിലെ ഏതെങ്കിലും ഒരു താരം എന്തെങ്കിലും പ്രശ്നവുമായി നമ്മുടെ മുൻപിലേക്ക് വന്നാൽ നമ്മൾ അത് കൃത്യമായി തന്നെ കേൾക്കേണ്ടതുണ്ട്. മുഴുവനായി അത് ശ്രദ്ധിച്ചശേഷം മാത്രം കൃത്യമായ പരിഹാരം നിർദ്ദേശിക്കുക. ഒരു നായകൻ എന്ന നിലയിൽ മാത്രമല്ല, ഒരു കളിക്കാരൻ എന്ന നിലയിലും ഇതിനായി ഞാൻ തയ്യാറായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ നായകത്വത്തെ നോക്കി കണ്ടത് വേറൊരു നിലയിലാണ്.”

“കൂടുതലായും ഡാറ്റകളും റെക്കോർഡുകളും പരിശോധിക്കുകയും പുതിയ ട്രെൻഡുകൾ മനസ്സിലാക്കുകയും ചെയ്യാൻ എനിക്ക് സാധിച്ചു. കൂടുതൽ സമയവും ഞാൻ ചിലവഴിച്ചത് ഡ്രസ്സിംഗ് റൂമിലായിരുന്നു. മൈതാനത്ത് ഉണ്ടാകുന്ന പ്രത്യേകതകരമായ സാഹചര്യത്തിൽ ഏതുതരത്തിൽ തയ്യാറായിരിക്കണം എന്ന് ഞാൻ അവിടെ നിന്ന് ഉൾക്കൊണ്ടു. അത് എല്ലാ താരങ്ങളും ചെയ്യണമെന്നില്ല. പക്ഷേ എനിക്ക് കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. മൈതാനത്ത് എത്തുമ്പോൾ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എന്റെ കയ്യിൽ ഉണ്ടാവണമെന്ന് എനിക്കുണ്ടായിരുന്നു.”- രോഹിത് കൂട്ടിച്ചേർക്കുന്നു.

‘എല്ലാ കാര്യത്തിനും ഞാൻ ഇങ്ങനെ തന്നെയാണ് തയ്യാറാകാറുള്ളത്. കളിക്കാരുമായി എന്തെങ്കിലും ഒരു പ്രധാന കാര്യം പങ്കു വയ്ക്കണമെന്ന് എനിക്ക് തോന്നിയാൽ ഞാൻ അത് അവരുമായി സംസാരിക്കും. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഞാൻ അവരുമായി പങ്കുവയ്ക്കാറില്ല. എന്നെ സംബന്ധിച്ച് മൈതാനം, എതിരാളികൾ, എതിർ ടീം നമുക്കെതിരെ എങ്ങനെ കളിക്കുന്നു എന്നൊക്കെയുള്ളതും എന്റെ തയ്യാറെടുപ്പുകളെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ട്വന്റി20 ഫോർമാറ്റ് എല്ലായിപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.”

“എല്ലാ താരങ്ങളും വ്യത്യസ്തമായി കളിക്കുകയും ചെയ്യുന്നു. ഓരോ താരങ്ങളുടെയും സ്റ്റൈൽ നമ്മൾ കൃത്യമായി മനസ്സിലാക്കണം. അതനുസരിച്ച് തന്ത്രങ്ങൾ നിർമ്മിക്കണമെന്ന് ഞാൻ ബാറ്റർമാരോടും ബോളർമാരോടും പറയാറുണ്ട്. സാധാരണയായി ഞാൻ കൃത്യമായി വിവരങ്ങൾ ശേഖരിക്കുകയും, അത് പിന്നീട് സഹതാരങ്ങൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.”- രോഹിത് പറഞ്ഞു വെക്കുന്നു.

Previous articleകിരീടനേട്ടം കൊണ്ട് ഒന്നുമായില്ല.. കൊൽക്കത്തയ്ക്ക് ഇനിയും ലക്ഷ്യങ്ങളുണ്ട്.. ഗംഭീർ പറയുന്നു..
Next article“സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ട് മാത്രം ലോകകപ്പ് ജയിക്കാൻ സാധിക്കില്ല”- ദ്രാവിഡിന് ബ്രയാൻ ലാറയുടെ ഉപദേശം.