തന്റെ ക്രിക്കറ്റ് കരിയറിൽ വളരെ മികച്ച തുടക്കം തന്നെയാണ് യുവതാരം മായങ്ക് യാദവിന് ലഭിച്ചിട്ടുള്ളത്. ലക്നൗ സൂപ്പർ ജയന്റ്സിനായി ഐപിഎല്ലലെ തന്റെ ആദ്യ രണ്ടു മത്സരങ്ങളിലും മികവ് പുലർത്താൻ മായങ്ക് യാദവിന് സാധിച്ചു. മാത്രമല്ല ആദ്യ രണ്ടു മത്സരങ്ങളിലെ താരമായി മാറാനും ഈ താരത്തിന് സാധിച്ചിരുന്നു. ബാംഗ്ലൂരിനെതിരായ ലക്നൗവിന്റെ 28 റൺസ് വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് മായങ്ക് യാദവിന്റെ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമായിരുന്നു. മത്സരത്തിൽ തന്റെ പ്രകടനത്തെപ്പറ്റിയും മുൻപോട്ടുള്ള ലക്ഷ്യത്തെപ്പറ്റിയും മായങ്ക് യാദവ് സംസാരിക്കുകയുണ്ടായി.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമായത് കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് എന്ന് മായങ്ക് യാദവ് പറയുകയുണ്ടായി. മാത്രമല്ല ആദ്യ രണ്ടു മത്സരങ്ങളിൽ തന്നെ താരമായി മാറാൻ സാധിച്ചത് വലിയ സന്തോഷം നൽകുന്നു എന്നും മായങ്ക് പറഞ്ഞു. തന്റെ പ്രകടനത്തിലുപരി ടീമിന്റെ വിജയത്തിലാണ് താൻ കൂടുതൽ സന്തോഷിക്കുന്നത് എന്നാണ് മായങ്ക് പറഞ്ഞത്. ഇന്ത്യൻ ടീമിനായി കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നും മായങ്ക് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിന്റെ പല സമയത്തും 150ന് മുകളിൽ പന്തറിഞ്ഞാണ് മായങ്ക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
“എനിക്ക് ഇത് വളരെ സന്തോഷം നൽകുന്നതാണ്. ആദ്യ രണ്ടു മത്സരങ്ങളിലെയും താരമായി മാറാൻ എനിക്ക് സാധിച്ചു. അതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്നത് മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചു എന്നതാണ്. ഇന്ത്യൻ ടീമിനായി കളിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇതൊരു തുടക്കമായി മാത്രമാണ് ഞാൻ കാണുന്നത്. എന്റെ പ്രധാന ലക്ഷ്യത്തിലാണ് ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നത്. മത്സരത്തിൽ ക്യാമറോൺ ഗ്രീനിന്റെ വിക്കറ്റാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറിയത്. ഈ സ്പീഡ് വേണമെങ്കിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് അനുകൂലമായി മാറണം. ഉറക്കം, പരിശീലനം, ഡയറ്റ് എന്നിവയൊക്കെയും നന്നായി മുന്നോട്ടു പോകണം. നല്ല സ്പീഡിൽ പന്തെറിയണമെങ്കിൽ ഒരുപാട് കാര്യങ്ങളിൽ നമ്മൾ മിതത്വം പാലിക്കേണ്ടതുണ്ട്. അതിനാൽ തന്നെ എന്റെ ആരോഗ്യത്തിലാണ് ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നത്.”- മായങ്ക് പറഞ്ഞു.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ നിന്ന് 16 ഡോട്ട് ബോളുകളാണ് മായങ്ക് എറിഞ്ഞത്. മത്സരത്തിൽ 14 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ മായങ്ക് സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറുകളിൽ 181 റൺസ് ആണ് നേടിയത്. ഡികോകിന്റെ തകർപ്പൻ അർത്ഥ സഞ്ചറിയുടെ ബലത്തിലായിരുന്നു ലക്നൗവിന്റെ ഈ മികച്ച പ്രകടനം. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിനെ 28 റൺസകലെ എറിഞ്ഞിടാൻ ലക്നൗവിന് സാധിച്ചു.