ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ നായകൻ ഡുപ്ലസിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂരിന് രക്ഷയായത്. ഒപ്പം വിരാട് കോഹ്ലിയും തരക്കേടില്ലാത്ത പ്രകടനം മത്സരത്തിൽ കാഴ്ചവച്ചു.
എന്നിരുന്നാലും ഇന്നിംഗ്സിന്റെ മധ്യത്തിൽ വലിയ തിരിച്ചടി തന്നെ ബാംഗ്ലൂരിന് നേരിട്ടിരുന്നു. ശേഷം ദിനേശ് കാർത്തിക്കിന്റെ ഉഗ്രൻ ഫിനിഷിംഗ് ബാംഗ്ലൂരിന് രക്ഷയാവുകയായിരുന്നു. ഈ സീസണിലെ ബാംഗ്ലൂരിന്റെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് പരാജയം ഗുജറാത്തിനെ നന്നായി ബാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി മികച്ച തുടക്കം തന്നെയാണ് ബാംഗ്ലൂരിന് ലഭിച്ചത്. മുഹമ്മദ് സിറാജ് ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റുകൾ കണ്ടെത്തി ഗുജറാത്തിനെ തകർക്കുകയുണ്ടായി.
നായകൻ ഗിൽ(2) അടക്കമുള്ളവർ രണ്ടക്കം കാണാതെ മടങ്ങിയതോടെ ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 19 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശേഷം ഷാരൂഖ് ഖാനും ഡേവിഡ് മില്ലറും ചേർന്നാണ് ഗുജറാത്തിന്റെ സ്കോറിംഗ് ഉയർത്തിയത്. മില്ലർ 20 പന്തുകളിൽ 30 റൺസ് നേടിയപ്പോൾ ഷാരൂഖ് 24 പന്തുകളിൽ 37 റൺസ് ആണ് നേടിയത്.
പിന്നീട് രാഹുൽ തിവാട്ടിയ 21 പന്തുകളിൽ 35 റൺസുമായി മികവ് പുലർത്തിയതോടെ ഗുജറാത്ത് മികച്ച സ്കോറിലേക്ക് കുതിച്ചു. പക്ഷേ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഗുജറാത്തിനെ പുറത്താക്കാൻ ബാംഗ്ലൂർ ബോളർമാർക്ക് സാധിച്ചിരുന്നു.
ഇതോടെ ഗുജറാത്ത് കേവലം 147 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് ഒരു വെടിക്കെട്ട് തുടക്കമാണ് നായകൻ വിരാട് കോഹ്ലിയും ഡുപ്ലെസിസും ചേർന്ന് നൽകിയത്. ഇരുവരും പവർപ്ലെയിൽ തന്നെ പൂർണ്ണമായ ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ 18 പന്തുകളിൽ നിന്നായിരുന്നു ഡുപ്ലസിസ് തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്.
ആദ്യ വിക്കറ്റിൽ 35 പന്തുകൾ നേരിട്ട് ഇരുവരും 92 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഡുപ്ലസിസ് മത്സരത്തിൽ 23 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 64 റൺസാണ് നേടിയത്. വിരാട് കോഹ്ലി 27 പന്തുകളിൽ 42 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരൊക്കെയും ദുരന്തമായി മാറിയത് ബാംഗ്ലൂരിന് തിരിച്ചടി സമ്മാനിച്ചു. വിൽ ജാക്സ്(1) മാക്സ്വെൽ(4) ക്യാമറോൺ ഗ്രീൻ എന്നിവരൊക്കെയും രണ്ടക്കം കാണാതെ പുറത്തായി.
ഒരു വിക്കറ്റിന് 99 റൺസ് എന്ന നിലയിൽ നിന്ന് 6 വിക്കറ്റുകൾക്ക് 117 എന്ന നിലയിലേക്ക് ബാംഗ്ലൂർ എത്തുകയായിരുന്നു. ശേഷം ദിനേശ് കാർത്തിക്കാണ് ബാംഗ്ലൂരിനെ കരകയറ്റിയത്. അവസാന നിമിഷങ്ങളിൽ ബാംഗ്ലൂരിനായി പൊരുതിയ കാർത്തിക്ക് 12 പന്തുകളിൽ 21 റൺസ് സ്വന്തമാക്കി. ഇങ്ങനെ ബാംഗ്ലൂർ വിജയം നേടി.