ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് യുവതാരം ധ്രുവ് ജൂറൽ. ടീമിൽ കളിക്കാൻ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റ് വിജയം സ്വന്തമാക്കിയപ്പോൾ വിജയ ശില്പിയായി മാറിയതും ജുറൽ തന്നെയായിരുന്നു. മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യക്കായി മികവ് പുലർത്താൻ ജുറലിന് സാധിച്ചു.
ആദ്യ ഇന്നിങ്സിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ ജുറൽ 90 റൺസ് സ്വന്തമാക്കി. ശേഷം രണ്ടാം ഇന്നിങ്സിലും ജൂറൽ മികച്ചു നിന്നു. ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് മികച്ച ഒരു കൂട്ടുകെട്ടാണ് ജുറൽ ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
ഇന്ത്യയ്ക്കായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ 46 റൺസായിരുന്നു ജൂറൽ സ്വന്തമാക്കിയത്. ശേഷമാണ് റാഞ്ചിയിൽ നടന്ന നാലാം മത്സരത്തിലാണ് ജൂറൽ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന പ്രകടനം കാഴ്ചവച്ചത്. രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടെയും മികച്ച പിന്തുണയാണ് ഇത്തരമൊരു തകർപ്പൻ പ്രകടനം ഇന്ത്യക്കായി കാഴ്ചവയ്ക്കാൻ തന്നെ സഹായിച്ചത് എന്ന് ജൂറൽ പറയുകയുണ്ടായി.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ഇരുവർക്കും നന്ദി പറഞ്ഞുകൊണ്ട് ജൂറൽ പ്രസിദ്ധീകരിച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. രോഹിത് ശർമയും രാഹുൽ ദ്രാവിഡും ജുറലിന്റെ പ്രകടനത്തിൽ വഹിച്ച പങ്ക് എടുത്തു ചൂണ്ടുന്നതാണ് ഈ പോസ്റ്റ്.
“എന്നിൽ വിശ്വാസമർപ്പിച്ചതിന് ഞാൻ രോഹിത് ഭയ്യയ്ക്കും, രാഹുൽ സാറിനും ഒരുപാട് നന്ദി അറിയിക്കുകയാണ്.”- രോഹിത്തിനെയും രാഹുലിനെയും ആലിംഗനം ചെയ്യുന്ന ചിത്രത്തോടൊപ്പം ജൂറൽ തന്റെ X അക്കൗണ്ടിൽ കുറിച്ചതാണ് ഈ വാക്കുകൾ. മറ്റുപല ഇന്ത്യൻ താരങ്ങളും മത്സരത്തിൽ പരാജയമറിഞ്ഞപ്പോൾ ജുറലിന്റെ ഹീറോയിസമാണ് കാണാൻ സാധിച്ചത്.
നാലാം ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യ വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴായിരുന്നു ജൂറൽ ക്രീസിലെത്തിയത്. ശേഷം ഒരു ടെസ്റ്റ് മത്സരത്തിന്റേതായ ശൈലിയിൽ അതിസൂക്ഷ്മമായാണ് ജൂറൽ മുന്നേറിയത്. ഐപിഎല്ലിൽ കണ്ട ജുറലിന്റെ മറ്റൊരു മുഖമാണ് ടെസ്റ്റ് പരമ്പരയിൽ ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളത്.
വരും മത്സരങ്ങളിലും ജൂറൽ ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മുൻപ് വിക്കറ്റ് കീപ്പർ കെഎസ് ഭരതിന് പകരക്കാരനായി ആയിരുന്നു ജുറൽ ഇന്ത്യൻ ടീമിലെത്തിയത്. തുടർച്ചയായി രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം വിക്കറ്റിന് മുൻപിലും, വിക്കറ്റിന് പിന്നിലും കാഴ്ചവയ്ക്കാൻ ജുറലിന് സാധിച്ചിട്ടുണ്ട്.”
“അതിനാൽ ഇന്ത്യ ഇനിയും ജുറലിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ജൂറൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് എന്ന് ഇതിനോടകം തന്നെ മുൻ താരങ്ങളടക്കം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.