ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ലോക ക്രിക്കറ്റ് ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ടൂർണമെന്റാണ് 2024 ട്വന്റി20 ലോകകപ്പ്. 2023 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് വരാനിരിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ കിരീടം.
എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ ഇന്ത്യൻ ആരാധകരെ വളരെയധികം ആശങ്കയിലാക്കുന്നതായിരുന്നു. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ നിന്നും മാറി നിൽക്കും എന്ന രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. എന്നാൽ ഇതേ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ കിർത്തി ആസാദ്. ഇത്തരമൊരു കാര്യം നടന്നിട്ടില്ല എന്നാണ് ആസാദ് പറയുന്നത്.
എന്തുവിലകൊടുത്തും വിരാട് കോഹ്ലി ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ കളിക്കണം എന്നാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പറഞ്ഞത് എന്ന് ആസാദ് കൂട്ടിച്ചേർത്തു. ട്വന്റി20 ലോകകപ്പിൽ കോഹ്ലി ഉൾപ്പെടില്ല എന്ന രീതിയിലുള്ള വാർത്തകൾ പൂർണമായും തിരസ്കരിച്ചാണ് ആസാദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം പറഞ്ഞത്.
“സെലക്ഷൻ കാര്യങ്ങളിൽ ഇത്തരത്തിലുള്ള വിഡ്ഢിത്തമായ നിലപാടുകൾ അനുവദിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ അജിത്ത് അഗാർക്കർ അടക്കമുള്ളവർ കൃത്യമായ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല.”- ആസാദ് പറയുന്നു.
മാത്രമല്ല രോഹിത് ശർമ വിരാടിനെ പറ്റി പറഞ്ഞ കാര്യവും ആസാദ് കുറിക്കുകയുണ്ടായി. “വിരാട് കോഹ്ലിയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ നിന്നും മാറ്റി നിർത്തുന്നതിനെ സംബന്ധിച്ച് രോഹിത് ശർമയോടെ ജയ് ഷാ സംസാരിച്ചിരുന്നു. എന്നാൽ എന്ത് വിലകൊടുത്തും കോഹ്ലി തന്റെ ടീമിൽ വേണം എന്നാണ് രോഹിത് പറഞ്ഞത്. അതിനാൽ കോഹ്ലി ട്വന്റി20 ലോകകപ്പിൽ കളിക്കും എന്നത് ഉറപ്പാണ്. ടീം സെലക്ഷന് മുൻപായി തന്നെ ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവരുന്നതാണ്.”- ആസാദ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം എഡിഷൻ അവസാനിച്ചതിന് ശേഷം തന്നെ ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതാണ്. ഇത്തവണ വെസ്റ്റിൻഡീസും അമേരിക്കയുമാണ് ലോകകപ്പിന് ആതിഥേയരാവുക. ജൂൺ 2 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. 2013ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ശേഷം ഒരു ഐസിസി കിരീടം ഇതുവരെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഈ ബാധ്യത ഇല്ലാതാക്കാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന ഒരു ശക്തമായ ടീം തന്നെയാണ് ഇന്ത്യ ലോകകപ്പിനായി ലക്ഷ്യം വയ്ക്കുന്നത്.