2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തകര്‍പ്പന്‍ പ്രകടനമായിരുന്നു രാജസ്ഥാൻ താരം റിയാൻ പരഗ് കാഴ്ചവെച്ചത്. ടൂർണമെന്റിൽ രാജസ്ഥാനായി മാച്ച് വിന്നിങ് ഇന്നിങ്സുകൾ കളിക്കാൻ പരാഗിന് സാധിച്ചിരുന്നു. എന്നിരുന്നാലും പരാഗിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല.
ഇതിന് ശേഷം ഒരു ശക്തമായ പ്രതികരണവുമായാണ് പരാഗ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏതൊക്കെ ടീമുകൾ ആദ്യ 4 സ്ഥാനങ്ങളിൽ എത്തുമെന്ന ചോദ്യത്തിന് പരാഗ് നൽകിയ ഉത്തരമാണ് ഇപ്പോൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തനിക്ക് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് കാണാൻ താല്പര്യമില്ല എന്നാണ് പരഗ് മറുപടിയായി പറഞ്ഞത്.
താൻ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ മാത്രമേ ആദ്യ 4 സ്ഥാനങ്ങളിൽ എത്തുന്ന ടീമിനെപ്പറ്റി താൻ ചിന്തിക്കൂ എന്ന് പരാഗ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ക്ലിപ്പിലാണ് പരാഗ് ഇക്കാര്യം പറഞ്ഞത്. വീഡിയോയുടെ ആദ്യ ഭാഗത്ത് ഇന്ത്യ ടൂർണമെന്റിൽ ഫേവറേറ്റുകളാണ് എന്ന് പരഗ് പറയുന്നുണ്ട്. അതിന് ശേഷമാണ് ആദ്യ നാലിലെത്തുന്ന ടീമുകളെ സംബന്ധിച്ച് ഇത്തരമൊരു ഉത്തരം പരാഗ് നൽകിയത്.
“ആദ്യ 4 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെ പ്രവചിച്ചാൽ അതൊരു പക്ഷപാതപരമായ ഉത്തരമാകും. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, ഞാനിപ്പോൾ ലോകകപ്പ് കാണാൻ പോലും മുതിരുന്നില്ല. ടൂർണമെന്റിന്റെ അവസാനം ഏത് ടീമാണോ വിജയിക്കുന്നത് എന്ന് മാത്രം കാണാനാണ് എനിക്ക് ആഗ്രഹം. അതിൽ ഞാൻ സന്തോഷവാനാണ്. ഞാൻ ലോകകപ്പ് കളിക്കുന്ന സമയത്ത് മാത്രമേ ആദ്യ നാലിലെത്തുന്ന ടീമുകളെ പറ്റി ചിന്തിക്കൂ.”- പരഗ് പറഞ്ഞു.
മുൻപ് ഇന്ത്യൻ ടീമിൽ കളിക്കാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റി പരഗ് സംസാരിക്കുകയുണ്ടായി. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ വളർന്നു വന്നത് എന്ന് പരാഗ് പറയുകയുണ്ടായി. തന്റെ പിതാവിന്റെ സഹായത്താൽ ഇതുവരെ എത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പരാഗ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഏതെങ്കിലും ഒരു സമയത്ത് അവർക്ക് എന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടി വരും. അതാണ് എന്റെ വിശ്വാസം. ഞാൻ എന്തായാലും ഇന്ത്യക്കായി കളിക്കും. എപ്പോൾ കളിക്കുമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.”- അഭിമുഖത്തിൽ പറഞ്ഞു.
പരാഗിനെ സംബന്ധിച്ച് അവിശ്വസനീയമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസനാണ് അവസാനിച്ചിരിക്കുന്നത്. ഈ വർഷത്തെ ഐപിഎല്ലിൽ 573 റൺസാണ് പരഗ് സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല 150 സ്ട്രൈക്ക് റേറ്റിലാണ് പരഗിന്റെ ഈ നേട്ടം.
2018ൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച പരാഗ് കഴിഞ്ഞ 5 സീസണുകളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നില്ല. ഒരു സീസണിൽ പോലും 200 റൺസിലധികം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ശേഷമാണ് രാജസ്ഥാൻ ഈ ഐപിഎല്ലിൽ പരാഗിനെ നാലാം സ്ഥാനത്തേക്ക് മാറ്റി നിശ്ചയിച്ചത്. ശേഷം തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ചവച്ചത്.