“ഉയർന്ന നിലവാരമുള്ള ബാറ്ററാണവൻ”, രാജസ്ഥാൻ യുവതാരത്തെ പറ്റി സൂര്യകുമാർ യാദവ്.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഇന്ന് ആരംഭിക്കുകയാണ്. 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഒരുപാട് യുവതാരങ്ങളും അനുഭവസമ്പത്തുള്ള താരങ്ങളും അണിനിരക്കുന്ന സ്ക്വാഡാണ് ഇത്തവണ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി20 സ്ക്വാഡിൽ കൂടുതലായി യുവതാരങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറാൻ പരാഗിന് സാധിച്ചിരുന്നു. ശേഷമാണ് പരാഗിനെ ഇന്ത്യ തങ്ങളുടെ ഏകദിന ടീമിലേക്കും ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും കാഴ്ചവച്ച വമ്പൻ പ്രകടനങ്ങളാണ് പരാഗിന് രക്ഷയായത്. ഇപ്പോൾ ഈ താരത്തെ പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ പുതിയ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ്.

സമീപകാലത്ത് ഒരുപാട് ട്രോളുകളും മറ്റും നേരിടേണ്ടി വന്ന താരമാണ് പരാഗ് എന്ന് സൂര്യകുമാർ പറയുകയുണ്ടായി. ഇത്തരത്തിലുള്ള ട്രോളുകൾ എല്ലാ കായികതാരവും ഏറ്റുവാങ്ങിയിട്ടുണ്ടന്നും സൂര്യ കൂട്ടിച്ചേർക്കുന്നു. പരാഗ് ഉയർന്ന നിലവാരമുള്ള താരമാണെന്നും ഇന്ത്യൻ ടീമിൽ ഒരു എക്സ് ഫാക്ടറായി മാറാൻ അവന് സാധിക്കുമെന്നും സൂര്യകുമാർ പറയുകയുണ്ടായി. ട്രോളുകളും മറ്റു കാര്യങ്ങളും മാറ്റിനിർത്തി പരാഗ് പൂർണമായും തന്റെ പ്രകടനത്തിൽ ശ്രദ്ധിക്കണമെന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. കഴിഞ്ഞ 3-4 വർഷത്തെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ച പരാഗ് ടീമിനൊപ്പമുള്ളത് തനിക്ക് സന്തോഷം നൽകുന്നുണ്ട് എന്നും സൂര്യ കൂട്ടിച്ചേർത്തു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

“ക്രിക്കറ്റിൽ മാത്രമല്ല ട്രോളുകൾ ഉണ്ടാവുന്നത്. എല്ലാ കായിക ഇനത്തിലും ഇത്തരത്തിൽ ട്രോളുകൾ ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങളെ ഒരു താരം എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനാണ് പ്രാധാന്യം. മുൻപും ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. നിലവാരത്തിൽ വളരെ ഉയർന്ന താരമാണ് പരാഗ്. അവനിൽ എല്ലായിപ്പോഴും ഒരു എക്സ് ഫാക്ടറുണ്ടെന്ന് ഞാൻ അവനോട് പലപ്പോഴായി പറഞ്ഞു കഴിഞ്ഞു. ബാക്കി കാര്യങ്ങളൊക്കെയും മാറ്റിവെച്ച് അതിൽ കൂടുതലായി ശ്രദ്ധിക്കണമെന്നാണ് എനിക്ക് അവനോട് പറയാനുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിരുന്നു. ഇപ്പോൾ അവൻ ടീമിനൊപ്പമുള്ളത് എനിക്ക് വലിയ സന്തോഷം നൽകുന്നു.”- സൂര്യകുമാർ പറയുന്നു.

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഹർദിക് പാണ്ട്യ വളരെ പ്രധാനപ്പെട്ട ഒരു താരമാണെന്നും സൂര്യകുമാർ പറയുകയുണ്ടായി. “ഹർദിക് പാണ്ട്യയുടെ ഇന്ത്യൻ ടീമിലെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. എല്ലായിപ്പോഴും ആ റോൾ അതേപടി തന്നെ തുടരും. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്കായി മികവ് പുലർത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ആ പ്രകടനങ്ങൾ ഇനിയും അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഇന്ത്യൻ ടീമിനായും മികവ് പുലർത്താൻ ഹർദിക്കിന് സാധിച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ മികച്ച ഒരു ബ്രാൻഡായി മാറാൻ ഹർദിക്കിന് സാധിച്ചിരുന്നു”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.

Scroll to Top