ഗംഭീര്‍ യുഗത്തില്‍ ഗംഭീരമായി ഇന്ത്യ തുടങ്ങി. ആദ്യ ടി20 യില്‍ ഇന്ത്യന്‍ വിജയം 43 റണ്‍സിന്

385461

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഇന്ത്യ. ഒരു സമയത്ത് പരാജയം മണത്ത ഇന്ത്യ ശക്തമായ ബോളിംഗ് പ്രകടനത്തിലൂടെ തിരികെ വന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്കായി ബോളിങ്ങിൽ അക്ഷർ പട്ടേലും അർഷദീപ് സിംഗും റിയാൻ പരാഗും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ബാറ്റിംഗിൽ സൂര്യകുമാർ യാദവും റിഷഭ് പന്തുമാണ് ഇന്ത്യക്കായി തിളങ്ങിയത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുമ്പിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നാളെയാണ് പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരം നടക്കുക.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർക്കാൻ ജയസ്വാളിനും ശുഭമാൻ ഗില്ലിനും സാധിച്ചു. ഇരുവരും ചേർന്ന് പവർപ്ലേ ഓവറുകളിൽ ശ്രീലങ്കക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ജയസ്വാൾ 21 പന്തുകളിൽ 40 റൺസ് സ്വന്തമാക്കിയപ്പോൾ ഗില്‍ 16 പന്തുകളിൽ 34 റൺസാണ് നേടിയത്. ശേഷമെത്തിയ നായകൻ സൂര്യകുമാർ യാദവും തന്റേതായ രീതിയിൽ മൈതാനത്ത് വെടിക്കെട്ട് സൃഷ്ടിച്ചു. റിഷഭ് പന്തിനെയും കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ ഉയർത്താൻ സൂര്യകുമാർ യാദവിന് സാധിച്ചു.

നായകൻ സൂര്യകുമാർ യാദവ് മത്സരത്തിൽ 26 പന്തുകളിൽ 58 റൺസാണ് നേടിയത്. 8 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പന്ത് 33 പന്തുകളിൽ 49 റൺസ് നേടി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ ഒരു ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 213 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്.

ശ്രീലങ്കക്കായി പതിരാന 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്കും വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ ഇന്ത്യൻ ബോളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രീലങ്കയ്ക്ക് സാധിച്ചു. 84 റൺസാണ് ആദ്യ വിക്കറ്റിൽ ശ്രീലങ്ക കൂട്ടിച്ചേർത്തത്.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

27 പന്തുകളിൽ 45 റൺസ് സ്വന്തമാക്കിയ കുശാൽ മെൻഡിസാണ് ആദ്യം ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. പിന്നീട് നിസ്സംഗയും നിറഞ്ഞൊഴുകുകയായിരുന്നു. ഇതോടെ ഇന്ത്യ പൂർണമായും സമ്മർദ്ദത്തിലായി. 48 പന്തുകളിൽ 7 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 79 റൺസാണ് നിസ്സംഗ സ്വന്തമാക്കിയത്. പക്ഷേ മത്സരം കൈവിട്ടു പോകുമെന്ന് തോന്നിയ നിമിഷത്തിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ തിരികെയെത്തി നിർണായകമായ വിക്കറ്റുകൾ സ്വന്തമാക്കി. ഇതോടെ മത്സരത്തിലേക്ക് ഇന്ത്യ അതിവേഗം തിരിച്ചുവരികയായിരുന്നു.

പിന്നീട് സൂര്യകുമാർ യാദവിന്റെ ഒരു കിടിലൻ ക്യാപ്റ്റൻസി തന്ത്രമാണ് കണ്ടത്. മത്സരത്തിന്റെ പതിനേഴാം ഓവർ റിയാൻ പരാഗിന് നൽകാനുള്ള സൂര്യകുമാറിന്റെ നീക്കം വിജയം കാണുകയായിരുന്നു. ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കി ശ്രീലങ്കയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ഇന്ത്യ വിജയത്തിന് അടുത്തേക്ക് നീങ്ങി. പിന്നീട് എല്ലാം ചടങ്ങുകളായി മാറുകയായിരുന്നു. മത്സരത്തിൽ 43 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top