2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുകയാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. എന്നാൽ ആ കണക്ക് ഇത്തവണ വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ലോകകപ്പിനായി പുറപ്പെട്ടിട്ടുള്ളത്. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടക്കുന്ന ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്.
വെസ്റ്റിൻഡീസിലെ സ്പിൻ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്ക് മികവ് പുലർത്താൻ സാധിക്കും എന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. അതിനാൽ തന്നെ ടൂർണമെന്റിന്റെ ഫേവറേറ്റുകളായി ഇന്ത്യയെ പലരും തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിന് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്താണ്.
ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടും എന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. ഫൈനലിൽ ഏകദിന ലോകകപ്പിലെ പരാജയത്തിന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കണക്കുതീർക്കുമെന്നും ശ്രീശാന്ത് പ്രവചിക്കുന്നു. സ്റ്റാർ സ്പോർട്സിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ശ്രീശാന്ത് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. “ഇത്തവണത്തെ ലോകകപ്പ് ഫൈനൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാവും നടക്കുക. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിന് ഇന്ത്യ ഇത്തവണ കണക്ക് വീട്ടും.”- ശ്രീശാന്ത് പറയുകയുണ്ടായി.
എന്നാൽ ഇത്തവണയും ഗംഭീര ടീമുമായാണ് ഓസ്ട്രേലിയ മൈതാനത്ത് എത്തുന്നത്. വലിയൊരു പട തന്നെയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായി ശക്തി പുലർത്താൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല കരുത്തുറ്റ ഓൾറൗണ്ടർമാരും ഇത്തവണ ഓസ്ട്രേലിയയുടെ ശക്തിയാണ്.
ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് എന്നീ ഓൾറൗണ്ടർമാർ എല്ലാവരും ഓസ്ട്രേലിയയ്ക്ക് വലിയ കരുത്ത് തന്നെ നൽകുന്നുണ്ട്. അതിനാൽ തന്നെ ഈ ടൂർണമെന്റിലും ഓസ്ട്രേലിയ മികവ് പുലർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന ഘട്ടത്തിലെ മിച്ചൽ സ്റ്റാർക്ക് അടക്കമുള്ളവരുടെ ബോളിംഗ് പ്രകടനങ്ങൾ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകുന്നു.
മറുവശത്ത് ഇന്ത്യയുടെ ടീം പേപ്പറിൽ ശക്തരാണെങ്കിലും, താരങ്ങളുടെ ഫോം ആശങ്ക ഉയർത്തുന്നു. വിരാട് കോഹ്ലി ഒഴുകിയുള്ള മറ്റൊരു ബാറ്റർമാർ ആരും ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചിരുന്നില്ല. നായകൻ രോഹിത് ശർമ അടക്കമുള്ളവർ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ ഫ്ലോപ്പ് ആയിരുന്നു.
മികച്ച പ്രകടനത്തിന് ശേഷം ടീമിലെത്തിയ പല താരങ്ങളും പിന്നീട് മോശം പ്രകടനം ആവർത്തിക്കുന്നതാണ് കാണാൻ സാധിച്ചത്. ബോളിങ് നിരയിൽ ഇന്ത്യയ്ക്ക് വിശ്വാസതയുള്ളത് ജസ്പ്രീറ്റ് ബുമ്രയാണ്. അർഷദീപ് സിംഗും മുഹമ്മദ് സിറാജും ഇന്ത്യയുടെ തുറപ്പ് ചീട്ടുകളാണെങ്കിലും സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. ഈ പോരായ്മകൾ നികത്തി ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.