അമേരിക്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ 110 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 4 വിക്കറ്റുകൾ നേടിയ അർഷദീപ് സിങ്ങാണ് ഇന്ത്യൻ ബോളിങ് നിരയിൽ മികവ് പുലർത്തിയത്
മറുപടി ബാറ്റിംഗിൽ ഇന്ത്യ ഇന്നിംഗ്സിന്റെ പല സമയത്തും പതറുകയുണ്ടായി. പക്ഷേ സൂര്യകുമാർ യാദവ് അർത്ഥ സെഞ്ച്വറിയുമായി പക്വതയാർന്ന പ്രകടനം കാഴ്ചവച്ചതോടെ മത്സരത്തിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കി. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
ഇത്തരത്തിൽ ദുർഘടമായ ഒരു മത്സരമാണ് നടക്കാൻ പോകുന്നത് എന്ന് തനിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. “മത്സരം പ്രയാസകരമായിരിക്കും എന്നെനിക്ക് അറിയാമായിരുന്നു. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ സഹതാരങ്ങൾക്ക് നൽകുകയാണ്. കാരണം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും പക്വത പുലർത്തി കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ ടീമിന് സാധിച്ചു. സൂര്യകുമാറും ശിവം ദുബയും മത്സരത്തിൽ പക്വത പുലർത്തുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
അവർ പ്രത്യേക ക്രെഡിറ്റ് അർഹിക്കുന്നു. അമേരിക്കൻ നിരയിലുള്ള പല താരങ്ങളോടൊപ്പം ഞങ്ങൾ കളിച്ചിട്ടുണ്ട്. അവർ ഇത്തരത്തിൽ പുരോഗമനങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നു. കഴിഞ്ഞ വർഷം മേജർ ലീഗ് ക്രിക്കറ്റിലും ഈ താരങ്ങളുടെ പ്രകടനം കണ്ടിരുന്നു. ഒരുപാട് കഠിന പ്രയത്നത്തിൽ ഏർപ്പെടുന്നവരാണ് ഇവരൊക്കെയും.”- രോഹിത് ശർമ പറയുന്നു.
“മത്സരത്തിൽ ബോളർമാർക്ക് സഹായം ലഭിക്കുമെന്ന കാര്യം ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഇവിടെ റൺസ് കണ്ടെത്തുക എന്നത് ദുർഘടമാണ്. ബോളർമാർ എല്ലാവരും മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി പൂർത്തിയാക്കി. പ്രത്യേകിച്ച് അർഷദീപ് സിംഗ്. ദുബെയുടെ ബോളിങ് ചില സമയത്ത് ഞങ്ങൾക്ക് ആവശ്യമായി വന്നേക്കും. അങ്ങനെയുള്ളപ്പോൾ അവനെ ഉപയോഗിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ന് പിച്ച് സീമർമാർക്ക് അനുകൂലമായാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ദുബെയ്ക്ക് ബോൾ നൽകിയത്.”- രോഹിത് കൂട്ടിച്ചേർത്തു.
“സൂപ്പർ 8 റൗണ്ടിലേക്ക് എത്താൻ സാധിച്ചത് വലിയ ആശ്വാസം തന്നെയാണ്. ഇവിടെ ക്രിക്കറ്റ് കളിക്കുക എന്നത് അത്ര അനായാസ കാര്യമല്ല. 3 മത്സരങ്ങളിലും ഞങ്ങൾ അവസാനം വരെ വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും ഈ വിജയങ്ങൾ ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്. സൂര്യകുമാറിനുള്ളിൽ മറ്റൊരു വ്യത്യസ്ത മത്സരമുണ്ട് എന്ന് അവൻ ഇതിനോടകം തന്നെ കാട്ടിത്തന്നു. അനുഭവസമ്പത്തുള്ള താരങ്ങളിൽ നിന്ന് നമ്മൾ ഇത്തരം പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതാണ്. മത്സരം അവസാന ഓവറുകളിൽ എത്തിക്കാനായി അവൻ നടത്തിയ ശ്രമത്തിന് ഒരുപാട് ക്രെഡിറ്റ് നൽകാനുണ്ട്.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.