രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ചിട്ടയായ പരിശ്രമങ്ങളാണ് 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. 2023 ലോകകപ്പിലെ പരാജയത്തിന് ശേഷം ഒരുപാട് പഴികൾ കേൾക്കേണ്ടിവന്ന പരിശീലകനാണ് രാഹുൽ ദ്രാവിഡ്. ഒരു സമയത്ത് രാഹുൽ ദ്രാവിഡിനെയും രോഹിത് ശർമയേയും ഇന്ത്യയെ മാറ്റി നിർത്തണമെന്ന് പോലും വിമർശകർ പറയുകയുണ്ടായി.
എന്നാൽ എല്ലാവർക്കുമുള്ള മറുപടി ഈ കിരീട നേട്ടത്തിലൂടെ രോഹിത്തും ദ്രാവിഡും നൽകിയിരിക്കുകയാണ്. ഏതൊരു ടീമംഗത്തേക്കാളും ഈ കിരീടം ഏറ്റവുമധികം അർഹിച്ചിരുന്നത് രാഹുൽ ദ്രാവിഡാണ് എന്ന് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
കഴിഞ്ഞ 25 വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിനായി വലിയ സംഭാവനകൾ തന്നെ ദ്രാവിഡ് നൽകിയിട്ടുണ്ട് എന്നാണ് രോഹിത് ശർമ പറഞ്ഞത്. ദ്രാവിഡിന് അവശേഷിച്ചത് ഈ കിരീടം മാത്രമായിരുന്നു എന്ന് രോഹിത് ശർമ പറയുന്നു.
“ഞങ്ങളെക്കാൾ എല്ലാമുപരി ഈ ലോകകപ്പ് കിരീടം അർഹിച്ചത് രാഹുൽ ദ്രാവിഡാണ്. കഴിഞ്ഞ 20- 25 വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിനായി ഒരുപാട് സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഇത്തരമൊരു കിരീടം മാത്രമായിരുന്നു രാഹുലിന് ഇതുവരെ ഇല്ലാതിരുന്നത്. അദ്ദേഹത്തിനായി ഇത്തരമൊരു കിരീടം സ്വന്തമാക്കാൻ സാധിച്ചതിൽ ഞങ്ങൾക്കെല്ലാവർക്കും വലിയ സന്തോഷമുണ്ട്. ഈ വിജയത്തിൽ അദ്ദേഹം എത്രമാത്രം അഭിമാനം കൊള്ളുന്നുണ്ടെന്നും എത്രമാത്രം ആവേശഭരിതനാണെന്നും നമുക്ക് കാണാൻ സാധിക്കും.”- രോഹിത് പറഞ്ഞു.
സാധാരണ രീതിയിൽ വിജയങ്ങൾക്ക് ശേഷം വികാരഭരിതനാവാത്ത താരമാണ് രാഹുൽ ദ്രാവിഡ്. എന്നാൽ ലോകകപ്പിലെ വിജയത്തിന് ശേഷം ദ്രാവിഡ് അങ്ങേയറ്റം വികാരം കൊള്ളുകയുണ്ടായി. ട്രോഫിയുമായി അലറി വിളിക്കുന്ന ദ്രാവിഡിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ കോച്ച് എന്ന നിലയിൽ ദ്രാവിഡിന്റെ അവസാനത്തെ അസൈമെന്റ് ആയിരുന്നു 2024 ട്വന്റി20 ലോകകപ്പ്.
2003 ഏകദിന ലോകകപ്പിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. പക്ഷേ ഫൈനൽ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെടുകയുണ്ടായി. ശേഷം 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നായകനായിരുന്നു ദ്രാവിഡ്. എന്നാൽ ആ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
ശേഷം 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോഴും ദ്രാവിഡ് ടീമിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ലെജൻഡ് താരങ്ങളിൽ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ഒരാൾ ദ്രാവിഡ് തന്നെയായിരുന്നു. ഈ കടമാണ് രോഹിത് ശർമയും ടീമും ഇപ്പോൾ വീട്ടിലിരിക്കുന്നത്. “ഈ വിജയം ഞങ്ങളുടെ ശക്തമായ ബോണ്ടിന്റെയും മനോഭാവത്തിന്റെയും ഫലമായാണ് ഞാൻ കാണുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു അഭിമാന നിമിഷമാണ്. ഞാൻ വളരെ ആവേശത്തിലാണ്. രാഹുലിനായി ഞങ്ങൾക്കിത് നേട്ടണമായിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.